മേയ് 10ന് ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാനിരിക്കുകയാണ് പ്രശസ്ത കനേഡിയന്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ഇതാദ്യമായാണ് ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നത്.  ഇന്ത്യയിലെത്തുന്ന ബീബര്‍ ആവശ്യപ്പെട്ടിരിക്കുന്ന സൗകര്യങ്ങളുടെ നിര അറിഞ്ഞാല്‍ ശരിക്കും കണ്ണുതള്ളും. റോള്‍സ് റോയ്‌സ് കാറില്‍ തുടങ്ങി ഹെലികോപ്ടര്‍ വരെ നീളുന്ന രാജകീയമായ സൗകര്യങ്ങളാണു താരത്തിനു വേണ്ടത്.

ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഈ മാസം 10നാണു ജസ്റ്റിന്‍ ബീബറിന്റെ ഇന്ത്യയിലെ ആദ്യ സംഗീത പരിപാടി. വേദിയിലേക്കെത്തുന്നത് റോള്‍സ് റോയ്‌സ് വാഹനത്തില്‍ അല്ലെങ്കില്‍ സ്വകാര്യ വിമാനത്തില്‍. താരത്തിനൊപ്പമുള്ള 120 അംഗ സംഘത്തിനു സഞ്ചരിക്കാന്‍ സെഡാന്‍ കാറുകളും രണ്ടു വോള്‍വോ ബസും വേണമെന്നാണ് ആവശ്യം.

നഗരത്തിലെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മുറികളില്‍ നല്ലൊരു പങ്കും ബീബറിനും സംഘത്തിനുമായി നീക്കി വച്ചിരിക്കുകയാണ്. ഹോട്ടലുകള്‍ ജസ്റ്റിന്‍ ബീബറിന്റെ സ്വകാര്യ വില്ലകള്‍ പോലെയാകും. യോഗയില്‍ വലിയ താല്‍പര്യമുള്ള വ്യക്തിയായ ബീബറിന് വേണ്ട യോഗ കാസ്‌കറ്റ് ഒരുക്കിയിട്ടുണ്ട്. ഭക്ഷണകാര്യത്തിലും ബീബറിന് വിട്ടുവീഴ്ചയില്ല. ആവശ്യമായ പച്ചക്കറികള്‍, പഴങ്ങള്‍, സ്‌നാക്‌സ് എന്നിവയടക്കം നീണ്ട ലിസ്റ്റ് തന്നെയാണ് ബീബര്‍ കൊടുത്തിരിക്കുന്നത്. ഇത് പ്രകാരം സ്വീഡിഷ് മത്സ്യം വരെ എത്തിച്ചിട്ടുണ്ട്.

എനര്‍ജി ഡ്രിങ്കുകള്‍, ചാര്‍ജിംഗ് പോയന്റുകള്‍ തുടങ്ങിയവയെല്ലാം എത്ര എണ്ണം വേണമെന്ന കണക്ക് നല്‍കിയിട്ടുണ്ട് . ഡ്രസിംഗ് റൂമില്‍ വെള്ള കര്‍ട്ടനുകള്‍ വേണമെന്ന് ബിബറിന് നിര്‍ബന്ധമാണ്. ഗ്രാസ് ഡോറുള്ള വലിയ ഫ്രിഡ്ജ് വേണം. വെള്ളക്കുപ്പികള്‍, പിങ് പോങ് ടേബിള്‍, പ്ലേ സ്റ്റേഷന്‍, സോഫ സെറ്റ്, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയവയെല്ലാം ബീബറിന് വേണ്ടി എത്തും. ബീബറിനായി ഒരു ജെറ്റ് വിമാനവും സ്‌റ്റേഡിയത്തിനടുത്ത് ഒരു ഹെലികോപ്റ്ററും പരിപാടിയുടെ സംഘാടകര്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ  കേരളത്തില്‍ നിന്ന് ഉഴിച്ചിലുകാരും എത്തും. ഇസഡ് കാറ്റഗറി സുരക്ഷയാണ് ജസ്റ്റിന്‍ ബീബര്‍ക്ക് ഒരുക്കുന്നത്. എ്ട്ട് പേരായിരിക്കും ബീബറിന് സുരക്ഷ ഒരുക്കുക.  മുകളിൽ പറഞ്ഞതെല്ലാം ബീബറിന്റെ ആവശ്യമായിരുന്നെങ്കിൽ പരിപാടി സ്പോൺസർ ചെയ്തവരുടെ വക വേറെയുമുണ്ട് ആഡംബരം. പൊതുവെ സംഗീത പരിപാടികളുടെ ടിക്കറ്റുകൾ‌ക്കെല്ലാം പൊന്നിന്റെ വിലയാണ്. സാധാരണക്കാർക്ക് അപ്രാപ്യമാണ് ലോകത്തെ വിസ്മയിച്ച സംഗീതജ്ഞരുടെ ലൈവ് പരിപാടികളെല്ലാം. എന്തുകൊണ്ട് ടിക്കറ്റിന് വിലകൂടുന്നുവെന്നതിനുള്ള ഉത്തരം കൂടിയാണ് ബീബറിന്റെ ഈ വരവ്. പിന്നെ എങ്ങനെ ടിക്കറ്റ് ചാര്‍ജ് കൂടാതെ ഇരിക്കും .