കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി അബ്ദുല്‍ഖാദറാണ് മരിച്ചത്. ചികിത്സക്ക് നാട്ടില്‍ പോകാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെയാണ് മരണം സംഭവിച്ചത്. കടുത്ത വൃക്കരോഗവും അര്‍ബുദവുമുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞതിന് തൊട്ടുപിന്നാലെ ആയിരുന്നു മരണം.

നടുവേദനയെ തുടര്‍ന്ന് നടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം നാട്ടിലേക്ക് പോകാന്‍ അപേക്ഷ നല്‍കിയത്. നാട്ടില്‍ നല്ല ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുല്‍ഖാദര്‍. എന്നാല്‍ അപേക്ഷ നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി.

തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുള്‍ഖാദറിനെ ഷാര്‍ജ അല്‍ഖാസിമിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് അര്‍ബുദ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞു. തൊട്ടുപിന്നാലെ ഞായറാഴ്ച അദ്ദേഹം മരണത്തിന് കീഴടങ്ങി.

ചികില്‍സക്ക് നാട്ടിലെത്താന്‍ അബ്ദുള്‍ഖാദറും കുടുംബവും പലതരത്തിലും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 30 വര്‍ഷമായി യു.എ.ഇയില്‍ കഴിയുന്ന അബ്ദുള്‍ഖാദറിന്റെ മൃതദേഹം ഒടുവില്‍ ഷാര്‍ജയില്‍ തന്നെ ഖബറടക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.