ഉദൽഗുരി: ശാസ്ത്ര അദ്ധ്യാപികയുടെ കുടുംബം മൂന്ന് വയസുകാരിയെ ബലികൊടുക്കാൻ ശ്രമിച്ചു. ആസ്സാമിലെ ഉദൽഗുരി ജില്ലയിലാണ് സംഭവം. മൂന്ന് വയസുകാരിയെ ബലി കൊടുക്കാനുള്ള ശ്രമം തടയാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ശാസ്ത്ര അദ്ധ്യാപികയുടെ കുടുംബത്തിലെ ഒരംഗം കൊല്ലപ്പെട്ടു. കുടുംബത്തിലെ സ്ത്രീകളടക്കമുള്ളവർ നഗ്നരായി മന്ത്രങ്ങൾ ഉച്ചരിക്കുന്നെന്നും മൂന്ന് വയസുകാരിയെ ബലികൊടുക്കാൻ പോവുകയാണെന്നും പൊലീസിനെ അറിയിച്ചത് നാട്ടുകാരാണ്. അദ്ധ്യാപികയുടെ സഹോദരന്റെ മൂന്ന് വയസുള്ള മകളെയാണ് ബലികൊടുക്കാൻ ശ്രമിച്ചത്.

ശാസ്ത്ര അദ്ധ്യാപികയ്ക്കടക്കം പരിക്കേറ്റു. പരിക്കേറ്റവരെ ഗുവാഹത്തിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ധ്യാപികയുടെ മകൻ പുലകേഷ് സഹാരിയയാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.മൂന്ന് വയസുകാരിയെ നീളമുള്ള വാളുപയോഗിച്ച് കഴുത്തറുത്ത് കൊല്ലാനായി മന്ത്രവാദി ശ്രമിച്ച ഘട്ടത്തിൽ നാട്ടുകാർ ഇടപെട്ടു. ഇവർ മൂന്ന് വയസുകാരിയെ ബലികൊടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തി പെൺകുട്ടിയെ രക്ഷിച്ചു. എന്നാൽ കുടുംബാംഗങ്ങൾ വാളുകളും മഴുവും കല്ലും വടികളും ഉപയോഗിച്ച് നാട്ടുകാരെ ആക്രമിച്ചു. പിന്നീടിവർ വീട്ടിലെ ഇരുചക്രവാഹനങ്ങളും കാറും ടിവി സെറ്റും ഫ്രിഡ്ജും തീവച്ച് നശിപ്പിച്ചു.

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇവരുടെ കുടുംബത്തിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം പതിവായി ഇവിടെ മന്ത്രവാദം നടന്നുവരുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. അക്രമാസക്തരായ കുടുംബത്തെ തടയാനാണ് വെടിയുതിർത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.