തോമസ് ഫ്രാന്‍സിസ്‌

ലിവര്‍പൂള്‍: ജോണ്‍മാഷ് മെമ്മോറിയല്‍ ഓള്‍ യുകെ വടംവലി മത്സരത്തിലൂടെ സമാഹരിക്കപ്പെട്ട ഒരു ലക്ഷം രൂപ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ (R C C) നിര്‍ധനരും ക്യാന്‍സര്‍ ബാധിതരുമായ 5 കുട്ടികളടക്കം 10 രോഗികള്‍ക്കുള്ള ചികിത്സക്കായി നല്‍കപ്പെട്ടു. വടംവലി മത്സര സംഘാടക സമിതിക്കുവേണ്ടി ഹരികുമാര്‍ ഗോപാലന്‍ RCC യി ലെ Cancer Epidemiology & Biostatistics വകുപ്പ് മേധാവി പ്രൊഫ. ഡോ.ഏലിയാമ്മ് മാത്യുവിന് തുക കൈമാറി. ഈ കഴിഞ്ഞ ഒക്ടോബറില്‍ ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ സ്‌കൂളില്‍ വെച്ച് നടത്തപ്പെട്ട ഓള്‍ യുകെ വടംവലി മത്സരത്തില്‍ കരുത്തുറ്റ പത്ത് ടീമുകളായിരുന്നു ഈ മഹത്തായ സംരംഭത്തിനായി അണിനിരന്നത്.

യു കെ യുടെ വിവിധ മേഖലകളിലധിവസിക്കുന്ന വടംവലി, ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനും ആദരണീയനായുമായ ജോണ്‍ മാഷിന്റെ രണ്ടാം ചരമ വാര്‍ഷികത്തിന് ശ്രാദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടായിരുന്നു ഈ വലിയ കായിക മാമാങ്കം ലിവര്‍പൂളില്‍ അരങ്ങേറിയത്. തോമസുകുട്ടി ഫ്രാന്‍സിസ്, ഹരികുമാര്‍ ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലിവര്‍പൂളിലെ മലയാളി സമൂഹവും, ലിവര്‍പൂള്‍ ടൈഗേഴ്‌സും സംയുക്തമായിട്ടായിരുന്നു ഈ വലിയ സംരംഭം ആവിഷ്‌കരിച്ചത്. കടുത്ത ഒരു മത്സരം ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നതിനൊപ്പം തന്നെ, ആദരണീയനായ ജോണ്‍ മാഷിന്റെ നാമധേയത്തില്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തിയും ലക്ഷ്യം വച്ചായിരുന്നു സംഘാടകസമിതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങിയിരുന്നത്.

മത്സരത്തില്‍ പങ്കെടുത്ത ടീമുളുടെയും, മത്സരത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ ആയിരുന്ന ശ്രീ മാത്യു എബ്രഹാം ( Olw insurance )ന്റെയും, ലിവര്‍പൂളിലെ മലയാളി സമൂഹത്തിന്റെയും അതുപോലെ തന്നെ ഈ വലിയ സംരംഭത്തിനു പിന്നില്‍ അണിനിരന്ന കമ്മറ്റി അംഗങ്ങളുടെയും നിര്‍ലോഭമായ സാന്നിധ്യ, സഹായ സഹകരണമാണ് ഇങ്ങനെയൊരു ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വഴിതെളിച്ചത്. ഇതിനായി കൈകോര്‍ത്ത ഏവര്‍ക്കും സംഘാടക സമിതിയും ജോണ്‍ മാഷിന്റെ കുടുംബവും അകമഴിഞ്ഞ നന്ദി അറിയിക്കുകയുണ്ടായി.