ജേഴ്‌സി: ആശുപത്രി വെയിറ്റിംഗ് ഏരിയയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്ത്രീയെ അന്വേഷിച്ച് ജേഴ്‌സി പോലീസ്. ഇന്നലെ പുലര്‍ച്ചെ 5.40ഓടെയാണ് ആശുപത്രി ജീവനക്കാര്‍ ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി പോലും ഉണങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും കുട്ടിയുടെ അമ്മ എത്രയും വേഗം സമീപിക്കണമെന്നും ജേഴ്‌സി ഹോസ്പിറ്റലിലെ ജീവനക്കാരും ഡോക്ടര്‍മാരും അഭ്യര്‍ത്ഥിച്ചു.

സിസിടിവി ക്യാമറകളില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സെന്റ് ഹീലിയര്‍ മേഖലയിലെ പരേഡ് ഗാര്‍ഡനിലൂടെ രണ്ട് സ്ത്രീകള്‍ നടന്നു വരുന്നതും അതിലൊരാള്‍ കുഞ്ഞുമായി ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. 5.40ഓടെ ഇവര്‍ തിരിച്ചുപോകുമ്പോള്‍ കയ്യില്‍ കുഞ്ഞ് ഉണ്ടായിരുന്നില്ല. പുറത്തു കാത്തു നിന്നിരുന്ന സ്ത്രീക്കരികില്‍ ഇവര്‍ എത്തുകയും തിരികെ നടന്നു പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കുഞ്ഞിന്റെ അമ്മയുടെ അവസ്ഥ എന്തായിരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആശുപത്രി സൂപ്പറിന്‍ഡെന്റന്റ് ജെയിംസ് വീല്‍മാന്‍ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്ത്രീ എത്തുന്നതിന് മുമ്പായി ഒരാള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയിരുന്നു. ക്യാഷ് പോയിന്റില്‍ ഒരു സ്ത്രീ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇവരോട് കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള ശ്രമങ്ങളിലാണ് പോലീസ്. കുട്ടിയുടെ അമ്മയ്ക്ക് മെഡിക്കല്‍ സഹായവും മാനസിക പിന്തുണയും നല്‍കാന്‍ തയ്യാറാണെന്നും ആശുപത്രിയധികൃതര്‍ വ്യക്തമാക്കി.