തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ‘തലൈവി’ എന്ന ചിത്രത്തില്‍ ജയലളിതയുടെ കൂട്ടുകാരിയും പിന്നീട് രാഷ്ട്രീയ നേതാവുമായി തീര്‍ന്ന ശശികലയായി മലയാള താരം ഷംന കാസിം വേഷമിടുന്നു. എ.എല്‍.വിജയ്‌ സംവിധാനം ചെയ്യുന്ന തമിഴ്-തെലുങ്ക് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്‌ ഹിന്ദി താരം കങ്കണ റണൗട്ട് ആണ്.

“എ.എല്‍.വിജയ്‌ ഒരുക്കുന്ന ‘തലൈവി’ എന്ന ചിത്രത്തിന്‍റെ ഭാഗമാണ് ഞാനും എന്നറിയിക്കുന്നതില്‍ അതീവ സന്തോഷമുണ്ട്. ഉരുക്കുവനിതയായ ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയില്‍ കങ്കണ റണൗട്ട്, അരവിന്ദ് സ്വാമി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നത് വിലപ്പെട്ട ഒരു അവസരമായി കരുതുന്നു,” ഷംന കാസിം ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

‘ബാഹുബലി’, ‘മണികർണിക’, ‘ഭജ്‌രംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെ.വി.വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി.വി.പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എംജിആറായി എത്തുന്നത്‌ അരവിന്ദ് സ്വാമിയാണ്.

‘തലൈവി’ എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവൻ ദീപകിൽ നിന്നും തങ്ങൾ എൻഒസി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി കങ്കണ എത്തിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ജയലളിതയുമായി ഒരു രൂപസാദൃശ്യവുമില്ലെന്നും അവരുടെ കാരിക്കേച്ചര്‍ മാത്രമാണ് കങ്കണ എന്നുമൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ റിലീസ് ചെയ്തത്. ജയലളിതയുമായി സാദൃശ്യമുള്ള ആ പോസ്റ്റര്‍ സ്വീകരിക്കപ്പെടുകയും ചെയ്തു.

“ജയലളിതയെ അവതരിപ്പിക്കാന്‍ കങ്കണയേക്കാള്‍ മെച്ചപ്പെട്ട ഒരാളില്ല. ‘തലൈവി’യ്ക്കായി പത്തു കിലോ ഭാരമാണ് അവര്‍ കൂട്ടിയത്. അവരുടെ നിലയില്‍ നില്‍ക്കുന്ന ഒരു നടിക്ക് അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. വികാരനിര്‍ഭരമായ രംഗമോ, ഭാരതനാട്യമോ എന്തുമാകട്ടെ, അവര്‍ മനോഹരമായി ചെയ്യും. ഒറ്റ വിശേഷണത്തില്‍ വിശദീകരിക്കാനാവുന്ന ഒരാളല്ല കങ്കണ. അവരെപ്പോലെ സമര്‍പ്പണ മനോഭാവമുള്ള മറ്റൊരു അഭിനേതാവിനെ ഞാന്‍ കണ്ടിട്ടില്ല. ‘ഡയറക്ടേഴ്സ് ഡിലൈറ്റ്’ ആണവര്‍. ലേഡി ആമിര്‍ ഖാന്‍ എന്നും വേണമെങ്കില്‍ പറയാം. എനിക്ക് അഭ്യര്‍ഥിക്കാനുള്ളത് പ്രേക്ഷകര്‍ തുറന്ന മനസോടെ വന്നു അവര്‍ ജയലളിതയായി അഭിനയിക്കുന്നത് കണ്ടു വിലയിരുത്തണം എന്നാണ്,”  എ.എല്‍.വിജയ്‌ പറഞ്ഞു