ബെംഗളൂരു: കൈക്കൂലിക്കേസില്‍ ആരോപണ വിധേയനായ ഖനി രാജാവും ബി.ജെ.പി മുന്‍ മന്ത്രിയുമായ ജി. ജനാര്‍ദന്‍ റെഡ്ഡി ഒളിവില്‍. റെഡ്ഡി ഒളിവിലാണെന്നും ചോദ്യം ചെയ്യാനായി റെഡ്ഡിയെ തിരയുകയാണെന്നും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ടി.സുനീല്‍ കുമാര്‍ അറിയിച്ചു.

കര്‍ണാടകയില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള റെഡ്ഡിയുടെ പേരില്‍ നിരവധി അഴിമതി കേസുകള്‍ നിലവിലുണ്ട്. 18 കോടിയുടെ കൈക്കൂലി കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സമയത്താണ് സംഭവം. തട്ടിപ്പ് നടത്തിയ അംബിഡെന്റ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമക്ക് ജാമ്യം ലഭിക്കുന്നതിന് 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ജനാര്‍ദന്‍ റെഡ്ഡിയുടെ സഹായിക്ക് കൈക്കൂലി പണം കൈമാറിയതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.

നൂറു കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് 600 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അംബിഡെന്റ് ഗ്രൂപ്പ് കമ്പനിയുടമ സയീദ് അഹ്മദ് ഫരീദിനെതിരെ യുണ്ടായിരുന്ന കേസ്. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ ജനാര്‍ദന്‍ റെഡ്ഡി തന്നെ സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സയീദ് അഹ്മദ് ഫരീദ് പറഞ്ഞിട്ടുണ്ട്. ജനാര്‍ദന്‍ റെഡ്ഡിയുടെ അടുത്ത സഹായിയായ അലിഖാനാണ് 18 കോടി കൈമാറിയത്. രമേശ് കോത്താരി എന്ന സ്വര്‍ണ്ണ വ്യാപാരിക്ക് 18 കോടി രൂപ കൈമാറുകയും ഇയാളത് 57 കിലോ സ്വര്‍ണ്ണമായി അലിഖാനെ ഏല്‍പ്പിക്കുകയും ആയിരുന്നുവെന്നുമാണ് ഫരീദിന്റെ മൊഴി.

റെഡ്ഡി സഹോദരന്‍മാര്‍ക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്ന ബെല്ലാരി ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രണ്ടര ലക്ഷത്തോളം വോട്ടിനാണ് ഇവിടെ നിന്ന് വിജയിച്ചത്.