ജോഷി സിറിയക്

യു.കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടി.വിയും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്നൊരുക്കുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ ഗാന മത്സരത്തിന്റെ രണ്ടാം പതിപ്പ് ഡിസംബര്‍ 8 ശനിയാഴ്ച കവന്‍ട്രിയില്‍ നടക്കും. കവെന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ലബില്‍ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന കരോള്‍ ഗാന മത്സരത്തില്‍ യു.കെയുടെ വിവിധഭാഗങ്ങളില്‍ നിന്നുമായി പതിനഞ്ചോളം ഗായകസംഘങ്ങള്‍ പങ്കെടുക്കും.

മലയാള ചലച്ചിത്ര-ഭക്തിഗാന സംഗീത മേഖലയില്‍ 3600 ലധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ പ്രശസ്ത സംഗീത സംവിധായകനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. യു.കെ ക്രോസ് കള്‍ച്ചറല്‍ മിനിസ്ട്രീസ് ഡയറക്ടറും സുവിശേഷകനുമായ റവ. ഡോക്ടര്‍ ജോ കുര്യന്‍, സീറോ മലബാര്‍ കാത്തലിക് ലണ്ടന്‍ മിഷന്‍ ഡയറക്ടറും പ്രശസ്ത സംഗീതജ്ഞനുമായ റവ. ഫാദര്‍ സെബാസ്റ്റ്യന്‍ ചാമക്കാലായില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.

മാസങ്ങള്‍ നീണ്ട പരിശീലനങ്ങള്‍ക്കൊടുവില്‍, കണ്ണിനും കാതിനും കുളിര്‍മയേകുന്ന സംഗീത വിരുന്നൊരുക്കുവാന്‍ ഇവര്‍ ശനിയാഴ്ച കവെന്‍ട്രിയില്‍ ഒത്തുചേരും. കരോള്‍ ഗാന സന്ധ്യക്ക് നിറംപകരാന്‍ ലണ്ടന്‍ അസഫിയാന്‍സ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും അരങ്ങേറും. കഴിഞ്ഞവര്‍ഷത്തേതുപോലെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസസ് നല്‍കുന്ന 1000 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും, രണ്ടാം സമ്മാനമായി പ്രൈം മെഡിടെക് എഡ്യൂക്കേഷണല്‍ കണ്‍സള്‍റ്റന്റ്‌സ് നല്‍കുന്ന 500 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും, മൂന്നാം സമ്മാനമായി ജിയാ ട്രാവല്‍ നല്‍കുന്ന 250 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും ആണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക.

ആസ്വാദകര്‍ക്കായി സൗജന്യ നിരക്കില്‍ സ്വാദിഷ്ടമായ ഫുഡ് സ്റ്റാള്‍, കേക്ക് സ്റ്റാള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീത സായാഹ്നത്തിലേക്ക് ഏവരെയും ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

മത്സരം നടക്കുന്ന വേദിയുടെ വിലാസം:
വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബ്,
റോബിന്‍ഹുഡ് റോഡ്,
കവന്‍ട്രി CV3 3BB,