കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ കുറ്റവാളി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ശിക്ഷ പ്രസ്താവം കോടതി നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെ വാദം ഏറെ നീണ്ടു. ഉച്ചഭക്ഷണത്തിനായി ഒരുമണിക്ക് പിരിയേണ്ട കോടതിക്ക് അതിനു കഴിഞ്ഞില്ല. ഒന്നരയോടെയാണ് രണ്ടു ഭാഗത്തിന്റെയും വാദം പൂര്‍ത്തിയായത്. ശിക്ഷാവിധി സംബന്ധിച്ച വാദം ഇതാദ്യമായാണ് ഇത്രയും നേരം നീളുന്നത്. ഇതോടെയാണ് ശിക്ഷ നാളത്തേക്ക് മാറ്റിയത്. നാളെ രാവിലെ 11 മണിക്ക് തന്നെ വിധി ഉണ്ടായേക്കും.

ആദ്യം അമീര്‍ ഉള്‍ ഇസ്ലാമിന് പറയാനുള്ളതാണ് കോടതി കേട്ടത്. ജിഷയെ തനിക്ക് മുന്‍ പരിചയമില്ല. തനിക്കെതിരെ തെറ്റായ കുറ്റമാണ് ചുമത്തിയതെന്ന് അമിര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞു. തനിക്ക് അസമീസ് ഭാഷ മാത്രമേ അറിയു. അതുകൊണ്ട് അസം അറിയാവുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേന്ദ്ര ഏജന്‍സി കേസ് തുടരന്വേഷിക്കണമെന്നും അമീര്‍ പറഞ്ഞു. പ്രതി പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളും അന്വേഷിക്കേണ്ടതാണെന്നും അമീറിനു വേണ്ടി അഡ്വ.ബി.എ ആളൂര്‍ കോടതിക്കു മുമ്പാകെ ഉന്നയിച്ചു.

എന്നാല്‍ ഈ ഘട്ടത്തില്‍ ശിക്ഷയിലുള്ള വാദമാണ് നടക്കുന്നത്. അതെകുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചു. ആവശ്യമെന്ന് കണ്ടാല്‍ വിധി പറഞ്ഞശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

അതേസമയം, കുറ്റവാളി ഒരു സഹതാപവും അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതി ചെയ്ത കുറ്റകൃത്യം അത്തരത്തിലുള്ളതാണെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. ഒരു തവണ കുത്തിയത് ശരീരത്തിലൂടെ കടന്ന് കരള്‍ തുളച്ച് നട്ടെല്ല് വരെ എത്തി. 33 തവണ മുറിവുകള്‍ ഏറ്റ പാടുകള്‍ ജീഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഉന്നത ബിരുദധാരിയായ ഒരു യുവതിയോടാണ് ലൈംഗിക വൈകൃതത്തിനു വേണ്ടി ഇത്തരം ക്രൂരത കാണിച്ചതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യം ചെയ്തശേഷം ഒളിവില്‍ പോകുന്നവരെ പിടികൂടാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് കോടതി തന്നെ ഉചിതമായ നിര്‍ദേശം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പ്രതിക്ക് 26 വയസേയുള്ളൂവെന്ന് പ്രതിഭാഗം ഉന്നയിച്ചു. മദ്യലഹരിയില്‍ ചെയ്തുപോയതാണ്. പ്രതിയെ ആശ്രയിച്ചുകഴിയുന്ന കുടുംബാംഗങ്ങളുണ്ട്. അതിനാല്‍ കുറഞ്ഞ ശിക്ഷയെ നല്‍കാവൂവെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. വാദത്തില്‍ ഉടനീളം അമീര്‍ യഥാര്‍ത്ഥ പ്രതിയല്ലെന്ന നിലപാടില്‍ പ്രതിഭാഗം ഉറച്ചുനിന്നു. എന്നാല്‍ അതെല്ലാം മുന്‍പ് പറഞ്ഞ കാര്യങ്ങളാണെന്ന് കോടതിയും അറിയിച്ചു.