ന്യൂയോര്‍ക്ക് : അമേരിക്കയിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഈ മലയാളിയുടെ പ്രഥമ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയവര്‍ക്ക് വായനക്കാരുടെ താല്പര്യമനുസരിച്ച് ഏര്‍പ്പെടുത്തിയ പ്രവാസി സാഹിത്യ പുരസ്‌കാരത്തിന് ലണ്ടനില്‍ താമസിക്കുന്ന കാരൂര്‍ സോമന്‍ അര്‍ഹനായി. സാഹിത്യരംഗത്ത് ഇരുപതോളം സാഹിത്യപുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കാരൂര്‍, മാവേലിക്കര ചാരുംമൂട് സ്വദേശിയാണ്. ബാലരമയിലൂടെ ചെറുകവിതകള്‍ എഴുതി കടന്നുവന്ന കാരൂര്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നാടകം, നോവല്‍, കഥ, കവിത, ലേഖനം, സഞ്ചാര സാഹിത്യം, ശാസ്ത്ര- സാങ്കേതികം, കായികം, ടൂറിസം മേഖലകളില്‍ കേരളത്തിലെ പ്രമുഖ പ്രസാദകര്‍ പ്രസിദ്ധീകരിച്ച നാല്‍പതോളം കൃതികളുടെ ഉടമയാണ്.
ഈയിടെയാണ് കാരൂരിന്റെ ഇംഗ്ലീഷ് നോവല്‍ ‘മലബാര്‍ എ ഫ്‌ളെയിം’ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വച്ച് കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രകാശനം ചെയ്തത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്നതിനൊപ്പം എല്ലാവര്‍ഷവും കേരളത്തില്‍നിന്നിറങ്ങുന്ന ഓണപ്പതിപ്പുകളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ട്. പ്രവാസികള്‍ എന്നും അവഗണനകള്‍ നേരിടുന്നവരാണ്. ആ കൂട്ടത്തില്‍ കാരൂരിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാന്‍ വൈകുന്നുണ്ടോ എന്ന ആശങ്കയും ഈ മലയാളി രേഖപ്പെടുത്തി.

karoor-soman-1

അമേരിക്കയില്‍ നിന്നുള്ളവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. ഡോ. എ. കെ.ബി. പിള്ള (സമഗ്രസംഭാവന), തമ്പി ആന്റണി (കവിത), ലൈല അലക്‌സ് (ചെറുകഥ), വാസുദേവ് പുളിക്കല്‍ (ലേഖനം), ജോര്‍ജ് തുമ്പയില്‍ (ജനപ്രിയ എഴുത്തുകാരന്‍). തുടര്‍ന്നും ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ക്കായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്നും മാര്‍ച്ചില്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കുന്നതിനൊപ്പം സാഹിത്യകാരന്മാരും മാധ്യമപ്രവര്‍ത്തകരും, സംഘടനാ നേതാക്കളും പങ്കെടുക്കുന്ന ചടങ്ങില്‍ സാഹിത്യ സെമിനാറും സംവാദവും നടക്കുമെന്ന് ഈ മലയാളി എഡിറ്റര്‍ അറിയിച്ചു.

karoor-soman-2