കാണാതായ പത്തനംതിട്ട സ്വദേശിനി ജെസ്നയ്ക്കായി ഇടുക്കി ജില്ലയിലെ വനമേഖലയിൽ തിരച്ചിൽ. മൂന്ന് ജില്ലകളിൽനിന്നുള്ള 100 പൊലീസുകാരെ പങ്കെടുപ്പിച്ചാണ് തിരച്ചിൽ. 10 പൊലീസുകാർ വീതമുള്ള 10 സംഘങ്ങളാണു തിരച്ചിൽ നടത്തുന്നത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിൽ സ്ക്വാഡുകളായി തിരിഞ്ഞാണു തിരച്ചിൽ. ബന്ധുക്കളുടെ ആവശ്യപ്രകാരമാണിത്.

ഇടുക്കി ജില്ലയിൽ പരുന്തുംപാറ, മത്തായിക്കൊക്ക, പാഞ്ചാലിമേട് ഉൾപ്പെടെ ഏഴു സ്ഥലത്തും കോട്ടയം ജില്ലയിലെ പൊന്തൻപുഴ, 27ാം മൈൽ, മുണ്ടക്കയം എന്നിവിടങ്ങളിലുമാണു തിരച്ചിൽ. ഒരു എസ്ഐയുടെ നേതൃത്വത്തിൽ ഒൻപതു പൊലീസുകാരും ഗൈഡുമാണു സംഘത്തിലുള്ളത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നുള്ള പൊലീസുകാരാണു സംഘത്തിൽ ഉള്ളത്. ഒരു ഡിവൈഎസ്പി, അഞ്ച് സിഐമാർ എന്നിവരും സംഘത്തിലുണ്ട്. എരുമേലിയിൽനിന്നു മുണ്ടക്കയത്തേക്കുള്ള ബസിലാണ് ജെസ്ന അവസാനമായി യാത്ര ചെയ്തത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണു തിരച്ചിൽ വനമേഖലയിലേക്കും വ്യാപിപ്പിച്ചത്. തിരച്ചിലിന് എൻസിസി, എൻഎസ്എസ് വളണ്ടിയേഴ്സുമുണ്ട്. പീരുമേട് മത്തായിക്കൊക്കയിൽ ഇവർ പരിശോധനയ്ക്കിറങ്ങി.