സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ ബി എ ആളൂരിനെ തനിക്ക് അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ ഇത് താന്‍ വിശ്വസിക്കുന്നില്ലെന്നും താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയ പ്രതി പറഞ്ഞതായി മാധ്യമം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിടീപ്പിച്ചതെന്ന് അന്വേഷണ സംഘത്തിലെ പ്രമുഖനും സ്ഥിരീകരിച്ചു. കുപ്രസിദ്ധ കേസുകളാണ് ആളൂര്‍ ഏറ്റെടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസിലായതെന്നും ഇദ്ദേഹം വ്യക്തമാക്കി. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂരും സംഘവും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോളിയുടെ കട്ടപ്പനയിലെ വീട്ടുകാരും ഗള്‍ഫില്‍ നിന്നടക്കം ചിലരും ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്ന് ആളൂര്‍ അസോസിയേറ്റ്‌സിലെ അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് ജോളിയുടെ ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദമാണ് ജോളി തന്നെ തള്ളിപ്പറയാന്‍ കാരണമെന്ന് അഡ്വ. ആളൂര്‍ പറയുന്നു. ജോളി ഇക്കാര്യം എന്തുകൊണ്ട് കോടതിയില്‍ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പോലീസ് ഒന്നിനും അനുവദിക്കാത്തതിനാല്‍ പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വച്ച് സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോഴെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.

അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ ഹരിദാസിനെയാണ് ആളൂര്‍ ഇക്കാര്യത്തില്‍ പഴിചാരുന്നത്. ഇദ്ദേഹത്തിന്റെ നടപടിക്കെതിരെ കോടതിയില്‍ പരാതി നല്‍കുമെന്നും ആളൂര്‍ പറയുന്നു. ആളൂര്‍ അസോസിയേറ്റ്‌സിന്റെ അഭിഭാഷകരെ ഹാജരാകാന്‍ അനുവദിക്കണമെന്ന് ജോളി കോടതിയില്‍ അപേക്ഷ നല്‍കിയതായും ആളൂര്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ പ്രതിയെ പോയി കാണാന്‍ അഭിഭാഷകനുള്ള അവകാശത്തെക്കുറിച്ച് നിയമഭേദഗതി വരുത്തിയിട്ടുണ്ട്. എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 126 അനുസരിച്ച് പ്രതിക്കും അഭിഭാഷകനും മാത്രം സംസാരിക്കാനുള്ള പ്രിവിലേജ് കമ്മ്യൂണിക്കേഷന്‍ നിഷേധിച്ചെന്നാണ് ആളൂരിന്റെ ആരോപണം.

ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ ജോളിയുമായി സംസാരിച്ചിരുന്നു. വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ പി കമലാക്ഷിയുടെയും മറ്റ് വനിതാ പോലീസിന്റെ സാന്നിധ്യത്തിലാണ് ജോളിയെ കണ്ടത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്ന് അഭിഭാഷകന്‍ പിന്നീട് പറഞ്ഞു. തിങ്കളാഴ്ച ആളൂര്‍ കോടതിയില്‍ നേരിട്ടെത്തി ജാമ്യാപേക്ഷ നല്‍കും. പോലീസുകാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാനുള്ള അപേക്ഷ കോടതി വാക്കാല്‍ അംഗീകരിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും പ്രതിഭാഗം വക്കീല്‍ പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ചുരിദാറിന്റെ ഷാളില്‍ മുഖം മൂടി എത്തിയ ജോളി ഇന്നലെ മുഖം മറയ്ക്കാതെ തലയുയര്‍ത്തി പുഞ്ചിരിയോടെയാണ് കോടതിയിലെത്തിയത്. അകമ്പടി വന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരോടും മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം അവര്‍ ജോളിയായി തന്നെ ഇടപെട്ടു.