2018 മാര്‍ച്ച് 08 ടിവിയില്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു, ‘മികച്ച നടന്‍ ഇന്ദ്രന്‍സ്. ചിത്രം ആളൊരുക്കം.

കഥയുടെ ഫ്ളാഷ് ബാക്ക് ഇങ്ങനെ …

ഇന്ദ്രന്‍സിന്റെ തിരുവനന്തപുരത്തെ വീട് ആര്‍പ്പുവിളികളിലേക്കമര്‍ന്നു. ഒന്നുംമിണ്ടാതെ നിറഞ്ഞ ചിരിയോടെ ജേതാവ് അതേ കസേരയില്‍തുടര്‍ന്നു. അഭിനന്ദനമറിയിക്കാന്‍ ആളുകളുടെ ഒഴുക്കായിരുന്നു പിന്നീട്. ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. രാത്രി പിന്നിടുമ്പോഴും അത് തുടര്‍ന്നു. ഇതിനിടയില്‍ ഒരു ഫോണ്‍ കോള്‍ ഇന്ദ്രന്‍സിനെ പെട്ടെന്ന് നിശബ്ദനാക്കി. അങ്ങേത്തലയ്ക്കല്‍നിന്നുള്ള വാക്കുകള്‍ തലയാട്ടി കേട്ടു. പിന്നെ മൗനം വെടിഞ്ഞു… ‘അയ്യോ, എന്നോട് മാപ്പൊന്നും പറയല്ലേ. എനിക്കത് മനസ്സിലാകും. അതിലൊന്നും വിഷമമില്ല. എന്നോട് മാപ്പ് പറയരുത്..’ ഇന്ദ്രന്‍സിന്റെ വാക്കുകള്‍ മുറിഞ്ഞു. അംഗീകാരത്തിന്റെ ചവിട്ടുപടിയില്‍ ആഹ്ലാദത്തോടെനിന്ന നടനോട് ആരാണ് മാപ്പ് പറഞ്ഞത് ? ഇന്ദ്രന്‍സിനോട് അയാള്‍ ചെയ്ത തെറ്റ് എന്തായിരിക്കും ? ചോദ്യങ്ങളുടെ ഉത്തരംതേടിയുള്ള യാത്ര അവസാനിച്ചത് അനിശ്ചിതത്വങ്ങള്‍ വേട്ടയാടിയ ഒരു സിനിമയുടെ ലൊക്കേഷനിലാണ്. അതെ, ദിലീപിന്റെ ‘കമ്മാരസംഭവം’ എന്ന സിനിമയുടെ ഗോവയിലെ ലൊക്കേഷനില്‍ ! ഇന്ദ്രന്‍സിനോട് മാപ്പുപറഞ്ഞത് ഷഫീര്‍ സേഠ് ആണ്. അയാളാണ് ‘കമ്മാരസംഭവ’ത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മാപ്പ് പറയാനെന്തായിരുന്നു കാരണം ?

മലയാളത്തിലെ മുന്‍നിര നിര്‍മാണക്കമ്പനിയുടെ പുതിയ ചിത്രം. വിജയം ആവര്‍ത്തിക്കാന്‍ കോപ്പുകൂട്ടി ജനപ്രിയനായകന്‍. കഥാപാത്രത്തിന് വിവിധ ഗെറ്റപ്പുകള്‍ ഉള്ളതിനാല്‍ കൃത്യമായ ഇടവേളകളെടുത്ത് ഷെഡ്യൂളുകളായാണ് ചിത്രീകരണം. രണ്ടാം ഷെഡ്യൂള്‍ മറ്റന്നാള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍. നിര്‍മാണച്ചുമതല ഷഫീര്‍ സേഠിനാണ്. പ്രധാനതാരങ്ങള്‍ ഒന്നിച്ചുവരുന്ന രംഗങ്ങളാണ് അടുത്തദിവസങ്ങളില്‍ ചിത്രീകരിക്കേണ്ടത്. താരങ്ങളുടെ ഡേറ്റുകള്‍ തലവേദന സൃഷ്ടിക്കുന്ന സമയം. എങ്കിലും വന്‍ബഡ്ജറ്റ് സിനിമയായതിനാല്‍ എല്ലാവരും സഹകരിക്കാന്‍ തയ്യാറായി, ഒരാള്‍ ഒഴികെ !

ഇന്ദ്രന്‍സായിരുന്നു ആ നടന്‍. ഏതുനിമിഷം വിളിച്ചാലും പരിഭവമോ പരാതിയോ ഇല്ലാതെ എത്തുന്നയാളായതിനാലും വലിയ തിരക്കില്ല എന്ന മുന്‍വിധിയുള്ളതിനാലും ഷഫീര്‍ സേഠ് ഏറ്റവും ഒടുവിലാണ് ഇന്ദ്രന്‍സിനെ വിളിച്ചത്.

” ക്ഷമിക്കണം. നിങ്ങള്‍ പെട്ടെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാകും. മുന്‍കൂട്ടിപറയാത്തതുകൊണ്ട് വരുംദിവസങ്ങള്‍ മറ്റൊരു സിനിമയ്ക്ക് കൊടുത്തുപോയി.”

ഇന്ദ്രന്‍സിന്റെ വാക്കുകള്‍കേട്ട് ഷഫീര്‍ ചിരിച്ചു. ഇതൊക്കെ സിനിമയില്‍ സര്‍വസാധാരണമാണ്. “ആ സിനിമ ഒഴിവാക്കൂ. ഇല്ലെങ്കില്‍ ഞങ്ങളുടെ സിനിമ കഴിഞ്ഞ് തുടങ്ങാം എന്ന് പറയൂ. താങ്കളില്ലെങ്കില്‍ കമ്മാരസംഭവം മുടങ്ങും. പിന്നെയൊരിക്കലും മറ്റ് നടന്മാരുടെ ഡേറ്റ് ഇങ്ങനെ ഒന്നിച്ചുകിട്ടില്ല. വന്നേ പറ്റൂ”. ഷഫീര്‍ വാക്കുകള്‍ കടുപ്പിച്ചു. പക്ഷെ, ഇന്ദ്രന്‍സിന് ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ. ” ഞാന്‍ വാക്കുകൊടുത്തതാണ്. വലിയ സിനിമയായാലും ചെറിയ സിനിമയായാലും എനിക്ക് ഒരുപോലെയാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ആ സംവിധായനോട് സംസാരിക്കാം. അയാള്‍ സമ്മതിച്ചാല്‍ ഞാന്‍ വരാം.”

സ്വന്തം സിനിമ പൂര്‍ത്തിയാക്കുക, അതുമാത്രമായിരുന്നു ഷഫീര്‍ സേഠിനുമുന്നില്‍. ഇന്ദ്രന്‍സിനൊപ്പം മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ, അതൊക്കെ മറന്ന് ഷഫീര്‍ ഇന്ദ്രന്‍സിനോട് സംസാരിച്ചു. ഇന്ദ്രന്‍സ് നിലപാടിലുറച്ചുനിന്നു. അടുത്ത നിമിഷം ഷഫീര്‍ ആ ചിത്രത്തിന്റെ സംവിധായകനെ ഫോണില്‍ ബന്ധപ്പെട്ടു. ഇന്ദ്രന്‍സിനെ വേണമെന്ന് ആവശ്യപ്പെട്ടു. ” ചേട്ടാ, ഇത് എന്റെ ആദ്യസിനിമയാണ്. ഇപ്പോള്‍ നടന്നില്ലെങ്കില്‍ പിന്നീട് നടക്കുമോ എന്ന് യാതൊരു ഉറപ്പുമില്ല. ഭാവി നശിപ്പിക്കരുത്.”

aalorukkam_Indran_VCAbhilash0

ഒന്നുംമിണ്ടാതെ ഫോണ്‍ കട്ടുചെയ്തു. സ്വന്തം സിനിമ എന്നതിനപ്പുറം ഒന്നിനെകുറിച്ചും ഷഫീര്‍ ചിന്തിച്ചില്ല. അതിനുവേണ്ടി ആര് ബലിയാടായാലും പ്രശ്നമില്ലെന്ന തോന്നലാണ് അയാളെ നയിച്ചുകൊണ്ടിരുന്നത്. വീണ്ടും ഇന്ദ്രന്‍സിനെ വിളിച്ചു. ഇന്ദ്രന്‍സ് നിലപാടോ ഭാഷയോ മാറാതെ പ്രതികരിച്ചു. ‘ആ സംവിധായകന്‍ ആഗ്രഹിച്ചുചെയ്യുന്ന സിനിമയാണ്. ഞാന്‍ പറഞ്ഞാല്‍ അയാള്‍ സിനിമ മാറ്റിവയ്ക്കും. പക്ഷെ, പ്രൊഡ്യൂസറെ നഷ്ടപ്പെട്ടേക്കാം. പിന്നീടൊരു പ്രൊഡ്യൂസറെ കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ ? എങ്കില്‍ ഞാന്‍ വരാം. ഞാനിഷ്ടപ്പെട്ടുചെയ്യുന്ന കഥാപാത്രമായതിനാല്‍ കുറച്ച് തയ്യാറെടുപ്പുകള്‍ വേണ്ടിവന്നിട്ടുണ്ട്. അതിന്റെ മാറ്റങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ ലൊക്കേഷനിലെത്തിയാലും പ്രതിഫലിച്ചേക്കാം. അതിന്റെ പേരില്‍ അപ്പോള്‍ വിരോധം തോന്നരുത്. ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം…”

ആ വാക്കുകളൊന്നും ഷഫീര്‍ സേഠ് കേട്ടില്ല. ഇന്ദ്രന്‍സിനോടുള്ള ദേഷ്യം അയാളില്‍ പകയായി മാറുകയായിരുന്നു. കാണിച്ചുതരാം എന്ന മുന്നറിയിപ്പോടെ സംഭാഷണം അവിടെ അവസാനിച്ചു. മുന്നില്‍ ഒറ്റ ലക്ഷ്യം മാത്രം. ആ സിനിമ മുടക്കിയായാലും സ്വന്തം സിനിമ നടത്തണം. ഷഫീര്‍ അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇത്തരം ഘട്ടങ്ങളില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് അനുകൂലമായാണ് സംഘടനകള്‍ നിലപാട് സ്വീകരിക്കുക. അതിനാല്‍ ഇന്ദ്രന്‍സിന്റെ സിനിമ മാറ്റിവയ്ക്കേണ്ടിവരുമെന്നുറപ്പാണ്. സംഘടനാച്ചുമതലയുള്ള മുതിര്‍ന്ന നിര്‍മാതാവിനെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. ഉടന്‍ നടപടി എടുക്കാമെന്ന ഉറപ്പുംവാങ്ങി. ഇന്ദ്രന്‍സിനെ ഉള്‍പ്പെടുത്തി കമ്മാരസംഭവം നിശ്ചിതസമയത്ത് തുടങ്ങാമെന്ന് അപ്പോള്‍തന്നെ സംവിധായകനെ അറിയിച്ചു. ഷഫീറിന് അഭിമാനനിമിഷങ്ങള്‍. ആഹ്ലാദത്തോടെ, ജേതാവിന്റെ മനസ്സോടെ ഉള്ളില്‍ച്ചിരിയുമായി താമസിക്കുന്ന ഹോട്ടലിലേക്ക് ഷഫീര്‍ സേഠ് കാറോടിച്ചു. പക്ഷെ, ആ ആനന്ദത്തിന് ആയുസ് കുറവായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഒരു വാര്‍ത്ത സകലസന്തോഷങ്ങള്‍ക്കും വിരാമമിട്ടു… ‘നടന്‍ ദിലീപ് അറസ്റ്റില്‍..’. ആ വാര്‍ത്തയും നായകന്റെ ജയില്‍വാസവും ‘കമ്മാരസംഭവ’ത്തെ ഇരുട്ടിലാക്കി !

kerala-int-1

ജാമ്യത്തില്‍ ദിലീപ് പുറത്തിറങ്ങിയതോടെ ‘കമ്മാരസംഭവം’ പുനഃരാരംഭിച്ചു. മറ്റുതാരങ്ങള്‍ക്കൊപ്പം ഇന്ദ്രന്‍സും ചിത്രീകരണത്തില്‍ പങ്കെടുത്തു. ഇന്ദ്രന്‍സും ഷഫീറും മുഖാമുഖം കണ്ടു. എങ്കിലും പരസ്പരം ഒന്നും ചോദിച്ചില്ല. ഒന്നും പറഞ്ഞതുമില്ല. പക്ഷെ, ദിവസങ്ങള്‍ക്കിപ്പുറം ഷഫീര്‍ സേഠ് ആ സത്യം തിരിച്ചറിഞ്ഞു…”ഞാന്‍ മുടക്കാന്‍ ശ്രമിച്ച ചിത്രം ‘ആളൊരുക്ക’മായിരുന്നു. സംവിധായകന്‍ വി.സി. അഭിലാഷിനെയായിരുന്നു ഞാന്‍ അന്ന് വിളിച്ചിരുന്നത് . ‘ആളൊരുക്കം’ ഇന്ദ്രന്‍സ് ചേട്ടന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തപ്പോള്‍ ഇല്ലാതായത് എനിക്ക് അദ്ദേഹത്തോട് തോന്നിയ പകയോ ദേഷ്യമോ മാത്രമല്ല, നമ്മള്‍ നമ്മളെകുറിച്ച് സ്വയം കെട്ടിപ്പൊക്കുന്ന ചിലതുണ്ടല്ലോ, അതുകൂടിയാണ്. ചെയ്യുന്ന ജോലിയോട് നൂറുശതമാനം ആത്മാര്‍ഥത കാണിക്കുന്നയാളാണ് അദ്ദേഹം. എന്ത് കാരണത്തിന്റെ പേരിലായാലും എനിക്ക് അദ്ദേഹത്തോട് മോശമായി സംസാരിക്കേണ്ടിവന്നു. തിരികെ എന്നോട് മോശമായി ഒരുവാക്കുപോലും പറഞ്ഞതുമില്ല. ചെയ്തത് പൊറുക്കാന്‍ പറ്റാത്ത തെറ്റാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തോട് മാപ്പിരന്നത്. കലാകാരനാണ് ഞാന്‍. മാപ്പുചോദിച്ചില്ലെങ്കില്‍ ഞാന്‍ മനുഷ്യനല്ലാതാവും.”

തുന്നിത്തഴമ്പിച്ച ഇന്ദ്രന്‍സിന്റെ കൈകള്‍ സംസ്ഥാനപുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ ‘കമ്മാരസംഭവം’ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടാവും. ആ ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സുരേന്ദ്രന്‍ എന്നാണ്. ഇന്ദ്രന്‍സിന്റെ ജീവിതത്തിലെ യഥാര്‍ഥ പേര്. സിനിമയും ജീവിതവും കെട്ടുപിണഞ്ഞ സുരേന്ദ്രന്റെ യാത്ര പരിഭവങ്ങളില്ലാത്ത വീഥികളിലൂടെയാണ്. അവിടെ ശത്രുവിന് സ്ഥാനമില്ല. അതുകൊണ്ടുതന്നെ മാപ്പിന് പ്രസക്തിയുമില്ല.