ഇടതുപക്ഷത്തിന്റെ വൻ തകർച്ചയാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോൾ കാണാനാകുന്നത്. പ്രതീക്ഷ അർപ്പിച്ച പല മണ്ഡലങ്ങളും കൈവിട്ടുപോകുകയാണ്. ഇടതുപക്ഷത്തിന്റെ യുവരാഷ്ട്രീയ മുഖമായ സി പി ഐ സ്ഥാനാർഥി കനയ്യകുമാറും തോൽവിയിലേക്ക് നീങ്ങുകയാണ്. ബിഹാറിലെ ബെഗുസരായിയിൽ മണ്ഡലത്തിൽ കനയ്യ കുമാറിനെ പിന്നിലാക്കി ബിജെപിയുടെ ഗിരിരാജ് സിങ് വിജയത്തിലേക്ക് കുതിക്കുകയാണ്. ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരപക്ഷമാണ് ബിജെപിക്ക്.

ജെഎൻയു സർവകലാശാലയിലെ മുൻ വിദ്യാർഥി ആയിരുന്ന കനയ്യ കുമാർ ആദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. കനയ്യ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഏറെ ശ്രദ്ധ നേടിയിരുന്നു. അത് കനയ്യയുടെ പ്രസംഗപ്രാവീണ്യം കൊണ്ട് മാത്രമല്ല, സ്വര ഭാസ്കർ, ശബാന ആസ്മി, ജാവേദ് അക്തർ എന്നീ പ്രമുഖരുടെ പിന്തുണ കൂടി കൊണ്ടാണ്. എന്നാൽ ഇതൊന്നും വോട്ടായില്ല എന്നാണ് ഫലം ചൂണ്ടിക്കാണിക്കുന്നത്.
ബിഹാറിൽ ഇടതുപക്ഷത്തിന് പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു ബെഗുസരായി. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം ഇല്ലാതാകുന്ന സ്ഥിതിയാണ് ഇപ്പോൾ പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. രാജ്യത്ത് എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് ബിജെപി വൻവിജയത്തിലേക്ക് കുതിക്കുകയാണ്.