ജനഹൃദയങ്ങളിൽ കാരുണ്യത്തിന്റെ നന്മ ചൊരിഞ്ഞ വിശ്വപൗരൻ.. പാലായുടെ സ്വന്തം മാണി സാർ വിടവാങ്ങുമ്പോൾ..

ജനഹൃദയങ്ങളിൽ കാരുണ്യത്തിന്റെ നന്മ ചൊരിഞ്ഞ വിശ്വപൗരൻ.. പാലായുടെ സ്വന്തം മാണി സാർ വിടവാങ്ങുമ്പോൾ..
April 09 21:00 2019 Print This Article

ബിനോയി ജോസഫ്

പാലായുടെ സ്വന്തം മാണിസാർ വിട പറഞ്ഞു.. പാലാക്കാരുടെ ജീവനായ കെ എം മാണി പൊടുന്നനെ നിത്യതയിലേയ്ക്ക് പറന്നകന്നു. കേരളം കണ്ട അതിപ്രഗത്ഭനായ രാഷ്ട്രീയാചാര്യൻ… വാക് ധോരണി കൊണ്ടും നവീനമായ ആശയങ്ങൾ കൊണ്ടും പാണ്ഡിത്യം കൊണ്ടും സംസ്ഥാന ചരിത്രത്തിൽ നിറഞ്ഞു നിന്ന മഹാനായ നേതാവ്… ലക്ഷ്യത്തിലേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുൻപോട്ട് കുതിച്ച സാധാരണ ജനങ്ങളുടെ പടനായകൻ.. തലയുയർത്തി മന്ദസ്മിതവുമായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന വിശിഷ്ട വ്യക്തിത്വം.

പാലായോട് എന്നും വിധേയത്വം പുലർത്തിയ ഭരണാധികാരിയായിരുന്നു മാണി സാർ. പാലാക്കാർ ഹൃദയത്തിൽ സൂക്ഷിക്കുന്ന വികാരമാണ് മാണിസാർ. തലമുറകളായി പകർന്നു നല്കപ്പെട്ട ഒരു പേരാണത്. പാലാ ലോകപ്രശസ്തമെങ്കിൽ അതിന്റെ ക്രെഡിറ്റ് കരിങ്ങോഴയ്ക്കൽ കുഞ്ഞു മാണി എന്ന മാണി സാറിന് തന്നെ.. സംഘാടന മികവിലൂടെയും അസാമാന്യമായ വ്യക്തിത്വത്തിലൂടെയും തന്നിലേയ്ക്കും താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിലേയ്ക്കും ആയിരങ്ങളെയാണ് മാണിസാർ ആകർഷിച്ചത്.

കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കരസ്പർശം പതിഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്. വൈദ്യുതി വിപ്ളവം മുതൽ കാരുണ്യ പദ്ധതി വരെ കേരള ജനതയ്ക്കായി അദ്ദേഹം ഒരുക്കി.

രാഷ്ട്രീയ തന്ത്രങ്ങളും നയതന്ത്രജ്ഞതയും ഉയർന്ന കാഴ്ചപ്പാടുകളുമായി അരനൂറ്റാണ്ടിലേറെ കേരള രാഷ്ടീയത്തിലെ അതികായനായി മാണിസാർ വിരാജിച്ചു. മധ്യ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഭൂപടത്തിൽ എന്നും പ്രഥമസ്ഥാനം അലങ്കരിക്കുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസിനെ അദ്ദേഹം വളർത്തി. ആയിരക്കണക്കിന് യുവാക്കളെയാണ് ആ പ്രസ്ഥാനം കേരളത്തിന്റെ രാഷ്ട്രീയക്കളരിലേയ്ക്ക് കൈപിടിച്ചു നയിച്ചത്. കെ.എം മാണി എന്നാൽ വെറുമൊരു രാഷ്ടീയ നേതാവായിരുന്നില്ല, മറിച്ച് ഈ തലമുറ ദർശിച്ച ഒരു അനിതരസാധാരണമായ പ്രസ്ഥാനവും പ്രതിഭാസവുമായിരുന്നു.

ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീമാചാര്യൻ. കേരളത്തിന്റെ ഖജനാവിനെ ഏറ്റവും കാലം നിയന്ത്രിച്ച ധനകാര്യ മന്ത്രി… ആഭ്യന്തരവും റവന്യൂവും നിയമവും വൈദ്യുതിയും ജലസേചനവും തുടങ്ങിയ മിക്ക വകുപ്പുകളും അനായാസം കൈകാര്യം ചെയ്ത മാനേജ്മെന്റ് വിദഗ്ദനായിരുന്നു കെ.എം മാണി. മികച്ച പാർലമെന്റേറിയനായും നിയമ വിദഗ്ദ്ധനായും അദ്ദേഹം പേരെടുത്തു. ഇടത് വലത് പക്ഷങ്ങളോടൊപ്പം അധികാരം പങ്കിട്ട് നാടിനെ സേവിച്ച, അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം.

പാലായെ സ്വന്തം ജീവനെപ്പോലെ സ്നേഹിച്ചു മാണിസാർ. അവരുടെ ദുഃഖങ്ങളിലും സന്തോഷത്തിലും ഒരു മുതിർന്ന കാരണവരായി ഓടിയെത്തിയിരുന്ന മാണി സാർ. അതെ പാലായെന്ന വലിയ കുടുംബത്തിന്റെ വഴികാട്ടിയായ കുടുംബനാഥനായിരുന്നു അദ്ദേഹം. തന്റെ മണ്ഡലത്തിലുള്ളവരെ അടുത്തറിഞ്ഞ് പേരുവിളിച്ച് സംവദിച്ചിരുന്ന നേതാവായിരുന്നു മാണിസാർ. അദ്ദേഹത്തിന്റെ അനുഗ്രഹ സ്പർശമേറ്റുവാങ്ങാത്ത ജനങ്ങൾ പാലാമണ്ഡലത്തിൽ ഉണ്ടാവാനിടയില്ല.

ഏവർക്കും മാതൃകയായ ഒരു പൊതു പ്രവർത്തകനായിരുന്നു കെ.എം മാണി. എല്ലാ മതസ്ഥരെയും സ്നേഹത്തോടെ ആശ്ളേഷിച്ച വ്യക്തിത്വം. എല്ലാ മത രാഷ്ട്രീയ നേതാക്കളുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം കേരള രാഷ്ട്രീയ തട്ടകത്തിൽ അനിഷേധ്യ സാന്നിധ്യമായിരുന്നു. താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനം പലതവണ പിളർന്നപ്പോഴും അണികളെ ഒപ്പം നിർത്തി  രാഷ്ട്രീയ മുഖ്യധാരയിൽ നിർണായക ശക്തിയാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സ്വന്തം ജനതയെ എന്നും സ്നേഹിച്ച് സംരക്ഷിച്ച മാണിസാർ വിടപറയുമ്പോൾ ഹൃദയത്തിൽ വിങ്ങിപ്പൊട്ടുകയാണ് പാലാ എന്ന കർഷകനാട്. മാണിസാർ ഇല്ലാത്ത പാലാ ആ ജനതയ്ക്ക് ആലോചിക്കാനേ പറ്റുന്നതല്ല. അതെ,  പാലാക്കാർക്ക് എം എൽഎയും മന്ത്രിയും പ്രധാനമന്ത്രിയും മാണിസാർ തന്നെയായിരുന്നു.. പ്രഗത്ഭനായ ജനനായകൻ വിട പറയുമ്പോൾ… നിശബ്ദമായി ജനസഹസ്രങ്ങൾ ഹൃദയവേദനയോടെ കണ്ണീർ പൊഴിക്കുന്നു. പാലാ കേഴുകയാണ്. അതെ, പാലാക്കാരുടെ എല്ലാമെല്ലാമായ മാണിസാർ… ഇനി ഓർമ്മകളിൽ മാത്രം.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles