ബ്രിട്ടീഷ് മന്ത്രിസഭയില്‍ രാജി പരമ്പര; ബോറിസ് ജോണ്‍സണ് പകരം ജെറമി ഹണ്ട് ഫോറിന്‍ സെക്രട്ടറി സ്ഥാനത്തേക്ക്

ബ്രിട്ടീഷ് മന്ത്രിസഭയില്‍ രാജി പരമ്പര; ബോറിസ് ജോണ്‍സണ് പകരം ജെറമി ഹണ്ട് ഫോറിന്‍ സെക്രട്ടറി സ്ഥാനത്തേക്ക്
July 10 05:31 2018 Print This Article

ബ്രിട്ടീഷ് മന്ത്രിസഭയിലെ പ്രമുഖരുള്‍പ്പെടെ രാജിവെച്ച സാഹചര്യത്തില്‍ പുനഃസംഘടനയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റ് നയത്തില് പ്രതിഷേധിച്ചാണ് ബ്രെക്‌സിറ്റ് സെക്രട്ടറിയായിരുന്ന ഡേവിഡ് ഡേവിസും ഫോറിന്‍ സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സണും രാജിവെച്ചത്. ഇവരെക്കൂടാതെ ജൂനിയര്‍ മന്ത്രിമാരും രാജി നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ജെറമി ഹണ്ടിനാണ് ഫോറിന്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. കള്‍ച്ചര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനായി.

2019 മാര്‍ച്ച് 29നാണ് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറേണ്ടത്. എന്നാല്‍ ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ഇരു പക്ഷങ്ങളും നടത്തി വരുന്ന ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവില്‍ പോലും ഇക്കാര്യത്തില്‍ കടുത്ത ആശയവ്യത്യാസങ്ങള്‍ നിലവിലുണ്ട്. വെള്ളിയാഴ്ച ചെക്കേഴ്‌സില്‍ നടന്ന പ്രധാനമന്ത്രിയുടെ കണ്‍ട്രി റിട്രീറ്റില്‍ യൂറോപ്യന്‍ യൂണിയനും യുകെയും തമ്മിലുള്ള ഭാവി ബന്ധങ്ങളെക്കുറിച്ച് ഒരു രൂപരേഖ ക്യാബിനറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതനുസരിച്ച് പ്രധാനമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നാണ് ഫോറിന്‍ സെക്രട്ടറി ചുമതലയിലെത്തിയതിനു പിന്നാലെ ജെറമി ഹണ്ട് പ്രഖ്യാപിച്ചത്.

എന്നാല്‍ ക്യാബിനറ്റ് അംഗീകരിച്ച ഈ പോസ്റ്റ് ബ്രെക്‌സിറ്റ് ട്രേഡ് പ്രൊപ്പോസലുകള്‍ രാജ്യത്തെ യൂറോപ്യന്‍ യൂണിയന്റെ കോളനിയായി മാറ്റുമെന്നാണ് രാജിക്കത്തില്‍ ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാണിക്കുന്നത്. ആവശ്യമില്ലാത്ത സംശയങ്ങളുടെ പേരില്‍ ബ്രെക്‌സിറ്റ് സ്വപ്‌നം മരിക്കുകയാണെന്നും ഒരു സെമി ബ്രെക്‌സിറ്റിലേക്കാണ് യുകെ നീങ്ങുന്നതെന്നുമാണ് ജോണ്‍സണ്‍ പരിഭവിക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം യൂറോപ്യന്‍ യൂണിയന്‍ സംവിധാനത്തിനു കീഴില്‍ യുകെയുടെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന അവസ്ഥ ഇതോടെ സംജാതമാകുമെന്നും ജോണ്‍സണ്‍ പറയുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles