കവന്‍ട്രി: കനത്ത ശൈത്യത്തില്‍ അമര്‍ന്നിരിക്കുന്ന ബ്രിട്ടനിലെ മലയാളികള്‍ക്ക് ദുഖത്തിന്റെ നോവുകള്‍ നല്‍കിക്കൊണ്ട് മറ്റൊരു മലയാളി മരണം കൂടി. ക്യാന്‍സര്‍ ബാധിതയായി കഴിഞ്ഞ കുറെ നാളുകളായി ചികിത്സയില്‍ ആയിരുന്ന കവന്ട്രിയിലെ ജെറ്റ്സി ആന്റണിയാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ക്യാന്‍സര്‍ മൂലം യുകെയില്‍ മരണമടയുന്ന മൂന്നാമത്തെ മലയാളിയാണ് ജെറ്റ്സി. വെള്ളിയാഴ്ച രാത്രി ക്രോയിഡോണില്‍ സക്കറിയ വര്‍ഗീസ് രക്താര്‍ബുദം ബാധിച്ചു മരിച്ചതിനു വെറും മുപ്പതു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കാണ് ജെറ്റ്സിയുടെ മരണ വിവരം എത്തുന്നത്. കഴിഞ്ഞ ആഴ്ച മിഡില്‍സ്ബറോയില്‍ ബെന്നി മാത്യു മരണമടഞ്ഞതും ക്യാന്‍സറിന്റെ പിടിയില്‍ അമര്‍ന്നായിരുന്നു.

നിരവധി മലയാളികള്‍ താമസിക്കുന്ന കവന്‍ട്രിയില്‍ ഒരു മലയാളി മരിക്കുന്നത് ഇത് ആദ്യമാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് 45 കാരിയായ ജെറ്റ്‌സി മരണാമടയുന്നത്. കോട്ടയം മൂഴുര്‍ പറമ്പോക്കാത്തു തോമസുകുട്ടിയാണ് ഭര്‍ത്താവ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഏതാനും നാളുകളായി ആശുപത്രിയിലായിരുന്നു ജെറ്റ്‌സി. എന്നാല്‍ ചികിത്സ കൊണ്ട് പ്രയോജനം ഇല്ലെന്നു ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചിരുന്നതിനാല്‍ നാട്ടില്‍ നിന്നും ജെറ്റ്സിയുടെ ‘അമ്മ കഴിഞ്ഞ ദിവസം എത്തിയതായാണ് വിവരം. മരണ സമയത്ത് അമ്മയും മറ്റുള്ളവരും ജെറ്റ്സിയുടെ സമീപത്ത് ഉണ്ടായിരുന്നു.

ജെറ്റ്സിയുടെ രോഗ നില വഷളായതിനെ തുടര്‍ന്ന് ആശ്വാസമേകാന്‍ സഹോദരി ഏതാനും ആഴ്ച മുന്‍പേ പരിചരിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് അമ്മയും സഹോദരനും കൂടി എത്തിച്ചേര്‍ന്നു. പ്രിയപ്പെട്ടവരെ ഒക്കെ അവസാനമായി ഒരു നോക്ക് കണ്ട ആശ്വാസത്തില്‍ ആണ് ജെറ്റ്സി യാത്രയായത്. മരണത്തിന്റെ വേദനയിലും ജെറ്റ്സിയുടെ കുടുംബത്തിനും ആശ്വാസമായി അമ്മയുടെയും സഹോദരങ്ങളുടെയും സാന്നിധ്യം. ജെറ്റ്സിയ്ക്ക് മൂന്ന് മക്കളാണ്. വിദ്യാര്‍ത്ഥികളായ ജെറ്റ്‌സണ്‍ തോമസ്, ടോണി തോമസ്, അനിറ്റ തോമസ് എന്നിവരാണ് ജെറ്റ്സിയുടെ മക്കള്‍.

ആശുപത്രി അധികൃതര്‍ രോഗം വഷളായതിനെ തുടര്‍ന്ന് പാലിയേറ്റിവ് ചികിത്സ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ജെറ്റ്സിയുടെ കൂടി താല്‍പര്യത്തോടെ വീട്ടിലേക്കു മടങ്ങുക ആയിരുന്നു. മരണം നടന്നു ഏറെ വൈകാതെ ഡോക്ടര്‍ എത്തി സ്ഥിരീകരണം നടത്തിയ ശേഷം മൃതദേഹം ഇപ്പോള്‍ ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഏറ്റെടുത്തിരിക്കുകയാണ്. മരണം നടന്ന ഉടന്‍ തന്നെ വൈദികന്‍ അടക്കമുള്ളവര്‍ വീട്ടിലെത്തി പ്രിയപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ പ്രാര്‍ത്ഥനയും നടത്തിയിരുന്നു. ശവസംസ്‌ക്കാരം സംബന്ധിച്ച അന്തിമ തീരുമാനം കുടുംബം വൈകാതെ കൈകൊള്ളുമെന്നാണ് സൂചന.

ജെറ്റ്സിയുടെ കുടുംബാംഗങ്ങളുടെയും ഉറ്റവരുടെയും വേദനയില്‍ മലയാളം യുകെ ന്യൂസ് ടീമും പങ്ക് ചേരുന്നു.