അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ വാദം പൂര്‍ത്തിയായി. വിധി പറയല്‍ മാറ്റിവച്ചു. അതേസമയം നാളെ അഞ്ച് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഭരണഘടനാ ബഞ്ച് വിളിച്ചുചേര്‍ത്തിരിക്കുകയാണ്. ഭരണഘടനാ ബഞ്ച് മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാദം പൂര്‍ത്തിയായ കേസില്‍ ഇതൊരു അസാധാരണ നടപടിയാണ്.

തര്‍ക്ക ഭൂമി ഉപാധികളോടെ വിട്ടുനല്‍കാമെന്ന് വഖഫ് ബോര്‍ഡ് സമ്മതിച്ചതായാണ് അഭ്യൂഹം. കാശിക്കും മധുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണമെന്നും അയോധ്യയിലെ 22 പള്ളികള്‍ പുതുക്കണമെന്നുമാണ് വഖഫ് ബോര്‍ഡിന്റെ ഉപാധികളെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ 134 വര്‍ഷം പഴക്കമുള്ള രാമജന്മഭൂമി-ബാബ്രി മസ്ജിദ് തര്‍ക്കത്തിനാണ് പരിഹാരമാകുന്നത്. വഖഫ് ബോര്‍ഡ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ലിസ്റ്റിലുള്ള പള്ളികളുടെ പട്ടിക വഖഫ് ബോര്‍ഡ് സമര്‍പ്പിച്ചുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം കേസ് പിന്‍വലിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്റെ ഓഫീസ് പ്രതികരിച്ചതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് പിന്‍വലിക്കാന്‍ കോടതിയിലാണ് അപേക്ഷ നല്‍കേണ്ടതെന്നും എന്നാല്‍ അത്തരത്തിലൊരു അപേക്ഷ ഇതുവരെയും നല്‍കിയിട്ടില്ലെന്നും രാജീവ് ധവാന്റെ ഓഫീസിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഫരിയാബ് ജിലാനി എഎന്‍ഐയോടും പ്രതികരിച്ചു. എന്നാല്‍ ഒത്തുതീര്‍പ്പ് അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതായി വഖഫ് ബോര്‍ഡുമായി അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ വാദം കേള്‍ക്കുന്നതിനിടെ സുപ്രിംകോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ രേഖകള്‍ വലിച്ചു കീറി. ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ നല്‍കിയ കടലാസുകളാണ് ധവാന്‍ വലിച്ചുകീറിയത്. രേഖകള്‍ സമര്‍പ്പിച്ച ഉടന്‍ ഇത് വലിച്ചുകീറാന്‍ അനുവാദമുണ്ടോ എന്ന് ചോദിച്ചായിരുന്നു രാജീവ് ധവാന്‍ അസാധാരണ നടപടിയിലേക്ക് കടന്നത്. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. രാമ ജന്മഭൂമി എവിടെയാണെന്ന് സൂചിപ്പിക്കുന്ന രേഖകളാണ് ധവാന്‍ വലിച്ചു കീറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കോടതിയിലെ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കയാണെന്നും ഇറങ്ങി പോകുമെന്നും ഇതിനോട് പ്രതികരിച്ച് ചീഫ് ജസ്റ്റീസ് പറയുകയും ചെയ്തു. കുനാല്‍ കിഷോര്‍ എഴുതിയ അയോധ്യയെക്കുറിച്ചുള്ള പുസ്തകത്തിലെ വാദങ്ങള്‍ തെളിവായി അംഗീകരിക്കുന്നതിനെതിരെ രാജീവ് ധവാന്‍ നിലപാടെടുത്തിരുന്നു. സുപ്രീം കോടതി ബഞ്ചിന്റെ വിസ്താരത്തില്‍ നേരത്തെയും രാജീവ് ധവാന്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. കോടതി തങ്ങളോട് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നതായിരുന്നു അദ്ദേഹം പരാതി പെട്ടത്. ഇന്ന് രാവിലെ കേസ് പരിഗണിക്കാന്‍ കോടതി ചേര്‍ന്നതോടെ വാദം ഇന്ന് തീരുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗഗോയ് അറിയിച്ചു. ആഗസ്റ്റ് ആറിനാണ് കേസില്‍ വാദം തുടങ്ങിയത്. കേസില്‍ ഇനി കൂടുതല്‍ വാദം ആവശ്യമില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. 40 ദിവസമാണ് അയോധ്യ കേസില്‍ സുപ്രീം കോടതി വാദം കേട്ടത്.

മുതിര്‍ന്ന അഭിഭാഷകരായ കെ പരാശരന്‍, സി എസ് വൈദ്യനാഥന്‍ തുടങ്ങിയവരാണ് ഹിന്ദു സംഘടനകള്‍ക്ക് വേണ്ടി ഹാജരായത്. മുസ്ലീങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പള്ളി സ്ഥാപിക്കാമെന്നും രാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ പള്ളി പണിതത് വലിയ തെറ്റാണെന്നുമെല്ലാം ഹിന്ദു സംഘടനകള്‍ വാദിച്ചു. ഹിന്ദു സംഘടനകള്‍ വാദം അവതരിപ്പിച്ചതിന് ശേഷം സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി രാജീവ് ധവാന്‍ വാദങ്ങള്‍ അവതരിപ്പിച്ചു. നാല് തവണ 45 മിനുട്ട് സമയം വാദങ്ങള്‍ക്കായി നല്‍കി.. ഇതിന് ശേഷം വിധി പ്രസ്താവിക്കാനായി കേസ് മാറ്റുകയായിരുന്നു.

ബാബറി മസ്ജിദിന് മുന്‍പ് ക്ഷേത്രമാണ് പ്രദേശത്തുണ്ടായിരുന്നത് എന്നും ക്ഷേത്രം എല്ലായ്‌പ്പോഴും ക്ഷേത്രമാണെന്നുമാണ് മുന്‍ അറ്റോണി ജനറല്‍ കൂടിയായ പരാശരന്‍ വാദിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പ്രാര്‍ത്ഥിക്കാം. പക്ഷെ രാമന്റെ ജന്മസ്ഥലം മാറ്റാനാകുമോ എന്ന് പരാശരന്‍ ചോദിച്ചു. അതേസമയം ഇവിടെ പള്ളി ഉണ്ടായിരുന്നു എന്ന വസ്തുത എങ്ങനെ അവഗണിക്കാന്‍ കഴിയുമെന്ന് രാജീവ് ധവാന്‍ ചോദിക്കുന്നു. ഹിന്ദു മതവുമായി ബന്ധപ്പെട്ട ശില്പ രൂപങ്ങളും കൊത്തുപണികളും എങ്ങനെ പള്ളിയുടെ തെളിവായി കാണാം എന്ന സംശയം നേരത്തെ ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.

എന്നാല്‍ ഹിന്ദു ക്ഷേത്രമാണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച യാതൊരു ആധികാരിക തെളിവും പുരാവസ്തു പര്യവേഷണങ്ങളില്‍ കണ്ടെത്തിയിട്ടില്ല. വിവിധ മതങ്ങളുടെ സാംസ്‌കാര സങ്കലനം എന്ന ചരിത്ര യാഥാര്‍ത്ഥ്യം മറക്കരുത് എന്നും രാജീവ് ധവാന്‍ നേരത്തെ പറഞ്ഞിരുന്നു. 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കുന്നതിന് മുമ്പുള്ള നില പുന:സ്ഥാപിക്കണമെന്ന് മുസ്ലീം സംഘടന ആവശ്യപ്പെടുന്നു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും കേസിലെ അന്തിമ വിധിയുണ്ടായേക്കുമെന്നാണ് സൂചന