നന്തന്‍കോട് കൂട്ടക്കൊലപാതകകേസിലെ പ്രതി കേഡല്‍ ആദ്യം കൊന്നത് അമ്മയെ. താനുണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിമിംഗ് കാണിച്ചു തരാമെന്ന്  പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തിയാണ് അമ്മയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ആത്മാവിന് ശക്തിയേകാനാണ് കൊലപാതകങ്ങള്‍ ചെയ്തതെന്നാണ് മൊഴി. പ്രതിപറയുന്ന കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്ന്  പൊലീസ് പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് കേഡല്‍ അമ്മയെയും അച്ഛനെയും സഹോദരിയും കൊല്ലുന്നത്. രാവിലെ പത്തുമണിക്ക് അമ്മ ഡോ. ജീന്‍ പദ്മ ഒരു ബന്ധുവിനെ വിളിച്ചിരുന്നു. ഇതിനുശേഷമാകാം കൊലപാതകം നടന്നതെന്നാണ് സംശയം. കുട്ടികള്‍ക്കായി തയ്യാറാക്കിയ കമ്പ്യൂട്ടര്‍ ഗെയിം കാണിച്ചുതരാമെന്ന് പറഞ്ഞാണ് അമ്മയെ മുറിയിലേക്ക് വിളിപ്പിച്ചത്. കൈയിലുള്ള മഴുകൊണ്ട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തി. ഉച്ചയ്ക്കാണ് അച്ഛന്‍ രാജ തങ്കവും സഹോദരി  കരോലിനും പുറത്തുനിന്നും എത്തുന്നത്.താഴത്തെ നിലയില്‍ രണ്ടുപേരും ആഹാരം കഴിച്ചു.  ആദ്യം കരോലിനാണ് മുകളിലെത്തി മുറിയിലേക്ക് പോയത്. പിന്നാലെ അച്ഛനും പോയി. രണ്ടുപേരെയും മുറിയിലേക്ക് വിളിപ്പിച്ചായിരുന്നു കൊലചെയ്തതെന്നാണ് കേഡലിന്റെ മൊഴി. മൃതദേഹങ്ങള്‍ മുറിയിലെ കുളിമുറിയില്‍ കൊണ്ടിട്ടു. ശനിയാഴ്ചയാണ് ബന്ധുവായ ലളിതയെ കൊലപ്പെടുത്തുന്നത്. ഇതിനുശേഷം മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇടക്ക് തീയണക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊള്ളലേറ്റത്.

ഓണ്‍ലൈന്‍ വഴി മാസങ്ങള്‍ക്ക് മുമ്പ് മഴു വാങ്ങി. മാസങ്ങള്‍ക്കു മുമ്പ് ഒരു ആള്‍രൂപമുണ്ടാക്കി മുറിക്കുള്ളില്‍ വച്ചിരുന്നു. ആസ്‌പ്രല്‍ പ്രജക്ഷന്‍ പോലെ ആത്മാവിനെ പുറത്തെടുത്തുകൊണ്ടുള്ള ചില പരീക്ഷണങ്ങള്‍  ചെയ്തിരുന്നതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്.പത്ത് വർഷത്തിലേറെയായി കുടുംബാംഗങ്ങൾ അറിയാതെ സാത്താൻ സേവ നടത്തുകയായിരുന്നു എന്നാണ് കേഡൽ ജീൻസൺ പൊലീസിന് മൊഴി നൽകിയത്. ഒാസ്ട്രേലിയയിൽ നിന്ന് നാട്ടിൽ എത്തിയശേഷം ഇന്റർനെറ്റിലൂടെയാണ് സാത്താൻ സേവയുടെ ഭാഗമായത്. ശരീരത്തെ കുരുതി നൽകി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താൻ നടത്തിയതെന്നും കേഡൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.  നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുനെന്നും പ്രതി പറഞ്ഞു. എന്നാൽ ഇൗ വെളിപ്പെടുത്തൽ പൂർണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

കേഡൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യൽ തൽക്കാലത്തേയ്ക്ക് അവസാനിപ്പിച്ചു. വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തിയശേഷമാകും വിശദമായ ചോദ്യം ചെയ്യൽ. നാട്ടുകാർ പ്രകോപിതരാകാനുള്ള സാധ്യതയുള്ളതിനാൽ പ്രതിയെ രഹസ്യമായി സംഭസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.