അമ്മയില്‍ നിന്നും നാലു നടിമാര്‍ രാജിവെച്ച സംഭവത്തില്‍ ഇടതു ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേശ്കുമാര്‍ എന്നിവര്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നറിഞ്ഞ ശേഷം താന്‍ പ്രതികരിക്കാമെന്ന് നടന്‍ ജോയ്മാത്യു. ഫേസ്ബുക്കിലെ കളികള്‍ അവസാനിപ്പിച്ച് സ്വന്തം കളത്തില്‍ കളി തുടങ്ങിയ ജോയ്മാത്യൂ ഇന്റര്‍നെറ്റിലെ സ്വന്തം പേജിലെ ആദ്യ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എല്‍ഡിഎഫ് വന്നതോടെ എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലയില്‍ നടികളെ അനുമോദിച്ചും പിന്തുണച്ചും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ്, പാര്‍ട്ടി സഖാക്കളായ എംഎ ബേബി, ധനകാര്യമന്ത്രി തോമസ് ഐസക്, കാനം, തുടങ്ങിയവര്‍ രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കെ സംഘടനയുടെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന എംപി ഇന്നസെന്റും എംഎല്‍എമാരായ മുകേഷും ഗണേഷും എങ്ങിനെ പ്രതികരിക്കുന്നു എന്നറിയാനാണ് താന്‍ നോക്കിയിരിക്കുന്നതെന്നു ജോയ്മാത്യു പറഞ്ഞു.

താന്‍ കൂടി തൊഴിലെടുക്കുന്ന അമ്മയില്‍ മുതലാളിമാര്‍ മുതല്‍ ക്‌ളാസ്‌ഫോര്‍ ജീവനക്കാരന്‍ വരെയുണ്ട്. താന്‍ ക്‌ളാസ്സ്‌ഫോര്‍ ജീവനക്കാരനാണ്. രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണത്. സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി, രാഷ്ട്രീയപാര്‍ട്ടികള്‍ മുതല്‍ പത്രപ്രവര്‍ത്തക യൂണിയനില്‍ വരെ നടക്കുന്ന കാര്യങ്ങള്‍ സംഘടനയ്ക്ക് പുറത്ത് ചര്‍ച്ച ചെയ്യാറില്ലല്ലോ. ഇതും അതുപോലെ കണ്ടാല്‍ മതിയെന്നും സംഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്ക് പുറത്ത് പോകാന്‍ അവകാശമുണ്ടെന്നും ജോയ് മാത്യൂ പറഞ്ഞു.

അമ്മയിലെ നാലു അംഗങ്ങള്‍ രാജിവെച്ചതിന്റെ പേരില്‍ തന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ച പ്രതികരണത്തോട് തനിക്ക് പറയാനുള്ളത് ഇതാണെന്നും ജോയ്മാത്യു പറഞ്ഞു. ‘ദാ ഇപ്പോ ശരിയാക്കിത്തരാം’ എന്നത് കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ആയിരിക്കാമെങ്കിലും നമ്മളെ അത് വിശ്വസിപ്പിച്ചത് എല്ലാം ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പോഴാണെന്നും ജോയ്മാത്യു പരിഹസിച്ചു.

സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകരുമായി നിരന്തരം സംവദിച്ചിരുന്ന ജോയ് മാത്യു അത് എന്നന്നേക്കുമായി അവസാനിപ്പിച്ചു. പകരം ജോയ് മാത്യു ഡോട്ട് കോം എന്ന സ്വന്തം പേജിലൂടെയായിരിക്കും ഇനി സംവദിക്കലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി ഫേസ്ബുക്കിലായിരുന്നു സംവാദങ്ങള്‍. ഇപ്പോഴാണ് സ്വന്തമായി ഒരു പറമ്പ് വാങ്ങി തന്റേതായ ഒരു പുര കെട്ടി താമസം മാറ്റാന്‍ തീരുമാനിച്ചത്. ഇനി താന്‍ അവിടെ കാണുമെന്നും ജോയ്മാത്യു പറയുന്നു.