കൊച്ചി: ബസിനുള്ളില്‍ നിന്ന് വലിച്ചിറക്കി യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ട്രാവല്‍സിന്റെ വൈറ്റിലയിലെ ഓഫീസില്‍ ഇന്ന് തെളിവെടുപ്പ്. കേസില്‍ റിമാന്‍ഡിലായ പ്രതികളെ ഓഫീസിലെത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. ഏഴു പേരാണ് കേസില്‍ റിമാന്‍ഡിലായത്. ഇവരെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യും.

ചൊവ്വാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി. യാത്രക്കാരെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവത്തില്‍ കമ്പനി ഉടമ സുരേഷ് കല്ലടയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായത്. രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് ആദ്യം സുരേഷ് കല്ലട ഒഴിവുകഴിവ് പറഞ്ഞെങ്കിലും പിന്നീട് പൊലീസ് നടപടി ഭയന്ന് ഹാജരാവുകയായിരുന്നു.

തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് സുരേഷ് കല്ലട ആദ്യം പൊലീസിനെ അറിയിച്ചത്. ഇതോടെ ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷിന് നോട്ടീസ് നല്‍കിയിരുന്നത്.