സംസ്ഥാന ശരാശരിയുടെ ഇരട്ടിപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് സര്‍ക്കാര്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ സംസ്ഥാന ശരാശരി 10 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതര്‍ കൂടുതലുളള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

ജില്ലയില്‍ 93 പേരാണ് വൈറസ് ബാധമൂലം ചികിത്സയിലുള്ളത്. ഇതില്‍ 18 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ തീവ്രബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ധര്‍മ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേര്‍ക്കും അവര്‍ വഴി രണ്ടുപേര്‍ക്കും കൊവിഡ് ബാധിച്ചത് സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. തലശ്ശേരി മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പനക്കാരനായ കുടുംബാംഗത്തില്‍ നിന്നായിരുന്നു ഇവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചത്. മാര്‍ക്കറ്റിലേക്ക് മീനുമായി ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നാകാം ഇയാള്‍ക്ക് രോഗം പകര്‍ന്നത് എന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തലശ്ശേരി മാര്‍ക്കറ്റ് പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്.

ജില്ലയില്‍ വരുന്ന രണ്ടുദിവസം പത്തിലേറെ രോഗികള്‍ ഉണ്ടായാല്‍ നിരോധനാഞ്ജ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട് എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ ആളുകള്‍ രോഗം പകരുന്നത് ഗൗരവമായി കാണുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കി. അതേസമയം കണ്ണപുരം, മുണ്ടേരി, മുഴുപ്പിലങ്ങാട് എന്നീ തദ്ദേശ സ്ഥാപനങ്ങളെ കൂടി ജില്ലയില്‍ ഹോട്ട് സ്‌പോട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 25 ആയി ഉയര്‍ന്നു. ആദ്യ ഘട്ടത്തില്‍ ഈ പ്രദേശങ്ങളിലായിരിക്കും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കമുളള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നാണ് സൂചന.