കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫ് പ്രവേശനത്തിൽ സിപിഐ സിപിഎം ഭിന്നത പരസ്യമാവുന്നു. ജോസ് കെ മാണി വിഷയത്തിൽ മുൻ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സിപിഎമ്മിൻ്റെ വിശ്വാസം അവരെ രക്ഷിക്കട്ടെയെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കാനം ഇക്കാര്യം വ്യക്തമാക്കിയത്.

സാമൂഹിക അകലം പാലിക്കേണ്ട കാലഘട്ടമാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പിലും അത് തുടരും. സംസ്ഥാനത്ത് ഇടത് മുന്നണിക്ക് തുടർ ഭരണത്തിന് സാധ്യതയുണ്ട്. അതിനെ ദുർബലപ്പെടുത്തുന്ന ഒന്നും ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1965ൽ എല്ലാവരും ഒറ്റക്കാണ് മത്സരിച്ചതെന്ന് ആരാണ് പറഞ്ഞത്. ആ ചരിത്രം കോടിയേരി ബാലകൃഷ്ണൻ ഒന്നുകൂടി വായിച്ചുനോക്കട്ടെ. 1965ൽ മുസ്ലിം ലീഗ് ഉൾപ്പടെ കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് സി.പി.എം മത്സരിച്ചതെന്നും കാനം ഓർമിപ്പിച്ചു.

ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടുണ്ടോ എന്ന ചോദ്യവും കാനം ഉയർത്തി. വീരേന്ദ്രകുമാർ ഇടത് മുന്നണിയിൽ വന്ന സാഹചര്യം വ്യത്യസ്ഥമാണ്. വിരേന്ദ്ര കുമാരിന്റെ പാർട്ടി യുഡിഎഫ് വിട്ട് എൽഡിഎഫിൽ വന്നത് സ്ഥാനമാനങ്ങൾ രാജിവച്ച ശേഷമാണ്. എൽ.ഡി.എഫിന്‍റെ അടിത്തറ വിപുലീകരിക്കുന്നത് ജനാധിപത്യ കക്ഷികളെ കൂടെ ചേർത്താണ്, അല്ലാതെ വരുന്നവരെയും പോകുന്നവരെയും ചേർത്തല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.