ടോം ജോസ് തടിയംപാട്

വളരെ കാലങ്ങളായി ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ സംസ്‌കരിച്ച ഹാം ഷെയറിലെ സെന്റ് മാര്‍ഗരറ്റ് പള്ളിയും ലണ്ടന്‍ സെന്റ് തോമസ് ആശുപത്രിയോട് ചേര്‍ന്നുള്ള അവരുടെ മ്യൂസിയവും കാണണമെന്ന്. കഴിഞ്ഞ ദിവസം ലണ്ടനില്‍ പോയപ്പോള്‍ ലണ്ടനില്‍ നിന്നും 75 മൈല്‍ അകലെ സൗത്താംപ്റ്റനടുത്തുള്ള ഹാം ഷെയറിലെ പള്ളിയും ശവകുടീരവും കാണുന്നതിനുവേണ്ടി യാത്രതിരിച്ചു. പോയ വഴിയും പ്രദേശവും വളരെ മനോഹരമായിരുന്നു. പക്ഷെ നൈറ്റിംഗേലിനെ സംസ്‌കരിച്ച ഈസ്റ്റ് വില്ലോയിലെ സെന്റ മാര്‍ഗരറ്റ് പള്ളി സ്ഥിതിചെയ്യുന്ന പ്രദേശവും അവരുടെ വീടിരുന്ന സ്ഥലവും തികച്ചും ഒരു കുഗ്രാമമാണ്. പള്ളിയുടെ അടുത്ത് ചെല്ലുമ്പോള്‍ ഒരു വാഹനം എതിര്‍ ദിശയില്‍ കൂടി വന്നാല്‍ സൈഡു കൊടുക്കാന്‍ പോലും ഇടയില്ലാത്ത റോഡുകളാണ്. തികച്ചും ഒരു കാര്‍ഷിക മേഖല. ജൂലൈ മാസം 22-ാം തിയതി രാവിലെ 9 മണിക്കാണ് ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ഒന്‍പതേകാലിനു നടന്ന കുര്‍ബാനയില്‍ പങ്കെടുത്തു, ആംഗ്ലിക്കന്‍ പള്ളിയായതുകൊണ്ട് അവിടെ അന്ന് കുര്‍ബാന സ്വീകരണം ഉണ്ടായിരുന്നില്ല.

12-ാം നൂറ്റാണ്ടില്‍ പണിത പള്ളി ഇപ്പോഴും അതിന്റെ തനിമ നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആകെ ഉണ്ടായിരുന്നത് 15 പേര്‍ മാത്രം. അവര്‍ ഞങ്ങളെ വളരെ സ്‌നേഹത്തോടെ സ്വീകരിച്ചു. പള്ളിയുടെ ചരിത്രവും പശ്ചാത്തലവും എല്ലാം വിശദീകരിച്ചുതന്നു. നൈറ്റിംഗേലിന്റെ ശവകുടീരവും കൊണ്ടുപോയി കാണിച്ചു. പള്ളിയുടെ ഒരു ജനാല ഫ്‌ളോറന്‍സ് നൈറ്റിംഗേലിനുവേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. അവിടെ അവരുടെ പഴയ ഫോട്ടോകളും അവര്‍ ഉപയോഗിച്ച കുരിശും ക്രിമിയന്‍ യുദ്ധത്തില്‍ ഉപയോഗിച്ച വെടിയുണ്ടകൊണ്ട് നിര്‍മിച്ച ഒരു കുരിശിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒറിജിനല്‍ കുരിശ് ആരോ മോഷ്ടിച്ചു കൊണ്ടുപോയി.

ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ആഗ്രഹം തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൊടുക്കണം എന്നായിരുന്നു. എന്നാല്‍ ആധുനിക നേഴ്‌സിംഗിനു ജന്മം കൊടുത്ത ഈ മഹതിയെ മഹാരാജാക്കന്മാരും പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്‍മാരും പ്രധാനമന്ത്രിമാരും അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ സംസകരിക്കണമെന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ അവശ്യപ്പെട്ടു. എന്നാല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കുടുംബം അവര്‍ ഓടിക്കളിച്ചു വളര്‍ന്ന ഗ്രാമത്തിലെ പള്ളിയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പള്ളിയിലെ ശവകുടീരത്തില്‍ എഴുതി വച്ചിരിക്കുന്നത് F.N born 12 may 1820 died 1910 aug 13 എന്നുമാത്രമാണ്. അതിനു കാരണം നൈറ്റിംഗേല്‍ കൂടുതല്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലയെന്നാണ് പള്ളിയിലെ സീനിയര്‍ അംഗം ഞങ്ങളോട് പറഞ്ഞത്. പള്ളിയും പരിസരവും ശവകുടീരവും എല്ലാം കണ്ടു ഫോട്ടോയും എടുത്തു ഞങ്ങള്‍ അവിടെ നിന്നും പുറപ്പെട്ടപ്പോള്‍ നഴ്‌സിംഗ് എന്ന ജോലികൊണ്ട് ഇംഗ്ലണ്ട് എന്ന ഈ വലിയ രാജ്യത്തു വരാന്‍ അവസരം കിട്ടിയ ഞങ്ങള്‍ക്ക് സന്തോഷം തോന്നി. പിന്നീട് ഞങ്ങള്‍ അവിടെനിന്നും രണ്ടു മൈല്‍ അകലെ അവരുടെ വീടിരുന്ന സ്ഥലം കാണാന്‍ പോയി. അവിടെ ഇപ്പോള്‍ എംബ്ലി പാര്‍ക്ക് എന്ന ഹൈസ്‌കൂള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നത് എന്ന് പള്ളിയില്‍ കണ്ടവരോട് ചോദിച്ചപ്പോള്‍ രണ്ടു മൈല്‍ അകലെയാണ് അവര്‍ താമസിക്കുന്നത് എന്നു പറഞ്ഞു.

ഹാംഷയറില്‍ നിന്നും ഞങ്ങള്‍ പോയത് ലണ്ടനിലേക്കാണ്. ബ്രിട്ടീഷ് പാര്‍ലമെന്റിന് അഭിമുഖമായിരിക്കുന്ന സെന്റ് തോമസ് ഹോസ്പിറ്റലിനോട് ചേര്‍ന്നിരിക്കുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ മ്യൂസിയം കാണുക എന്നതായിരുന്നു ഉദ്ദേശ്യം. മ്യൂസിയത്തില്‍ നൈറ്റിംഗേല്‍ ഉപയോഗിച്ച ബൈബിള്‍, എഴുതിയ കത്തുകള്‍, നഴ്‌സിംഗിനെപ്പറ്റി എഴുതിയ പുസ്തകങ്ങള്‍, അവര്‍ മേട്രന്‍ ആയിരുന്ന കാലത്ത് ഉപയോഗിച്ച മേശയും കസേരയും, ക്രിമിയയിലേക്കുള്ള യാത്രില്‍ ഉപയോഗിച്ച ബാഗ്, മരുന്നുകുപ്പികള്‍, അവര്‍ ധരിച്ചിരുന്ന ഡ്രസ്സ്, പഴയ ഫോട്ടോകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും സന്ദര്‍ശകര്‍ ഈ മ്യൂസിയത്തില്‍ എത്തുന്നുണ്ട്.

ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ ലോകം മുഴവന്‍ അറിയപ്പെടുന്ന തലത്തിലേക്ക് ഉയര്‍ത്തിയത് 1853ല്‍ റഷ്യ ടര്‍ക്കിക്കു നേരെ ആരംഭിച്ച യുദ്ധമായിരുന്നു. ഇതിനു കാരണം ഇസ്രായലിലെ ക്രിസ്തു ജനിച്ച പള്ളിയും മറ്റു ചില പ്രധാന ആരാധനലയങ്ങളിലും പ്രാര്‍ത്ഥന നടത്തിയിരുന്നത് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയായിരുന്നു. ആ കാലത്ത് വിശുദ്ധ സ്ഥലങ്ങള്‍ മുഴുവന്‍ നിയന്ത്രണം ടര്‍ക്കി സുല്‍ത്താന്റെ കീഴില്‍ ആയിരുന്നു. ഫ്രാന്‍സിലെ നെപ്പോളിയന്റെ സമ്മര്‍ദ്ദത്തിനൂ വഴങ്ങി ഈ അധികാരം സുല്‍ത്താന്‍ കത്തോലിക്കാ സഭയ്ക്ക് കൈമാറാന്‍ തയ്യാറായി. ഇതില്‍ പ്രതിഷേധിച്ച് റഷ്യ ടര്‍ക്കിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഫ്രാന്‍സും, ടര്‍ക്കിയ്ക്കൊപ്പം അണിനിരന്നു. പിന്നീട്ട് ബ്രിട്ടനും ടര്‍ക്കിയ്ക്കൊപ്പം ചേര്‍ന്നൂ. യൂറോപ്പിലേയ്ക്കുള്ള റഷ്യയുടെ കടന്നുകയറ്റത്തെ ചെറുക്കുക എന്നതായിരുന്നു പൊതുവില്‍ കത്തോലിക്കാ വിരുദ്ധ മനോഭാവമുള്ള ബ്രിട്ടന്റെ ലക്ഷ്യം.

ടര്‍ക്കിയിലെ ക്രിമിയന്‍ പ്രദേശം (ഇന്നത്തെ ഈസ്റ്റാംബുള്‍) കേന്ദ്രീകരിച്ചായിരുന്നു യുദ്ധം. അവിടുത്തെ പട്ടാള ക്യാംപില്‍ വേണ്ടത്ര പരിചരണവും ചികിത്സയും കിട്ടാതെ പട്ടാളക്കാര്‍ മരിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ടൈംസ് പത്രം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് അനുകൂലമായി വലിയ ജനവികാരം രൂപപ്പെടുകയും അന്നത്തെ യുദ്ധ മന്ത്രി സിഡ്‌നി ഹെര്‍ബെര്‍ട്ട് ഫ്‌ളോറന്‍സ് നൈറ്റിംഗേലിനു അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഡസന്‍ നേഴ്‌സുമാരുടെ സംഘത്തെ നയിച്ച് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ക്രിമിയയില്‍ എത്തുകയായിരുന്നു.

അവിടെ കണ്ട കാഴ്ച വേദനാജനകാമായിരുന്നു. വേണ്ടത്ര മരുന്നോ, ഭക്ഷണമോ ശുചിത്വമോ ഇല്ലാത്ത അവസ്ഥയില്‍ മലേറിയ, കോളറ മുതലായ മാരക രോഗങ്ങള്‍ പിടിപെട്ട് മരിക്കുന്ന പട്ടാളക്കാരെയാണ് അവര്‍ കണ്ടത്. ഇന്‍ഫെക്ഷന്‍ കൊണ്ടാണ് കൂടതല്‍ പട്ടാളക്കാര്‍ മരിക്കുന്നത് എന്ന് കണ്ടെത്തി ക്യാമ്പ് മുഴുവന്‍ മലിനമുക്തമാക്കി. ബെഡ്ഷീറ്റുകള്‍ മുഴുവന്‍ മാറ്റി, മുറിവുകള്‍ ശുദ്ധീകരിച്ച് മരുന്നുകള്‍ വച്ചുകെട്ടി അതിലൂടെ മരണനിരക്കു കുറക്കാനും സാംക്രമിക രോഗങ്ങള്‍ തടയാനും കഴിഞ്ഞു.

രാത്രി കാലങ്ങളില്‍ പരിക്കുപറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന പട്ടാളക്കാരുടെ ഇടയിലൂടെ വിളക്കുമായി ചെന്ന് അവരെ പരിശോധിച്ചിരുന്നതു കൊണ്ട് മരണത്തിന്റെ വക്കോളമെത്തിയ ഒട്ടേറെപ്പേരെ രക്ഷിക്കുവാന്‍ നൈറ്റിംഗേലിന് കഴിഞ്ഞു. അതുകൊണ്ടാണ് അവരെ ‘ലേഡി വിത്ത് എ ലാംപ്’ (വിളക്കേന്തിയ വനിത) എന്നറിയപ്പെടാന്‍ കാരണമായത്. നൈറ്റിംഗേല്‍ നഴ്സിംങ്ങിനെ പറ്റി എഴുതിയ ഗ്രന്ഥങ്ങളായ ‘നോട്സ് ഓണ്‍ നഴ്സിംഗ്,” നോട്സ് ഓണ്‍ ഹോസ്പിറ്റല്‍ ”എന്നിവ ഇന്നൂം നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനപ്രദമാണ്.

1856ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഫ്‌ളോറന്‍സ് നൈറ്റിംഗേലിനു രാജോതിതമായ സ്വീകരണമാണ് ലഭിച്ചത്. തന്റെ അനൂഭവങ്ങളും നിര്‍ദ്ദേശങ്ങളും വിക്ടോറിയ രാഞ്ജിയും ആല്‍ബര്‍ട്ട് രാജകുമാരനുമായി പങ്കുവെച്ചതിന്റെ ഫലമായി അവര്‍ നല്‍കിയ വലിയ പാരിതോഷികം കൊണ്ട് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയോട് ചേര്‍ന്ന് 1860ല്‍ നൈറ്റിംഗേല്‍ സ്ഥാപിച്ച ‘സ്‌കൂള്‍ ആന്റ് ഹോം ഫോര്‍ നഴ്സസ്’ എന്ന സ്ഥാപനം ലോകത്തിലെ ആദ്യത്തെ നഴ്സിംഗ് സ്‌കൂളായി അംഗീകരിക്കപ്പെട്ടു. അങ്ങനെ നൈറ്റിംഗേല്‍ തുടക്കമിട്ട നേഴ്സിംഗ് ഇന്ന് ലോകത്തിലെ ഒരു പ്രധാനപ്പെട്ട തൊഴില്‍ മേഖലയായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു. കൂടാതെ ബ്രിട്ടീഷ് ആര്‍മിക്കുവേണ്ടി ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറായി. ആ കാലത്ത് ഏറ്റവും അറിയപ്പെട്ട നേഴ്‌സുമാര്‍ മുഴുവന്‍ പഠിച്ചിറങ്ങിയത് ഈ സ്ഥാപനത്തില്‍ നിന്നായിരുന്നു അതില്‍ ലോകം അറിയപ്പെട്ട മറ്റൊരു നേഴ്‌സ് ആയിരുന്നു ഈഡിത്ത് കാവല്‍.

തന്റെ ജീവിതം നേഴ്സിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാറ്റിവച്ച ആ മഹതിയുടെ നേഴ്സിംഗ് സ്‌കൂളില്‍ നിന്നൂം പഠിച്ചിറങ്ങിയ അമേരിക്കയിലെ ആദ്യത്തെ പരിശീലനം ലഭിച്ച നേഴ്സ് എന്നറിയപ്പെടുന്ന ലിന്‍ഡാ റിച്ചാര്‍ഡ്സിന്റെ നേതൃത്വം അമേരിക്കയില്‍ മാത്രമല്ല ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നേഴ്സിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് കാരാണമായി. 1883ല്‍ നൈറ്റിംഗേലിന് റോയല്‍ റെഡ്‌ക്രോസ് അവാര്‍ഡ് 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിക് അവാര്‍ഡ് എന്നിവ ലഭിച്ചു. ഇംഗ്ലണ്ടില്‍ ആദ്യമായി ഈ അവാര്‍ഡ് ലഭിച്ച വനിത നൈറ്റിംഗേലായിരുന്നു. ഭാരതത്തിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തെപറ്റി നൈറ്റിംഗേല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ പട്ടാളക്കാരുടെ മരണ നിരക്ക് വളരെയേറെ കുറഞ്ഞതായി 1873ല്‍ കണ്ടെത്തിയിരുന്നു.

ദൈവത്താല്‍ വിളിക്കപ്പെട്ടാണ് നൈറ്റിംഗേല്‍ ഈ ജോലിയില്‍ എത്തിയതെന്നാണ് വിശ്വസിക്കേണ്ടത്. ഒട്ടേറെ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള നൈറ്റിംഗേല്‍ ജര്‍മ്മനിയില്‍ വച്ച് ലൂഥര്‍ സഭയുടെ ഭാഗമായ ഒരു സമൂഹത്തില്‍ സംബന്ധിക്കാന്‍ ഇടവന്നു. അവിടെ, ആ സമൂഹത്തിലെ അംഗങ്ങള്‍ രോഗികളെ പരിചരിക്കുന്നതു കണ്ട് നൈറ്റിംഗേല്‍ തന്റെ ജീവിതത്തിന് വ്യക്തമായ ഒരു ലക്ഷ്യം കണ്ടെത്തുകയായിരുന്നു. അതിലൂടെയാണ് അവര്‍ നേഴ്സിങ്ങ് തന്റെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

നേഴ്സിംഗ് മേഖലയുടെ അടിവേരുകള്‍ അന്വേഷിച്ചു ചെന്നാല്‍ ചെന്നെത്തുന്നത് കന്യാസ്ത്രീകളിലായിരിക്കൂം. മനുഷ്യ സ്നേഹമാണ് ദൈവത്തിന്റെ അമൂര്‍ത്തഭാവം എന്നുള്ളതുകൊണ്ട് ആദ്യകാലത്ത് ഈ ജോലി ചെയ്തിരുന്നത് കന്യാസ്ത്രീകളായിരുന്നു.

കന്യാസ്ത്രീകളും സമൂഹത്തിലെ താഴേക്കിടയിലേയ്ക്കുള്ള വനിതകളും മാത്രമായിരുന്നൂ.ഈ ജോലി ചെയ്തിരുന്നത്. അതുകൊണ്ടാണ് ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും നേഴ്സിങ്ങ് സുപ്രണ്ടിനെ ഇന്നൂം സിസ്റ്റര്‍ എന്നാണ് വിളിക്കുന്നത്. ഉന്നത സമൂഹത്തിലെ അംഗമായിരുന്ന നൈറ്റിംഗേലിന്റെ കുടുംബം അവരുടെ നേഴ്സിംഗ് പ്രവേശനത്തെ അത്ര സന്തോഷത്തോടെയല്ല സ്വീകരിച്ചത്. എതിര്‍പ്പുകളുണ്ടായിട്ടും ദൈവം വിളിച്ച വഴിയെ തന്നെ മുന്നോട്ടുപോകാന്‍ നൈറ്റിംഗേല്‍ തീരുമാനിക്കുകയായിരുന്നു. ലണ്ടനിലെ സെന്റ് ബാര്‍തൊലോമ്യു ഹോസ്പിറ്റലില്‍ നിന്നായിരുന്നു അവര്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയത്. പഠിച്ചുകൊണ്ടിരുന്നപ്പോഴും പിന്നീട് ജോലിയില്‍ പ്രവേശിച്ചപ്പോഴും പിതാവ് എല്ലാ വര്‍ഷവും 500 പൗണ്ട് വീതം അയച്ചു കൊടുക്കുമായിരുന്നു. ആ പണം കൊണ്ട് വാങ്ങിയ കസേരയും മേശയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1820 മെയ് 12ന് ഇറ്റലിയിലെ ഫ്ളോറന്‍സ് എന്ന പട്ടണത്തിന്റെ ഭാഗമായിരുന്ന വില്ല കൊളമ്പിയായിലാണ് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ജനിച്ചത്. മാതാപിതാക്കള്‍ ഇംഗ്ലീഷുകാരായ വില്ല്യം എഡ്വേര്‍ഡ് ഷേവും മേരിയും ആയിരുന്നു. ജനിക്കുന്ന പട്ടണത്തിന്റെ പേര് കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കുന്ന കീഴ്വഴക്കം അക്കാലത്തുണ്ടായിരുന്നതുകൊണ്ടാണ് ഇവര്‍ ഫോളോറന്‍സ് നൈറ്റിംഗേല്‍ എന്നറിയപ്പെട്ടത്.

നീണ്ട 90 വര്‍ഷം ജീവിച്ച് മരണം വരെ ക്രിസ്തു പഠിപ്പിച്ച മനുഷ്യ സ്‌നേഹത്തിന്റെ അടിത്തറയില്‍ തന്റെ തന്റെ ജീവിതം വേദനിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെച്ചു ആ മഹതി. വിവാഹവും കുടുംബ ജീവിതവും ഉപേക്ഷിക്കുകയായിരുന്നു അവര്‍. എന്നാല്‍, അവര്‍ തുടങ്ങി വച്ച നേഴ്സിംഗ് എന്ന കുടുംബം ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചു. 1910 ഓഗസ്റ്റ് 13ന് ആ മഹതിയുടെ ഭൗതിക സാന്നിദ്ധ്യം ഈ ലോകത്തിന് നഷ്ടമായി. ഇംഗ്ലണ്ടിലെ ഹാംഷയറിലുള്ള സെന്റ് മാര്‍ഗരറ്റ് പള്ളിയില്‍ അവര്‍ അന്ത്യ വിശ്രമം കൊള്ളുന്നു.