റോഡില്‍ കാര്‍ റേസിംഗ് നടത്തിയുണ്ടായ അപകടത്തെത്തുടര്‍ന്ന് 18കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് തടവുശിക്ഷ. ജോഷ്വ ചെറുകര (20), ഹാരി കേബിള്‍ (18) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ടൈനിസൈഡിലെ വിറ്റ്‌ലി ബേയിലൂടെ ഇവര്‍ മത്സരിച്ച് കാറുകള്‍ ഓടിക്കുന്നതിനിടെ ജോഗിംഗ് നടത്തുകയായിരുന്ന വില്യം ഡോറി എന്ന കൗമാരക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. രണ്ട് പേരും കുറ്റം ചെയ്തതായി തെളിഞ്ഞതിനെത്തുടര്‍ന്ന് ചെറുപ്പക്കാരായ കുറ്റവാളികളെ പാര്‍പ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റി. ജോഷ്വ ചെറുകരയ്ക്ക് ആറ് വര്‍ഷവും ഒമ്പത് മാസവും കേബിളിന് നാലര വര്‍ഷവും തടവാണ് ലഭിച്ചിരിക്കുന്നത്.

ഇവര്‍ ജയില്‍ മോചിതരായാലും നാല് വര്‍ഷത്തേക്ക് ഡ്രൈവിംഗ് വിലക്കും നേരിടേണ്ടി വരും. ഇവര്‍ രണ്ടുപേരും വിറ്റ്‌ലി ബേയിലൂടെ ജോയ് റൈഡിംഗ് നടത്തുന്നതിന്റെയും വില്യം ഡോറിയെ ഇടിച്ചു വീഴ്ത്തുന്നതിന്റെയും സിസിടിവി ദൃശ്യം തെളിവായി ലഭിച്ചിരുന്നു. എ ലെവല്‍ വിദ്യാര്‍ത്ഥിയായിരുന്ന ഡോറിയെ ഇടിക്കുന്നതിന് തൊട്ടു മുമ്പായി വീഡിയോ ക്ലിപ്പ് നില്‍ക്കുന്നുണ്ടെങ്കിലും അതിനു ശേഷമുള്ള ഭാഗത്ത് പോലീസ് കാറിനു പിന്നില്‍ വിറച്ചുകൊണ്ടിരിക്കുന്ന ജോഷ്വയുടെ ദൃശ്യങ്ങളും കാണാം.

ജോഷ്വ ഓടിച്ചിരുന്ന റെനോ മെഗാന്‍ ഇടിച്ചാണ് വില്യം ഡോറി കൊല്ലപ്പെട്ടത്. കേബിള്‍ ഒരു വോക്‌സ്‌ഹോള്‍ കോഴ്‌സയായിരുന്നു ഓടിച്ചിരുന്നത്. അപകടത്തോടെ തങ്ങളുടെ ജീവിതം ശിഥിലമായെന്ന് വില്യം ഡോറിയുടെ പിതാവ് ഹ്യൂഗ് ഡോറി പറഞ്ഞു. അല്‍പ നേരത്തെ പക്വതയില്ലാത്ത പെരുമാറ്റം ഇല്ലാതാക്കിയത് തങ്ങളുടെ ജീവിതമാണ്. ഈ നഷ്ടം അളക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.