കഴിഞ്ഞ ദിവസമാണ് കഞ്ചാവ് വില്പനക്കാരി സൈനബ ചെറുതുരുത്തിയില്‍ വച്ച് പോലീസ് വലയിലായത്. അറസ്റ്റിലായ സൈനബയുടെ കൈയില്‍ നിന്നും കണ്ടെടുത്ത ചുവന്ന പട്ടില്‍ പൊതിഞ്ഞ് മഞ്ഞള്‍ പൂശിയ കല്ല്‌ പോലീസില്‍ സംശയവും ദുരൂഹതയും ജനിപ്പിച്ചു. തുടര്‍ന്നാണ് ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്.

കല്ലിന്റെ പിന്നാലെ പോയ പോലീസിന് ലഭിച്ചത് രസകരമായ വിവരങ്ങളാണ്. തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് നല്‍കുന്ന സംഘമാണത്രേ ഈ കല്ലും നല്‍കുന്നത്. ഈ കല്ല്‌ കൈയില്‍ വച്ചിരുന്നാല്‍ പോലീസ് പിടിക്കില്ലത്രേ. “ഇന്ത കല്ല്‌ ഇരികട്ടും, പോലീസ് പിടിക്കാത്” എന്ന് പറഞ്ഞാണ് കഞ്ചാവ് മാഫിയ കല്ലുകള്‍ നല്‍കുന്നത്.

പൂജിച്ച കല്ലിന് പ്രത്യേക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് കല്ലുകള്‍ നല്‍കുന്നത്. പൊള്ളാച്ചി-പഴനി ഭാഗങ്ങളിലെ കഞ്ചാവ് വില്പനക്കാരാണ് ഇത്തരത്തില്‍ കല്ലുകള്‍ നല്‍കുന്നതെന്നും പോലീസ് കണ്ടെത്തി. കല്ലിന്റെ ശക്തിയില്‍ വിശ്വസിച്ചാണ് കഞ്ചാവ് കടത്തുകാര്‍ കിലോക്കണക്കിന് കഞ്ചാവുമായി കേരളത്തിലേക്ക് കടക്കുന്നത്.

സ്ത്രീ ആയതിനാല്‍ പെണ്‍കുട്ടികളും വ്യാപകമായി സൈനബയുടെ സ്ഥിരം ഇടപാടുകായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കിലോയ്ക്ക് 20,000 രൂപയോളം വച്ചാണ് ഇവര്‍ കഞ്ചാവ് വിറ്റഴിച്ചിരുന്നത്.

വന്‍തോതില്‍ കൊണ്ടുവരുന്ന കഞ്ചാവ് സൂക്ഷിക്കാന്‍ പെരിന്തല്‍മണ്ണ, ചെറുതുരുത്തി, ആളൂര്‍, പെരുമ്പാവൂര്‍, കോണത്ത് കുന്ന് എന്നിവിടങ്ങളില്‍ സംഭരണ കേന്ദ്രങ്ങളും ഉണ്ടായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വടക്കാഞ്ചേരി സി.ഐ പി.എസ്.സുരേഷ് കുമാര്‍, ചെറുതുരുത്തി എസ്.ഐ പദ്മരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.