കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി അധികൃതര്‍. തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു കനികയുടെ ആരോപണം. ചികിത്സയ്‌ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും ഈച്ചയുള്ള പഴവുമാണ് ആകെ ലഭിച്ചതെന്നും മരുന്നുപോലും കൃത്യമായി നല്‍കിയില്ലെന്നും കനിക ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.

കനികയുടെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ആശുപത്രി അധികൃതര്‍.കനിക ഒരു രോഗിയെപ്പോലെ പെരുമാറാനും സഹകരിക്കാനും പഠിക്കണമെന്ന് ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ അഭിപ്രായപ്പെട്ടു.

‘ഒരു താരത്തിന്റെ ദുശ്ശാഠ്യവും ഗര്‍വ്വും ഞങ്ങള്‍ക്കുനേരേ കാണിക്കേണ്ട. ആദ്യം രോഗിയെപ്പോലെ പെരുമാറാന്‍ പഠിക്കൂ. ഒരു രോഗിയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവിടെ ചെയ്തുകൊടുത്തിട്ടുണ്ട്. ശുചിമുറിയുള്ള മുറിയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ടിവിയും എസിയുമുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു. അവര്‍ മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കണം’, ആര്‍.കെ ധിമാന്‍ പറഞ്ഞു.

കനിക കപൂറിനെതിരേ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലഖ്‌നൗ പൊലീസ് കേസ് എടുത്തിരിക്കുന്നത്.