ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ യുഎസ് സ്വദേശിയായ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കമ്പനിയുടെ ടാല്‍കം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ടായ ക്യാന്‍സറിന് നഷ്ട പരിഹാരമായി 110 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 707 കോടി ഇന്ത്യന്‍ രൂപ) നല്‍കാനാണ് വിധി.

കമ്പനിക്കായി അമേരിക്കയില്‍ ടാല്‍കം നിര്‍മിക്കുന്ന ഇമെറിസ് ടാല്‍ക് അമേരിക്ക എന്ന കമ്പനിയാണ് ശിക്ഷിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്-കെയര്‍ കമ്പനികളിലൊന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. ലോകത്ത് വിവിധ രാജ്യങ്ങളിലായി മൂവായിരത്തോളം നിയമയുദ്ധങ്ങള്‍ കമ്പനി നേരിടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ സെന്റ്‌ലൂസിയ കോടതി ഡെബ്രോ ജിയാന്‍ജിയെന്ന യുവതിക്ക് 70 മില്യണ്‍ ഡോളര്‍ (ഏകദേശം 467 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍വിധിച്ചിരുന്നു. സമാനമായ കേസില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി പരാതിക്കാര്‍ക്ക് 55 മില്യണ്‍ ജോളര്‍(ഏകദേശം 365 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ മെയില്‍ യു.എസ് കോടതി വിധിച്ചിരുന്നു. ഗ്ലോറിയ റിസ്റ്റെസുണ്ട് എന്ന യുവതിയുടെ പരാതിയിലാണ് കോടതി വിധി. അര്‍ബുദ രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചു വരുകയാണ് ഗ്ലോറിയ.

കഴിഞ്ഞ ഫെബ്രുവരിയിലും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് ഇതേ കോടതിയില്‍ തിരിച്ചടിയേറ്റിരുന്നു. 30 വര്‍ഷം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് അര്‍ബുദം പിടിപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കമ്പനി 72 മില്യണ്‍ ഡോളര്‍(ഏകദേശം 493 കോടി) നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ലോകവ്യാപകമായി ഇതോടെ കമ്പനിയുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ തിരിച്ചടി നേരിട്ടു. ഇതിന് പിന്നാലെയെത്തിയ കോടതി വിധി കമ്പനിക്ക് കനത്ത തിരിച്ചടിയാവും