ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ എ.ബി.വി.പി യൂണിറ്റില്‍ കൂട്ടരാജി. സര്‍വകലാശാല യൂണിറ്റ് ജോയിന്റ് സെക്രട്ടറി അടക്കം മൂന്ന് നേതാക്കള്‍ എബിവിപിയില്‍ നിന്ന് രാജിവെച്ചു. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചും രോഹിത് വെമുല, മനുസ്മൃതി വിഷയത്തില്‍ പാര്‍ട്ടിയോടുള്ള എതിര്‍പ്പും പ്രകടിപ്പിച്ചാണ് പ്രവര്‍ത്തകരുടെ രാജി.
ജെ.എന്‍.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രദീപ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് പ്രസിഡന്റ് രാഹുല്‍ യാദവ്, സെക്രട്ടറി അങ്കിത് ഹന്‍സ് എന്നിവരാണ് രാജിവെച്ചത്. ദേശീയ പതാകയുമായി ബിജെപി നേതാക്കള്‍ ജെ.എന്‍.യുവിന് മുന്നില്‍ വന്ന് നടത്തുന്നത് ദേശീയതയല്ലെന്നും മറിച്ച് ഗുണ്ടായിസമാണെന്നും പുറത്ത് വന്ന നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

രാജിക്കത്തിന്റെ പൂര്‍ണരൂപം

പ്രിയ സുഹൃത്തുക്കളെ

ഞങ്ങള്‍, പ്രദീപ് (എ.ബി.വി.പി ജെ.എന്‍.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി), രാഹുല്‍ യാദവ് (പ്രസിഡന്റ് എസ്.എസ്.എസ് എ.ബി.വി.പി യൂണിറ്റ്) അന്‍കിത് ഹാന്‍സ് (സെക്രട്ടറി എസ്.എസ്.എസ് എ.ബി.വി.പി യൂണിറ്റ്) എ.ബി.വി.പിയില്‍ നിന്നും രാജിവെക്കുന്നു. സംഘടനയുമായി ഒരു തരത്തിലും ഇനി ഞങ്ങള്‍ സഹകരിക്കില്ല. ഞങ്ങള്‍ സംഘടനയില്‍ നിന്നും പോരാനുള്ള കാരണങ്ങള്‍ ഇവയാണ്;

1 ജെ.എന്‍.യുവില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍

2 രോഹിത് വെമുല, മനുസ്മൃതി വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് ബി.ജെ.പിയോടുള്ള എതിരഭിപ്രായം

ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു എന്നത് നിര്‍ഭാഗ്യകരവും ദുഖകരവുമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ്. പക്ഷെ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ രീതി നീതികരിക്കാനാവാത്തതാണ്. പ്രൊഫസര്‍മാരും മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെടുന്നു. അന്വേഷണം നടത്തുന്നതും ഇടതുപക്ഷത്തെയാകെ ദേശവിരുദ്ധരാക്കി മുദ്രകുത്തി ആശയങ്ങളെ തകര്‍ക്കുന്നത് തമ്മിലും വ്യത്യാസമുണ്ട്.

ജെ.എന്‍.യു അടച്ചു പൂട്ടണമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പക്ഷെ ഞങ്ങള്‍ക്ക് പറയാനുള്ള ‘സീ ന്യൂസ്’ അടച്ചുപൂട്ടണമെന്നാണ്. ഏതാനും ചിലര്‍ ചെയ്ത തെറ്റായ പ്രവര്‍ത്തികളെ സാമന്യവത്കരിച്ച് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് പക്ഷപാതികളായ സീ ന്യൂസ് ശ്രമിക്കുന്നത്.

Rohith-Vemula-1

പുരോഗനാത്മകവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന രാജ്യത്തെ ഉന്നത് വിദ്യഭ്യാസ സ്ഥാപനമാണ് ജെ.എന്‍.യു. സമൂഹത്തിലെ വിവിധ തട്ടിലുള്ളവര്‍ ഇവിടെ ആശയങ്ങള്‍ പങ്കു വെക്കുന്നുണ്ട്. തുല്യതയാണ് അത പങ്കുവെക്കുന്നത്. വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തിയ സര്‍ക്കാരിന്റെ വക്താക്കളാവാന്‍ ഞങ്ങളില്ല. ജെ.എന്‍.യുവിന്റെ നോര്‍ത്ത് ഗേറ്റിലും പട്യാലകോടതിയിലും അക്രമം അഴിച്ചു വിട്ടവരെ ന്യായീകരിക്കാനാണ് സര്‍ക്കാറും ഒ.പി ശര്‍മയെ (എം.എല്‍.എ) പോലുള്ളവരും ശ്രമിച്ചത്.

ദേശീയ പതാകയുമായെത്തി ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ ആളുകള്‍ തല്ലിച്ചതയ്ക്കുന്ന കാഴ്ച ഞങ്ങള്‍ എല്ലാ ദിവസവും കാണുന്നുണ്ട്. ഇത് ദേശീയതയല്ല, തെമ്മാടിത്തമാണ്. രാജ്യത്തിന്റെ പേര് പറഞ്ഞ് എന്തും കാണിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട. ദേശീയതയും ഗുണ്ടായിസവും രണ്ടും രണ്ടാണ്.

ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ജെ.എന്‍.യുവിലോ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ അനുവദിക്കാനാവില്ല. ജെ.എന്‍.യുവില്‍ അത്തരത്തില്‍ ഒന്നും നടന്നിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥി യൂണിയനും ചില ഇടതു സംഘടനകളും പറയുന്നത്. എന്നാല്‍ മുന്‍ ഡി.എസ്.യു അംഗങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിലര്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് വീഡിയോ ദൃശ്യങ്ങളുണ്ട്. കുറ്റം ചെയ്തവര്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.