കൊല്‍ക്കത്ത: കോടതിയലക്ഷ്യത്തിന് ജയില്‍ ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണന്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. സുപ്രീം കോടതിയാണ് കര്‍ണനെ ആറ് മാസം തടവിന് വിധിച്ചത്. അതിനു പിന്നാലെ ഒളിവില്‍ പോയ കര്‍ണനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിയെ സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത്. ഒളിവിലിരിക്കെ വിരമിക്കുന്ന ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍.

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും 20 ജഡ്ജിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കര്‍ണനെതിരെ സുപ്രീം കോടതി കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്. മാപ്പു പറയണമെന്ന കര്‍ണനോട് സുപ്രീം കോടതി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അത് തള്ളിയ കര്‍ണന്‍ ചീഫ് ജസ്റ്റിസടക്കം ഏഴു ജഡ്ജിമാര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും രാജ്യം വിട്ട് പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

സുപ്രീം കോടതിക്ക് തന്റെ മാനസിക നില പരിശോധിക്കാന്‍ ഉത്തരവിടാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കര്‍ണന്‍ ചീഫ്ജസ്റ്റിസും ജഡ്ജിമാരും വൈദ്യപരിശോധന നടത്തണമെന്ന് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് കര്‍ണനെ ആറു മാസത്തെ തടവിന് സുപ്രീം കോടതി വിധിച്ചത്. ഉടന്‍ ജയിലിലടക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതനുസരിച്ച് പോലീസ് തേടിയെത്തിയെങ്കിലും കര്‍ണനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരുപാധികം മാപ്പു പറയാമെന്ന കര്‍ണന്റെ അപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം എവിടെയാണെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.