പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദി യുകെയിൽ അഭയം തേടിയെന്ന് റിപ്പോർട്ട്. രാഷ്ട്രീയ അഭയം നൽകണമെന്നാവശ്യപ്പെട്ടാണ് നീരവ്മോദി യുകെ കോടതിയെ സമീപിച്ചതെന്നാണ് വിവരം. റോയിട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. വ്യാജ രേഖകൾ നൽകി പിഎൻബിയിൽ നിന്ന് 13,000 കോടിരൂപയുടെ തട്ടിപ്പുനടത്തിയ കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് ഇ‍യാൾ യുകെയിലേക്ക് കടന്നത്.

കേസിൽ അറസ്റ്റ് ഭയന്ന് ജനുവരിയിലാണ് നീരവ് മോദി ഇന്ത്യവിട്ടത്. ആദ്യം യുഎഇയിലേക്കും പിന്നീട് ഹോങ്കോംഗിലേക്കും കടന്നതിനു ശേഷമാണ് ഇയാൾ ഇപ്പോൾ യുകെയിൽ അഭയം തേടിയിരിക്കുന്നത്. അതേസമയം, സ്വകാര്യ കേസുകളിലെ വിവരങ്ങൾ കൈമാറാൻ ആകില്ലെന്ന് ബ്രിട്ടൻ, ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാൽ നീരവ് യുകെയിലെത്തിയെന്നതിന് ഇതുവരെ സ്ഥിരീകരണമായിട്ടില്ല.

സമാനമായ തട്ടിപ്പു കേസിൽ കിംഗ്ഫിഷർ എയർലൈൻസ് ഉടമയും മദ്യവ്യവസായിയുമായിരുന്ന വിജയ്മല്യയും യുകെഎയിലേക്ക് കടന്നിരിന്നു. മല്യയെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്രം പരിശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.

വ്യക്തികളെക്കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണ് ബ്രിട്ടീഷ് ഹോം ഓഫീസ് അറിയിച്ചിരിക്കുന്നത് എന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നീരവ് മോദിയുടേയും അമ്മാവന്‍ മെഹുല്‍ ചോസ്‌കിയുടേയും ഉടമസ്ഥതയിലുള്ള ജ്വല്ലറി ഗ്രൂപ്പുകളാണ് തട്ടിപ്പ് നടത്തിയത്. നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മുന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മേധാവി ഉഷ അനന്ത സുബ്രഹ്മണ്യം എന്നിവരുള്‍പ്പെടെ 25 ഓളം പേര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രിട്ടനോട് എക്‌സ്ട്രാഡിഷന്‍ നടപടി ആവശ്യപ്പെടുന്നതിന് മുമ്പ് അന്വേഷണ ഏജന്‍സികള്‍ തങ്ങളെ ബന്ധപ്പെടുന്നതിനായി കാത്തിരിക്കുകയാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞിരിക്കുന്നത്. നേരത്തെ വായ്പ എടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നിരുക്കെയാണ് മറ്റൊരു സാമ്പത്തിക കുറ്റവാളി കൂടി ബ്രിട്ടനില്‍ അഭയം തേടുന്നത്.