മോഹന്‍ലാലിനെ രൂക്ഷമായി വിമര്‍ശിച്ച് ജോയ് മാത്യു; അമ്മ അംഗങ്ങളുടെ ഇമെയിലിലേക്ക് അയച്ച കത്തിലാണ് വിമര്‍ശനം

മോഹന്‍ലാലിനെ രൂക്ഷമായി വിമര്‍ശിച്ച് ജോയ് മാത്യു; അമ്മ അംഗങ്ങളുടെ ഇമെയിലിലേക്ക് അയച്ച കത്തിലാണ് വിമര്‍ശനം
July 14 07:40 2018 Print This Article

അമ്മ സംഘടനയില്‍ ദിലീപിനെ തിരിച്ചു എടുക്കുന്നതുമായി ബന്ധപെട്ടു മോഹന്‍ലാല്‍ നടത്തിയ പത്ര സമ്മേളനത്തിനെതിരെ ജോയ് മാത്യു രംഗത്ത് .ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉണ്ടായിരുന്നു എന്ന മോഹന്‍ലാലിന്റെ വാദം തെറ്റാണെന്നു ജോയ് മാത്യു വെളിപ്പെടുത്തി .

നേരത്തെ വനിതാ സംഘടനയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പത്ര സമ്മേളനത്തിന് മോഹന്‍ലാല്‍ പറഞ്ഞ പല കാര്യങ്ങളും അക്കമിട്ട് പറഞ്ഞ് കുറ്റപ്പെടുത്തിയാണ് വനിതാ കൂട്ടായ്മ പ്രതികരിച്ചത്.  വാര്‍ത്ത സമ്മേളനത്തില്‍ പറയുന്ന ഗൗരവമേറിയ കാര്യങ്ങള്‍ അബദ്ധം പറ്റുന്നത് സംഭവിച്ചു കൂടാത്തതാണെന്നും ജോയ് മാത്യൂവിന്റെ കത്തില്‍ പറയുന്നു .

കൂടാതെ കഴിഞ്ഞ ജനറല്‍ ബോഡിയുടെ അജണ്ട ഒന്നുകൂടി വായിച്ചു നോക്കാനും പറയുന്നു. ദിലീപിന് എതിരായി ഒന്നും തന്നെ പ്രസ്തുത അജണ്ടയില്‍ ഇല്ല എന്നത് എഴുത്തും വായനയും അറിയാത്ത ഏതൊരാള്‍ക്കും മനസിലാകും (എനിക്ക് പോലും മനസിലായി ) എന്നും  കത്തില്‍ പറയുന്നു. അമ്മ അംഗങ്ങളുടെ ഇമെയിയില്‍ അയച്ച കത്തിലാണ് മോഹന്‍ലാലിനെതിരെ ഉള്ള രൂക്ഷ വിമര്‍ശനം

ജോയ് മാത്യുവിന്റെ കത്ത് വായിക്കാം–

ബഹുമാനപ്പെട്ട പ്രസിഡന്റ് ,കൂടെയുള്ള ജനറൽ സെക്രട്ടറി തുടങ്ങിയവരും സംഘടനയിലെ അംഗങ്ങളും അറിയുവാൻ, കഴിഞ്ഞദിവസം പ്രസിഡന്റ് ശ്രീ മോഹൻലാൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞത് കാണുവാനും പിന്നീട് കേൾക്കുവാനും ഇടവന്നു.

സംഘടനയെ പ്രതിനിധീകരിച്ച് പ്രസിഡന്റ്‌ മാധ്യമങ്ങളെ കാണുവാൻ കാണിച്ച താല്പര്യത്തിനും കഴിഞ്ഞ ജനറൽ ബോഡിയിൽ മാധ്യമങ്ങളെ അകറ്റി നിർത്തിയതിനും ക്ഷമചോദിച്ചതും അന്തസ്സായി. എന്നാൽ വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങളിൽ അബദ്ധങ്ങൾ ,അതും ഗൗരവപ്പെട്ട വിഷയം അവതരിപ്പിക്കുമ്പോൾ സംഭവിച്ചു കൂടാത്തതാണ് എന്ന് ഓർമിപ്പിക്കുവാനാണ് ഈ എഴുത്ത്.

സംഘടനയിലെ ഒരംഗം കൂടിയായ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപ് എന്ന അംഗത്തെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച കാര്യം കഴിഞ്ഞ ജനറൽ ബോഡിൽ അവതരിപ്പിക്കേണ്ട അജണ്ടയിൽ ഉണ്ടായിരുന്നുവെന്നും അംഗങ്ങൾ ആരും അതേപറ്റി സംസാരിക്കാൻ തയാറായില്ല എന്നും പറയുന്നത് കേട്ടു . അത് തെറ്റല്ലേ സാർ ?

പ്രസിഡന്റ് കഴിഞ്ഞ ജനറൽ ബോഡിയുടെ അജണ്ട ഒന്നുകൂടി വായിച്ച് നോക്കുവാൻ അപേക്ഷിക്കുന്നു. പ്രസ്തുത അജണ്ടയിൽ (കാര്യപരിപാടി എന്നും പറയാം ) ദിലീപ് വിഷയത്തെക്കുറിച്ച് ഒരു നേരിയ പരാമർശം പോലും ഇല്ലെന്നു എഴുത്തും വായനയും അറിയാത്തവർക്ക് പോലും മനസിലാകും. (എനിക്ക് പോലും മനസ്സിലായി!)

അങ്ങനെ വരുമ്പോൾ പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് തെറ്റാണെന്നു വരുന്നു. (നുണ എന്ന് ഞാൻ പറയില്ല , കരുതിക്കൂട്ടി പറയുന്നതാണല്ലോ നുണ ). അതുകൊണ്ട് സംഘടനക്ക് കുഴപ്പമൊന്നുമില്ലായിരിക്കാം. പക്ഷെ പ്രസ്തുത വിഷയം അജണ്ടയിൽ ഉണ്ടായിട്ടും ഒരു അംഗം പോലും പ്രതികരിച്ചില്ല എന്ന് പറയുമ്പോൾ അത് സംഘടനയിലെ അംഗങ്ങൾ എല്ലാം ഒരു പോലെ ചിന്തിക്കുന്ന, പ്രതികരണ ശേഷിയില്ലാത്തവരാണ് എന്ന് കരുതരുത് അത് പ്രതികരണശേഷി ഇനിയും മരിച്ചിട്ടില്ലാത്ത അംഗങ്ങളെ അപമാനിക്കലല്ലേ സാർ.

അജണ്ടയിൽ ഇല്ലാത്ത വിഷയം ഉണ്ടെന്ന് പ്രസിഡന്റ് പറഞ്ഞത് അറിയാതെ സംഭവിച്ചുപോയ ഒരു അബദ്ധം ആണെന്ന് ഞാൻ വിശ്വസിക്കാൻ ശ്രമിക്കട്ടെ. അടുത്ത വാർത്താസമ്മേളനത്തിലെങ്കിലും ഈ അബദ്ധം തിരുത്തണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു. മറുപടി അയയ്ക്കുക എന്നൊരു കീഴ്‌വഴക്കം നമ്മുടെ സംഘടനക്ക് ഇല്ലാത്തതുകൊണ്ട് ആ സങ്കൽപം കിഴുക്കാം തൂക്കായിത്തന്നെ നിൽക്കട്ടെ.

ബഹുമാനം (ഒട്ടും കുറക്കാതെ)

ജോയ് മാത്യു, ഒരു ക്ലാസ്സ് ഫോർ അംഗം.

.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles