രോഗികള്‍ക്ക് അത്ര ആശാവഹമായ വാര്‍ത്തയല്ല എന്‍എച്ച്എസില്‍ നിന്ന് പുറത്തു വരുന്നത്. ജീവനക്കാരുടെ അപകടകരമായ കുറവ് മൂലം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 90 രോഗികളുടെ വരെ ചുമതലയാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതായി ജോലിയിലെത്തുന്നവര്‍ക്കു പോലും ഇത്രയും രോഗികളുടെ പരിചരണത്തിനുള്ള ചുമതല നല്‍കുന്നത് ഗുരുതരമായ സ്ഥിചതിവിശേഷമാണെന്ന് വിലയിരുത്തപ്പെടുന്നു. 21 വികസിതരാജ്യങ്ങളില്‍ എന്‍എച്ച്എസിലാണ് ഡോക്ടര്‍മാരുടെ ഏറ്റവും കൂടുതല്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

വാര്‍ഡുകള്‍ എത്രമാത്രം സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഫയല്‍ ചെയ്യുന്ന എക്‌സെപ്ഷന്‍ റിപ്പോര്‍ട്ടുകളുടെ ആധിക്യം വെളിപ്പെടുത്തുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ അമിതജോലിഭാരവും വാര്‍ഡുകളിലെ സുരക്ഷാ പ്രശ്‌നങ്ങളും മൂലം വിട്ടുനില്‍ക്കുകയാണ്. എക്‌സെപ്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയ ആദ്യ വര്‍ഷം തന്നെ 551 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി 55 ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ വിവരാവകാശ നിയമപ്രകാരം അറിയിച്ചു.

95 ട്രസ്റ്റുകള്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കിലും ഈ റിപ്പോര്‍ട്ടുകള്‍ 1500 കവിയുമെന്നാണ് ഏകദേശ കണക്ക്. ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ട്രസ്റ്റുകളുടെ കടമയാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ജൂനിയര്‍ ഡോക്ടര്‍ കമ്മിറ്റി ചെയര്‍ ഡോ.ജീവേശ് വിജെസൂര്യ പറയുന്നു. ബ്രിട്ടനില്‍ 1000 പേര്‍ക്ക് 2.8 ഡോക്ടര്‍മാര്‍ എന്നതാണ് നിലവിലെ ശരാശരിയെന്ന് കിംഗ്‌സ് ഫണ്ടിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് പുറത്തു വന്നത്.