കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കാരായി രാജന്‍ രാജിവച്ചു. ഇന്ന് കണ്ണൂരില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. രാജിക്കത്ത് കാരായി രാജന്‍ ജില്ലാകമ്മിറ്റിക്ക് കൈമാറി. തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കാരായി രാജനും തലശേരി നഗരസഭാ ചെയര്‍മാനുമായ കാരായി ചന്ദ്രശേഖരനും കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് രാജന്‍ ഒഴിയാന്‍ തീരുമാനിച്ചത്. അതേസമയം, കാരായി ചന്ദ്രശേഖരന്‍ തലശേരി മുന്‍സിപ്പാലിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് തല്‍കാലം തുടരും.
എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊന്ന കേസിലെ പ്രതികളിലൊരാളായ സിപിഐ(എം) പ്രാദേശിക നേതാവാണ് കാരായി രാജന്‍. ഇതേ കേസില്‍ പ്രതിയാണ് തലശ്ശേരി നഗരസഭാ ചെയര്‍മാനായ കാരായി ചന്ദ്രശേഖരന്‍.

ഫസല്‍ കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കാരായിമാര്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ രാജി നീണ്ടുപോയാല്‍ കൂടുതല്‍ പ്രതിഷേധം ഉണ്ടാവുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയുണ്ടാക്കുമെന്നും നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കാരായി രാജന്റെ രാജി. കാരായി ചന്ദ്രശേഖറിന്റെ രാജിയില്‍ ഏര്യാകമ്മറ്റിയാണ് തീരുമാനം എടുക്കേണ്ടത്. ചന്ദ്രശേഖരനും രാജിവയ്ക്കുമെന്നാണ് സൂചന. എന്നാല്‍ തലശ്ശേരി സിപിഎമ്മിന്റെ കുത്തക സീറ്റാണ്. ഈ സാഹചര്യത്തില്‍ ചന്ദ്രശേഖരന്‍ നഗരസഭാ ചെയര്‍മാനായി തുടരുന്നത് തിരിച്ചടിയുണ്ടാകില്ലെന്ന് കരുതുന്നവരുമുണ്ട്. കണ്ണൂര്‍ ജില്ലയിലാകെ ഈ വിഷയം പ്രചരണത്തില്‍ ഉയരാതിരിക്കാനാണ് കാരായി രാജനെ കൊണ്ട് രാജിവയ്പ്പിച്ചത്

എന്നാല്‍ രാജി സ്വമേധയായാണെന്നാണ് കാരായി രാജന്റെ വിശദീകരണം. ഫെയ്‌സ് ബുക്കിലൂടെയാണ് രാജിയില്‍ സിപിഐ(എം) നേതാവ് നിലപാട് വിശദീകരിക്കുന്നത്. ഭരണകൂടത്തിന്റെ നികൃഷ്ടമായ രാഷ്ട്രീയ വേട്ടകള്‍ക്കിരയായി പൊതു പ്രവര്‍ത്തനവും ജനസേവനവും നടത്താന്‍ സാധിക്കാതെ വന്നതിനാല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഞാന്‍ സ്വമേധയാ രാജിവച്ചിരിക്കുന്നുവെന്നാണ് വിശദീകരണം. വേട്ടയുടെ സുഖമനുഭവിക്കുന്ന കുടിലതയുടെ വക്താക്കള്‍ക്ക് സുഖവും സംതൃപ്തിയും ഉണ്ടാവട്ടെ. സ്‌നേഹിച്ച പതിനായിരക്കണക്കായ സഖാക്കളോടും നല്ലവരായ നാട്ടുകാരോടും സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും രാജന്‍ അറിയിക്കുന്നു.