ജിമ്മി ജോസഫ്

മലയാളത്തിന്റെ ആദ്യ കോടിപതി സംവിധായകന്‍ ശ്രീ വൈശാഖ് നിലവിളക്ക് തെളിച്ചു കൊണ്ട് കലാകേരളം ഗ്ലാസ് ഗോയുടെ നവവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഈസ്റ്റ്കില്‍ ബ്രൈഡ് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളിഹാളില്‍ 21/5/17 ഞായറാഴ്ച നടത്തപ്പെട്ട ചടങ്ങ് തികച്ചും ലളിതവും സുന്ദരവുമായി.

ഔപചാരിതകള്‍ ഒന്നുമില്ലാതെ തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ട ചടങ്ങില്‍ കലാകേരളത്തിന്റെ പ്രാരംഭ കാല പ്രവര്‍ത്തകനേതാവും, സജീവ സാന്നിദ്ധ്യവുമായ ബിജി എബ്രാഹത്തിന്റെ സഹോദരന്‍ എബി എബ്രാഹം എന്ന, തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍ :
സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശ്രീ വെശാഖിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഭാര്യ നീന, കുട്ടികളായ ഇസബെല്ല, ഡേവ് എന്നിവരോടുമൊപ്പം കലാകേരളം കുടുംബവും ചേര്‍ന്നപ്പോള്‍ അതൊരു വേറിട്ട സ്നേഹ സംഗമമായിത്തീര്‍ന്നു.

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ക്ഷണനേരം കൊണ്ട് സുഹൃത്തുക്കളാക്കുന്ന അദ്ദേഹത്തിന്റെ ലാളിത്യവും, സ്നേഹവും നിറഞ്ഞ പെരുമാറ്റം സദസ്സുമായി പെട്ടന്ന് ഇഴുകിച്ചേരാന്‍ സഹായകമായി. വിജയത്തിലേക്ക് കുറുക്കുവഴികള്‍ ഇല്ലെന്നും അഞ്ചു വയസ്സു മുതല്‍ മനസ്സില്‍ കൊണ്ടു നടന്ന ഒരേയൊരു സ്വപ്നമാണ് ഇവിടെ വരെ എത്തിച്ചതെന്നും അതുകൊണ്ട് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിരന്തരം പരിശ്രമിക്കണമെന്ന് പുതു തലമുറയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.


പല വിധ പ്രശ്നങ്ങളാലും, മാനസിക പിരിമുറുക്കങ്ങളാലും വലയുന്ന പ്രവാസ ജീവിതത്തിന് സമാശ്വാസം നല്‍കുന്ന ഏറ്റവും നല്ല മരുന്ന് കലയും കലാപ്രവര്‍ത്തനങ്ങളുമാണെന്നും മല്‍സരങ്ങളുടെ അതിര്‍വരമ്പുകള്‍ സ്നേഹവും സൗഹൃദവും മാത്രമായിരിക്കണമെന്നും അവ കൂടുതല്‍ കരുത്തോടെ മുമ്പോട്ട് കൊണ്ടുപോകാന്‍ കലാകേരളം ഗ്ലാസ് ഗോയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

എല്ലാ കലാകേരളം അംഗങ്ങളോടും അവരുടെ കുടുംബത്തോടുമൊപ്പം സംസാരിക്കാനും ഫോട്ടോ എടുക്കാനും സമയം ചിലവഴിച്ച ആ വലിയ കലാകാരന്‍ യാത്ര പറയുമ്പോള്‍
അക്ഷരാര്‍ത്ഥത്തില്‍ കലാകേരളം ഗ്ലാസ് ഗോ ഒരു വൈശാഖ പൗര്‍ണ്ണമിയില്‍ മുങ്ങിപ്പോയിരുന്നു. കലാകേരളത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ തുടക്കം ജൂണ്‍ 4 ന് ചേരുന്ന കുടുംബ സംഗമത്തോടെ ആരംഭിക്കും.