ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. തെളിവ് നശിപ്പിച്ചതിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പട്ടികവിഭാഗ പീഡനനിയമപ്രകാരവും കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പ്രതിക്ക് പറയാനുള്ളത് കോടതി നാളെ കേള്‍ക്കും.

വിധി കേൾക്കുന്നതായി ജിഷയുടെ അമ്മ രാജേശ്വരിയും പ്രതി അമീറും കോടതിയിലെത്തിയിരുന്നു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുൽ ഇസ്‌ലാം വീട്ടിൽ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണു കേസ്.

എന്നാൽ നിരപരാധിക്ക് കിട്ടിയ ശിക്ഷയെന്ന് അമീറുള്‍ ഇസ്‌ലാമിന്റെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍. നീതി നിഷേധക്കപ്പെട്ടുവെന്നും ആളൂര്‍ പറഞ്ഞു. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ അമീറുലിന് നീതി നിഷേധിക്കപ്പെടുകയായിരുന്നു. പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടുമാത്രമാണ് ശിക്ഷാർഹനായത്.

കുറ്റക്കാരനെന്ന് തെളിഞ്ഞതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നായിരിക്കും പ്രോസിക്യൂഷന്‍റെ വാദം. അതിനാൽ പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് താൻ വാദിക്കുമെന്നും അഡ്വ.ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരനാണെന്ന് കോടതി വിധി വന്ന ശേഷം പ്രതികരിക്കുകയായിരുന്നു ആളൂര്‍. കേസില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും.

ഒരുപാട് സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ടാണ് അമീർ ജയിലിൽ കഴിയുന്നതെന്ന് ബി.എ. ആളൂർ പറഞ്ഞു. യഥാർഥ പ്രതികൾ ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. ഇവരെ കണ്ടെത്താൻ പൊലീസ് ആദ്യം മുതലേ ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ പുതിയ അന്വേഷണ സംഘത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പൊലീസ് അമീറിനെ കേസിൽ പ്രതിയാക്കിയത്. പൊലീസ് ഹാജരാക്കിയ ശാസ്ത്രീയമായ തെളിവുകൾ മാത്രം വച്ച് അമീറിനെ ശിക്ഷിക്കാനാകില്ലെന്നും ആളൂർ അവകാശപ്പെട്ടു. ഈ തെളിവുകളൊന്നും പൂർണമല്ല. പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതാണെന്നും ആളൂർ ചൂണ്ടിക്കാട്ടി.

അമീറുളിനെതിരെ പത്ത് സുപ്രധാന തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഡിഎന്‍എ അടക്കമുളള ഈ തെളിവുകളാണ് പൊലീസിന് പിടിവളളിയായത്.

കൃത്യം നടക്കുമ്പോള്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സാന്നിധ്യം ജിഷയുടെ വീട്ടിലുണ്ട് എന്നതിന് പൊലീസ് കണ്ടെത്തിയ തെളിവുകള്‍ ഇങ്ങനെയാണ്.

1) കൊല്ലപ്പെട്ട ജിഷയുടെ കൈനഖങ്ങള്‍ക്കടിയില്‍ നിന്ന് കിട്ടിയ പ്രതിയുടെ ഡിഎന്‍എ. മുറിക്കുളളിലെ മല്‍പ്പിടുത്തത്തിലാണിത് സംഭവിച്ചത്.

2) ജിഷയുടെ ചുരിദാര്‍ ടോപ്പില്‍ നിന്ന് കണ്ടെത്തിയ ഉമിനീരില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.

3) ജിഷയുടെ ചുരിദാര്‍ സ്ലീവിലെ രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.

4) ജിഷയുടെ വീടിന്റെ പിന്നാമ്പുറത്തുളള ഡോര്‍ ഫ്രെയിമില്‍ നിന്ന് കണ്ടെടുത്ത രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.

5) അറസ്റ്റിലായതിനുശേഷം പരിശോധിച്ച ഡോക്ടറോട് വലതുകൈയ്യിലെ മുറിവ് ജിഷയുടെ വായ് പൊത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് യുവതി കടിച്ചതില്‍ സംഭവിച്ചതാണെന്ന പ്രതിയുടെ മൊഴി.

6) കൃത്യത്തിനായി പ്രതി ഉപയോഗിച്ച കത്തിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ജിഷയുടെ ഡിഎന്‍എ.

7) പ്രതിയുടെ ചെരുപ്പില്‍ നിന്ന് കണ്ടെടുത്ത ജിഷയുടെ ഡിഎന്‍എ.

8) പ്രതിയുടെ ചെരുപ്പില്‍ നിന്ന് കണ്ടെത്തിയ മണലിന് ജിഷയുടെ വീടിന്റെ പിന്നാമ്പുറത്തുളള മണലിലോട് സാദ്യശ്യമെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്.

9) കൃത്യത്തിനുശേഷം രക്ഷപെട്ട പ്രതിയെ അയല്‍വാസിയായ ശ്രീലേഖ മജിസ്‌ട്രേറ്റിന് മുന്നില്‍ തിരിച്ചറിഞ്ഞത്.

10) ജിഷയുടെ വീടിന്റെ പിന്നാമ്പുറത്തുനിന്ന് കണ്ടെത്തിയ ബീഡിയും ലൈറ്ററും അമീറുള്‍ ഇസ്ലാമിന്റേതാണെന്ന സാക്ഷി മൊഴികള്‍.