നേഴ്‌സായ ഭാര്യ ഡിനിയുടെ സി പി ആർ പരിശ്രമം ഫലം കണ്ടില്ല: രണ്ട് മക്കളെയും സഹധർമ്മിണിയേയും തനിച്ചാക്കി യുകെ മലയാളിയായ ജോസി വിടപറഞ്ഞു.

നേഴ്‌സായ ഭാര്യ ഡിനിയുടെ സി പി ആർ പരിശ്രമം ഫലം കണ്ടില്ല: രണ്ട് മക്കളെയും സഹധർമ്മിണിയേയും തനിച്ചാക്കി യുകെ മലയാളിയായ ജോസി വിടപറഞ്ഞു.
May 13 11:14 2019 Print This Article

ലണ്ടന്‍: ലണ്ടനു സമീപം കെന്റിലെ ബെക്‌സില്‍ ഓണ്‍ സീയില്‍ താമസിച്ചിരുന്ന മലയാളി യുവാവ് വീട്ടില്‍ വച്ച് ഉണ്ടായ ഹൃദയാഘാതം മൂലം മരിച്ചു. ചങ്ങനാശേരി തെങ്ങണ പത്തിച്ചിറ വീട്ടില്‍ പി.ജെ. തോമസിന്റെയും സിസിലിയുടെയും മകന്‍ ജോസി എന്നു വിളിക്കുന്ന ജോസഫ് തോമസാണ് (46) ഇന്നലെ രാത്രി മരിച്ചത്. ഭാര്യ ഡിനി ചേര്‍ത്തല പള്ളിപ്പുറം പള്ളിപ്പറമ്പില്‍ കുടുംബാംഗം. വിദ്യാര്‍ഥികളായ ജസീന, (12) ജെറോം (7) എന്നിവര്‍ മക്കളാണ്. കണ്‍ക്വസ്റ്റ് ഹോസ്പിറ്റലില്‍ നാലു വര്‍ഷമായി തീയേറ്റര്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ഭാര്യ ഡിനി ജോസി.  ജോസിയുടെ സഹോദരി റെജി വര്‍ഗീസും ബെക്‌സില്‍ ആണ് താമസം. തോമസ് (ജോയിച്ചന്‍), ജോജി തോമസ് (ഖത്തര്‍), ജോബി തോമസ് എന്നിവര്‍ സഹോദരങ്ങളാണ്. 11 വര്‍ഷം മുമ്പാണ് ജോസിയും കുടുംബവും യുകെയില്‍ എത്തിയത്. 2015ലാണ് കെന്റിലേക്ക് താമസം മാറ്റിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ഏജന്‍സിയില്‍ കെയററായി ജോലി ചെയ്തു വരികയായിരുന്നു ജോസഫ്. ഇന്നലെ അത്താഴം കഴിച്ച ശേഷം വീടിന്റെ മുകളിലെ മുറിയില്‍ വിശ്രമിക്കുകയായിരുന്നു ജോസഫ്. അടുക്കള ജോലികളെല്ലാം തീര്‍ത്ത് ജോസഫിന്റെ ഡയബറ്റിക്‌സിനുള്ള ഇഞ്ചക്ഷനുമായി മുറിയിലേക്ക് ചെന്നപ്പോഴാണ് ഭാര്യ ഡിനി ബോധമില്ലാതെ ജോസഫ് കിടക്കുന്നത് കണ്ടത്.

നഴ്‌സായ ഡിനിക്ക് പ്രാഥമിക പരിശോധനയില്‍ തന്നെ ഹൃദയാഘാതം സംഭവിച്ചതാണെന്ന് മനസിലാവുകയും മനസ്സാന്നിധ്യം കൈവിടാതെ സിപിആര്‍ നല്‍കുകയും ചെയ്തു. ഉടന്‍ ആംബുലന്‍സ്, മെഡിക്കല്‍ ടീമിനെ വിളിക്കുകയും ചെയ്തു. സിപിആര്‍ നല്‍കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. ഉടനെത്തിയ  ആംബുലന്‍സ്, മെഡിക്കല്‍ ടീം മുക്കാല്‍ മണിക്കൂറോളം പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാകാതെ, 11.35 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

വീട്ടില്‍ വച്ചു നടന്ന മരണമായതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയും നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം സെന്റ് ലിയോണാഡ്‌സ് ഓണ്‍ സീയിലെ കണ്‍ക്വസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. നാട്ടില്‍ ചങ്ങനാശ്ശേരി തെങ്ങാന പത്തിച്ചിറ വീട്ടില്‍ പി ജെ തോമസിന്റെയും സിസിലിയുടെയും മകനാണ് ജോസഫ്. അഞ്ചു വര്‍ഷം സൗദിയില്‍ ജോലി ചെയ്ത ശേഷമാണ് 11 വര്‍ഷം മുന്‍പ് ജോസഫും കുടുംബവും യുകെയില്‍ എത്തിയത്. ആദ്യത്തെ ആറു വര്‍ഷം ഈസ്റ്റ്ഹാമിലായിരുന്നു താമസം. 2015 മുതലാണ് ബെക്‌സ് ഹില്ലിലേക്ക് എത്തിയത്. മലയാളി സമൂഹത്തിന്റെ എല്ലാ പരിപാടികളിലും പള്ളി കാര്യങ്ങളിലും സജീവമായിരുന്നു ജോസഫ്.

ജോസിയുടെ അകാലമരണത്തിൽ വേദന അനുഭവിക്കുന്ന കുടുംബത്തോടൊപ്പം  മലയാളം യുകെ പങ്കുചേരുകയും ടീമിന്റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles