കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ച് മടങ്ങിയപ്പോള്‍ മുഖത്തുണ്ടായിരുന്ന തുണി നീക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. കക്കഞ്ചേരി സ്വദേശി ഷാജുവിനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ ജോളി മുഖം മറച്ചപ്പോഴാണ് ഷാജു ജോളിയുടെ ഷാള്‍ മാറ്റാന്‍ നോക്കിയത്.

ജോളിയെ റവന്യൂ ഉദ്യോഗസ്ഥർ സഹായിച്ചെന്ന് സൂചന. വ്യാജ ഒസ്യത്ത് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടാക്കാനും ടോം തോമസിന്റെ ഭൂമി അനധികൃതമായി കൈവശപ്പെടുത്താനും ജോളിയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സഹായിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. ഈ കാര്യങ്ങൾ ഉറപ്പിക്കാൻ രേഖകളുടെ പരിശോധന ഒരിക്കൽ കൂടി നടത്തും.

തഹസിൽദാർ ജയശ്രീ എസ്.വാരിയരെയും കാസർകോട് വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസിൽദാർ കിഷോർഖാനെയും അന്വേഷണ ഉദ്യോഗസ്ഥൻ ഡ‍പ്യൂട്ടി കലക്ടർ സി.ബിജു ഒന്നിച്ചിരുത്തി മൊഴിയെടുത്തു. ജയശ്രീ നേരത്തെ താമരശ്ശേരി ഡപ്യൂട്ടി തഹസിൽദാരും കിഷോർ ഖാൻ കൂടത്തായി വില്ലേജ് ഓഫിസറുമായിരുന്നു. ഇരുവരുടയും മുൻ മൊഴികളിൽ ചില പൊരുത്തക്കേടുകൾ വന്ന സാഹചര്യത്തിലാണു ഒരുമിച്ചിരുത്തി മൊഴിയെടുത്തത്.

ക്രമക്കേടുകളുടെ ഉത്തരവാദി ആര് എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കിഷോർഖാന്റെ മൊഴിയിൽ ജയശ്രീക്കെതിരെ ആരോപണങ്ങൾ ഉണ്ടായതായാണ് സൂചന. കലക്ടർ സാംബശിവ റാവുവും ജയശ്രീയെയും കിഷോർഖാനെയും കണ്ടിരുന്നു. മുൻ ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറി ഒ.സി.ലാലു, സെക്​ഷൻ ക്ലർക്ക് ഷറഫുദ്ദീൻ എന്നിവരുടെ മൊഴിയും ഇന്നലെ എടുത്തു.