ന്യൂഡല്‍ഹി: ജെഎന്‍യു ക്യാംപസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ച എട്ടു വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ഡീബാര്‍ ചെയ്തു. ഇവരെ അന്വേഷണവിധേയമായി ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അച്ചടക്ക സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടി എടുത്തത്. എന്നാല്‍ ഇവര്‍ക്ക് ഹോസ്റ്റല്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ ഇന്നലെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നു. ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചനകള്‍. ക്യാംപസില്‍ പൊലീസ് സുരക്ഷയും ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊലീസുകാരെ ക്യാംപസില്‍ നിന്നും ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചന കുറ്റവും ചുമത്തി ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം വിദ്യാര്‍ഥികള്‍ക്ക് എതിരെയുളള നടപടികള്‍ക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധവും അരങ്ങേറുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥി സംഘടനകള്‍ അഫ്‌സല്‍ ഗുരുവിന്റെ ചരമദിനം ആചരിച്ചത്. ഇതിനെതിരേ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് ക്യാംപസില്‍ പൊലീസിനെ വിന്യസിച്ചത്.