ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നേടിയ ചലച്ചിത്ര പ്രതിഭ ശ്രീകുമാരന്‍ തമ്പിക്ക് ആശംസകള്‍ നേര്‍ന്ന് ജ്വാല ഇ മാഗസിന്റെ ഏപ്രില്‍ ലക്കം പുറത്തിറങ്ങി

ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നേടിയ ചലച്ചിത്ര പ്രതിഭ ശ്രീകുമാരന്‍ തമ്പിക്ക് ആശംസകള്‍ നേര്‍ന്ന് ജ്വാല ഇ മാഗസിന്റെ ഏപ്രില്‍ ലക്കം പുറത്തിറങ്ങി
April 22 06:47 2018 Print This Article

റജി നന്തികാട്ട്

പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു. ഭാരതത്തില്‍ ദിവസേനയെന്നോണം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ ഭാരതത്തെ ലോകത്തിന്റെ മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ട അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു എന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന കേരള സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ ഇത്തവണ ചരിത്രം സൃഷ്ടിച്ചു. നല്ല നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിനെയും ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നേടിയ ശ്രീകുമാരന്‍ തമ്പിയെയും എഡിറ്റോറിയലില്‍ പ്രത്യേകം അഭിനന്ദിച്ചു.

ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തെ വിലയിരുത്തി സംഗീത നായര്‍ എഴുതിയ ശ്രീകുമാരന്‍ തമ്പി ചലച്ചിത്ര പ്രതിഭ എന്ന ലേഖനം ഈ ലക്കത്തിന്റെ ഈടുറ്റ രചനയാണ്. വായനക്കാരുടെ ഇഷ്ട പംക്തി ജോജ്ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ ഇത്തവണ വളരെ രസകരമായ ഒരു അനുഭവം വിവരിക്കുന്നു. ബാബു ആലപ്പുഴയുടെ നര്‍മ്മകഥ മദ്യം മണക്കുന്നു ആനുകാലിക വിഷയം രസകരമായി എഴുതിയിരിക്കുന്നു.
യുകെയിലെ എഴുത്തുകാരായ ബീന റോയ് എഴുതിയ അയനം എന്ന കവിതയും നിമിഷ ബേസില്‍ എഴുതിയ മരണം എന്ന കവിതയും അര്‍ത്ഥ സമ്പുഷ്ടമായ രചനകളാണ്.

യുക്മ റീജിയന്‍ പ്രസിഡണ്ടും നല്ലൊരു സംഘാടകനും ജ്വാല ഇ മാഗസിന്റെ വളര്‍ച്ചയില്‍ നല്ലൊരു പങ്കു വഹിച്ചിരുന്ന ശ്രീ. രഞ്ജിത് കുമാറിന്റെ മരണം യുകെയിലെ സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമായിരുന്നു. മാത്യു ഡൊമിനിക് രചിച്ച സ്മൃതിയുടെ വീഥിയില്‍ എന്ന കവിത രഞ്ജിത്കുമാറിന്റെ ഓര്‍മ്മ നമ്മില്‍ ഉണര്‍ത്തും. സി.വി.കൃഷ്ണകുമാര്‍ എഴുതിയ പഠനസാമഗ്രികള്‍, സുനില്‍ ചെറിയാന്‍ എഴുതിയ രണ്ടേ നാല്, ഡോ. അപര്‍ണ നായര്‍ എഴുതിയ മോളിക്കുട്ടിയുടെ ട്രോളി എന്നീ കഥകള്‍ ജ്വാലയുടെ കഥ വിഭാഗത്തെ സമ്പന്നമാക്കുന്നു. വി. കെ. പ്രഭാകരന്റെ എഴുതിയ ഓര്‍മ്മകള്‍ ഭഗവന്‍ പുലിയോടു സംസാരിക്കുന്നു, രശ്മി രാധാകൃഷ്ണന്‍ രചിച്ച യാത്രാനുഭവം പാട്ടായ അഥവാ കടലിനു തീറെഴുതിയ നഗരം വായനയുടെ വിശാലമായ ലോകത്തേക്ക് വായനക്കാരെ നയിക്കുന്നു.

ഏപ്രില്‍ ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments