കൊച്ചി: കോടതിയലക്ഷ്യ നടപടി നേരിടുന്ന മന്ത്രി കെസി ജോസഫ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 29ന് മന്ത്രി ഹാജരാകണം. അതിന് ശേഷമാകാം മാപ്പപേക്ഷ പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റ് കുട്ടിക്കളിയല്ലെന്നും മന്ത്രി ബാലിശമായി പെരുമാറരുതെന്നും കോടതി വിമര്‍ശിച്ചു. ജഡ്ജിയെ വിമര്‍ശിച്ചതുമായ ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ.സി ജോസഫ് മാപ്പുപറഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. നിയമസഭാ ചേരുന്നതിനാല്‍ ഇന്ന് ഹാജരാകാനാകില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ ജഡ്ജിക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചുവെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയെ ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. സത്യവാങ്മൂലം പരിഗണിച്ച് കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് ചേര്‍ന്ന് സത്യവാങ്മൂലം പരിശോധിച്ചശേഷം മന്ത്രി കേസി ജോസഫിനെതിരായ കോടതിയലക്ഷ്യ നടപടി സംബന്ധിച്ച തീരുമാനമെടുക്കും.

മന്ത്രിക്കെതിരെ വി. ശിവന്‍കുട്ടി എം.എല്‍.എയാണ് ഹൈകോടതിയെ സമീപിച്ചത്. മന്ത്രിക്കെതിരെ കോടതിയലക്ഷ്യ  നടപടി സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിവന്‍കുട്ടി ഹൈകോടതിയില്‍ നേരിട്ട് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. ഹരജിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ചുമത്തി  ഇന്ന് മൂന്ന് മണിക്ക് ഹാജരായി വിശദീകരണം നല്‍കാനായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

കഴിഞ്ഞ ജൂണ്‍ 24ന് സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രി ജഡ്ജിക്കെതിരെ നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര്‍ മുഖേനയാണ് ശിവന്‍കുട്ടി എം.എല്‍.എ കോടതിയുടെ പരിഗണനക്കായി ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിനുവേണ്ടി അഡ്വ. ജയശങ്കറും ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ഇതില്‍ എജി നടപടിയൊന്നും സ്വീകരിക്കാത്തതിലാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്.

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍’ ആണെന്ന് മന്ത്രി കെ.സി. ജോസഫ് ഫെയ്‌സ്ബുക്കില്‍ നടത്തിയ പരാമര്‍ശമാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നടത്തിയ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു മന്ത്രി കെസി ജോസഫിന്റെ അവഹേളനാത്മക പരാമര്‍ശം. സ്വന്തം ഫെയ്‌സ് ബുക്കില്‍ പോസ്റ്റു ചെയ്ത പരാമര്‍ശം പിന്നീട് എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കുകയും ചെയ്തു. മാധ്യമ വാര്‍ത്തയായ ശേഷവും പ്രസ്താവന പിന്‍വലിക്കാനോ  തിരുത്താനോ മന്ത്രി തയ്യാറായിരുന്നില്ല.