യുകെ മലയാളികളുടെ പ്രിയപ്പെട്ട പത്രമായ മലയാളംയുകെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ പ്രമുഖ സാഹിത്യകാരനായ ശ്രീ. കാരൂര്‍ സോമന്‍ നടത്തുന്ന നിരീക്ഷണം.

ബ്രിട്ടനിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെ ഒരു വര്‍ഷം പിന്നിട്ടതിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. കഴിഞ്ഞ വര്‍ഷത്തെ കര്‍മ്മങ്ങളെ സമാഹരിച്ച് കൊണ്ടുളള നന്മതിന്മകള്‍ ഒന്ന് വിലയിരുത്താന്‍ കഴിയുമോയെന്ന് ഇതിന്റെ പത്രാധിപര്‍ ബിന്‍സുജോണ്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഒരു കാര്യം തീര്‍ച്ചപ്പെടുത്താം. അവര്‍ മറ്റുളളവരെ വിമര്‍ശനത്തിന് വിധേയരാക്കുമ്പോള്‍ അതല്ലെങ്കില്‍ ഉത്കണ്ഠയും വ്യാകുലതയും കാര്യമാക്കാതെ മുന്നോട്ട് പോകുമ്പോള്‍ സ്വയം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ തയാറുളളവരാണ്. അതില്‍ ഞാനും അഭിമാനം കൊളളുന്നു.

ധാരാളം അരാജകത്വം നിറഞ്ഞ ഈ കാലഘട്ടത്തിലും ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ എത്രയും വേഗം ജനങ്ങളിലെത്തിക്കുന്നതില്‍ ഓണ്‍ലൈന്‍ പോലുളള മാധ്യമങ്ങള്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അത് പൂക്കളുടെ സുഗന്ധം വഹിക്കുന്ന മന്ദമാരുതനെപ്പോലെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. അവിടെ മിത്രമാര് ശത്രുവാര് എന്നത് ഒരു മൂല്യാധിഷ്ഠിത പത്രക്കാരന് കാണാന്‍ കഴിയില്ല. ദൈവത്തിന്റെ മുഖവും പിശാചിന്റെ കണ്ണുകളുമുളളവരുടെ മുന്നില്‍ പത്രപ്രവര്‍ത്തനം അത്രനിസാരമല്ല. ഞാന്‍ രണ്ട് പ്രാവശ്യമാണ് ഒരു പത്രപ്രവര്‍ത്തകന്റെ കുപ്പായമണിഞ്ഞത്.

ആദ്യം ദൈവത്തിന്റെയും പിശാചിന്റെയും ഇടയില്‍ അകപ്പെട്ടത് കാലിസ്ഥാന്‍ നേതാവ് ബിന്ദ്രന്‍വാലയെ പഞ്ചാബിലെ മോഗയില്‍ അറസ്റ്റ് ചെയ്യുമ്പോഴാണ്. ഒരു യുദ്ധഭൂമിയുടെ പ്രതീതി. ഒരു ഭാഗത്ത് ഇന്ത്യന്‍ പട്ടാളവും പഞ്ചാബ് പൊലീസും തോക്ക് ചൂണ്ടിനില്‍ക്കുന്നു. മറുഭാഗത്ത് കാലിസ്ഥാന്‍ പോരാളികള്‍ കൂര്‍ത്ത് നീണ്ട ശൂലങ്ങളും വാളുകളുമായി ഒരു സൈന്യത്തെപ്പോലെ നില കൊളളുന്നു. ആ കാഴ്ച ഇന്നും മനസില്‍ നിന്ന് മാറിയിട്ടില്ല. അന്ന് ഞാന്‍ ജോലി ചെയ്തിരുന്നത് റാഞ്ചി എക്‌സ്പ്രസ് ദിനപ്പത്രത്തിലും പിടിഐയിലുമായിരുന്നു. രണ്ടാമത് ലണ്ടന്‍ ഒളിംപിക്‌സ് മാധ്യമം ദിനപ്പത്രത്തിന് വേണ്ടി ദൈനംദിനം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ്. നമ്മുടെ മാധ്യമരംഗത്തേക്ക് ഒന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര ഗുണകരമല്ല, മധുരതരമല്ലെന്ന് പറയേണ്ടി വരും.

ഇതിനിടയിലും തല്ലും അപമാനവും ഏറ്റുവാങ്ങി ചില മാധ്യമങ്ങള്‍ ആരുടെയും ധനസമ്പത്ത് ആഗ്രഹിക്കാതെ അവരുടെ പത്രധര്‍മ്മം കുറച്ചൊക്കെ സത്യസന്ധമായി ചെയ്ത് കൊണ്ടിരിക്കുന്നു. ഓണ്‍ലൈന്‍ മാധ്യമരംഗത്ത് മലയാളം യുകെയെയും അതില്‍ ഉള്‍പ്പെടുത്താം. ലോകത്തിന്റെ പല ഭാഗങ്ങളിലും മലയാളം യുകെ വായനക്കാരുളളതായി എനിക്കറിയാം. ഒരു വര്‍ഷം കൊണ്ട് ഇത്ര വലിയൊരു മുന്നേറ്റം ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല. ഒരു മഞ്ഞ പത്ര ശൈലിയുടെ പിന്‍ബലമില്ലാതെ സാമൂഹ്യ വിഷയങ്ങളില്‍ കാര്യക്ഷമതയോടെ വിമര്‍ശനാത്മകമായി പ്രതിഷേധ സ്വരത്തില്‍ ഇടപെടുകയും സമസ്ത മേഖലകളിലൂടെ സമൂഹവും വ്യക്തിയും തമ്മിലുളള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നുണ്ട്. അവിടെ അത്രമാതം യോജിക്കേണ്ടതില്ലെങ്കിലും മറ്റുളളവരുടെ ചിന്തകളിലേക്ക് സാമൂഹ്യ വിഷയങ്ങളെ എത്തിക്കുന്നതില്‍ നല്ലൊരു പങ്കാണ് വഹിക്കുന്നത്.

നല്ല എഴുത്തുകാരെ പോലെ നല്ലമാധ്യമങ്ങള്‍ എന്നും തിരുത്തല്‍ ശക്തികളാണ്. അങ്ങനെയുളളവര്‍ ആരെ പറ്റിയും കഥകള്‍ മെനെഞ്ഞെടുക്കാറില്ല. വാര്‍ത്തകള്‍ എപ്പോഴും സത്യസന്ധമായിരിക്കും. ഇന്നത്തെചാനലുകളെ പോലെ പൈങ്കിളി സിനിമകളിലെ യൗവനത്തിന്റെ മാദകലഹരി പൂണ്ട മാടപ്പിറാവുകളെയിറക്കി റേറ്റീംഗ് കൂട്ടി സമൂഹത്തെ തെറ്റായ ദിശയില്‍ വഴി നടത്തുന്നവരാകരുത്. ഒരാള്‍ മദ്യം കുടിച്ചിട്ട് കാറോടിച്ചാല്‍ വാര്‍ത്തയാകില്ല. ആകാര്‍ അപകടത്തില്‍ പെടുമ്പോഴാണ് വാര്‍ത്തയാകുന്നത്. നല്ല മാധ്യമസ്ഥാപനങ്ങളും പത്രപ്രവര്‍ത്തകരും വാര്‍ത്തകളോട് എന്നും നീതി പുലര്‍ത്തുന്നവരാണ്. ഈ അടുത്ത കാലത്ത് മുളച്ച് വന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ടെന്നുളളത് മലയാളം യുകെയെ പോലെ ഒരു വിചിന്തനം നടത്തേണ്ടതാണ്.

ഇത്തരത്തിലുളള ഓണ്‍ലൈനുകളില്‍ ആര് എന്തെഴുതി വിട്ടാലും അവരെല്ലാം പ്രമുഖ സാഹിത്യകാരന്‍മാരും കവികളുമാണ്. അതിനെ വാഴ്ത്തിപ്പാടാന്‍ ഫെയ്‌സ്ബുക്ക് കൂട്ടരും കൂട്ടായ്മയുമുണ്ട്. ഇത് എഴുതാന്‍ കഴിവുളള പ്രതിഭകളെ വളര്‍ത്തുകയല്ല തളര്‍ത്തുകയാണ് ചെയ്യുന്നത്. അങ്ങനെയുണ്ടാക്കാന്‍ ശ്രമിക്കുന്ന പേരിനും പ്രശസ്തിക്കും അധികം ആയുസുണ്ടാകില്ല. ഒരു എഴുത്തുകാരനെ പ്രമുഖനാക്കുന്നത് കാലങ്ങളായുളള അയാളുടെ സാഹിത്യ സംഭാവനകളെ മാനിച്ചാണ്. അത് സാഹിത്യലോകമാണ് വിലയിരുത്തുന്നത്. അത്തരത്തിലുളളവരെയാണ് കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നത്. അത് പോലെ എഴുതി വരാനുളള ശ്രമങ്ങളാണ് ഓണ്‍ലൈന്‍ പത്രങ്ങള്‍ ഒരുക്കേണ്ടത്. അങ്ങനെയുളളവരുടെ പുസ്തകങ്ങള്‍ കാശ് മുടക്കാതെ തന്നെ പ്രമുഖ പ്രസാധകര്‍ പ്രസിദ്ധീകരിക്കും.

മലയാളം യുകെ ഈ വിഷയത്തില്‍ പ്രത്യേകമായ ഒരു പ്രാധാന്യം കൊടുത്തിട്ടില്ലെന്നാണ് എന്റെ പക്ഷം. ശൂന്യതക്ക് രൂപവും ജീവനും നല്‍കുന്ന എഴുത്തുകാരും പുതിയ സാഹിത്യസൃഷ്ടികളും മലയാളം യുകെ ഏറെ പ്രാധാന്യത്തോടെ കാണുന്നുണ്ടെന്ന് കരുതുന്നു. യൂറോപ്പിലും അമേരിക്കയിലുമുളള നല്ല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മലയാള ഭാഷയെയും സംസ്‌കാരത്തെയും പാലൂട്ടി വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അവര്‍ ഒരു ഭാഷയുടെ അര്‍ത്ഥവും മൂല്യവും മനസിലാക്കിയവരാണ്.

ഇന്നുളള ഒരുപറ്റം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നത് പൊതുരംഗത്തുളള ഉന്നതരുടെ ഉറക്കറയിലേക്ക് കണ്ണുംനട്ടിരുന്നോ അല്ലെങ്കില്‍ ഭാവനയില്‍ മെനഞ്ഞോ ആയിരിക്കും. സാമ്പത്തിക നേട്ടമുണ്ടെങ്കില്‍ കേരളത്തിലെ പൊലീസുകാര്‍ കേസുകള്‍ വളച്ചൊടിക്കുന്നത് പോലെ വാര്‍ത്തകളും വളയ്ക്കുന്നു. ഈ ധനം, സുഖം ആഹ്ലാദത്തില്‍ ചാനലുകാരും പങ്കാളികളാണ്. അവരിപ്പോള്‍ ചാനലുകളിലൂടെ പഠിപ്പിച്ച് കൊണ്ടിരിക്കുന്നത് നടിനടന്‍മാരുടെ ജാതകങ്ങളാണ്. വളര്‍ന്ന് വരുന്ന കുട്ടികളെ അജ്ഞതയിലേക്ക് നയിക്കുന്നവര്‍. പത്രധര്‍മ്മമെന്നാല്‍ സത്യം കണ്ടെത്തുക എന്നുളളതാണ്. ജേര്‍ണലിസമെന്നാല്‍ കൂട്ടിക്കൊടുക്കുന്നതോ കൂട്ടിച്ചേര്‍ക്കുന്നതോ ഗൂഢാലോചനയോ അല്ല.

ഇന്നത്തെ മിക്ക മാധ്യമങ്ങളും സമ്പത്തിന്റെ കനത്തിലാണ് പലരെയും അകറ്റി നിറുത്തുന്നതും അടുത്ത് നിറുത്തുന്നതും. ഒന്നുകില്‍ ശത്രു അല്ലെങ്കില്‍ മിത്രം. ഇവര്‍ക്ക് തണലായി ജാതി മതങ്ങളുമുണ്ട്. അന്തരീക്ഷ മലിനീകരണം പോലെ നമ്മുടെ മാധ്യമരംഗവും മലീമസമായിക്കൊണ്ടിരിക്കുന്നു. നമ്മള്‍ വളരെ പ്രതീക്ഷയോടെ വിശ്വാസത്തോടെ കണ്ടും കേട്ടുമിരിക്കുന്ന ഈ മാധ്യമങ്ങളും ചാനലുകളും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ?
നമ്മുടെ രാജ്യത്ത് പാവങ്ങള്‍ കൊടുത്ത് കൊണ്ടിരിക്കുന്ന നികുതി പണത്തിലൂടെ അധികാരത്തിലിരുന്ന് വിവിധ കരാറുകളിലൂടെ കോടാനുകോടികള്‍ അടിച്ച് മാറ്റി വിദേശ ബാങ്കുകളില്‍ വര്‍ഷങ്ങളായി ഈ തുക വന്‍സ്രാവുകള്‍ നിക്ഷേപിക്കുന്നതും വിദേശരാജ്യങ്ങളിലുളള ഇവരുടെ ബിസിനസുകള്‍, വന്‍ സൗധങ്ങള്‍ ഇവര്‍ കണ്ടിട്ടും കാണാതെ ഇരിക്കുന്നു.

മാധ്യമങ്ങളുടെ യാതൊരു ഇടപെടലുമില്ല. അവിടെയും കൂട്ടുകച്ചവടമാണ്. ഈ കൂട്ടുകച്ചവടക്കാര്‍ക്ക് എന്തെല്ലാം താരസംഗമങ്ങളാണുളളത്. അവിടേക്ക് വരുന്നതോ കളളപ്പണക്കാരന്‍ താര രാജാവ് അമിതാ ബച്ചന്‍, താരറാണി ഐശ്വര്യ റായി, നടന്‍ മോഹന്‍ലാലിന്റെ ആനകൊമ്പ് കേസുകള്‍ എവിടെ പോയി. അങ്ങനെ എന്തെല്ലാം ഇവരുടെ ഒളിത്താവളങ്ങളില്‍ നടക്കുന്നു. അതൊന്നും ചോദിക്കാനോ പറയാനോ ആരും തയാറല്ല. മാധ്യമങ്ങള്‍ പറയുന്നത് വെളളം പോലെ വിഴുങ്ങുന്ന ഒരു ജനത. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ചുറ്റിനും മുഖംമൂടികളാണ്. ഇതാണ് ഇന്നത്തെ ഇന്ത്യന്‍ വ്യവസ്ഥിതിയുടെ ദുരവസ്ഥ. അതിനാല്‍ തന്നെ മാധ്യമങ്ങള്‍ ആത്മസുഹൃത്തുക്കള്‍ എന്ന് തെറ്റിദ്ധരിക്കരുത്. ഒരു തിരിച്ചറിവോടെ വേണം ഇവയെ സമീപിക്കാന്‍.

1910ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്വദേശാഭിമാനി പത്രം നിരോധിക്കുക മാത്രമല്ല സ്വദേശാഭിമാനി രാമകൃഷ്ണപിളളയെ നാടുകടത്തുകയും ചെയ്തു. ആ പത്രം ധാരാളം സത്യങ്ങള്‍ തുറന്നെഴുതിയിരുന്നു. ഇന്ന് മാധ്യമങ്ങളും കളളപ്പണക്കാരും തമ്മില്‍ നല്ല ചങ്ങാത്തത്തിലാണ്. എന്നാല്‍ നല്ല പത്രങ്ങള്‍ സമൂഹത്തിന്റെ സംരക്ഷകരാണ്. അവരുടെ വാര്‍ത്തകള്‍ സത്യസന്ധവും അന്വേഷണാത്മകവുമായിരിക്കുകയും തന്നെ ചെയ്യും.

കാരൂര്‍ സോമന്‍

karoor sമാവേലിക്കരയ്ക്കടുത്ത് ചാരുംമൂട് താമരക്കുളത്ത് ജനനം. നാടകം, നോവല്‍, കഥ, കവിത, ലേഖനങ്ങള്‍, സഞ്ചാരസാഹിത്യം, ശാസ്ത്ര സാങ്കേതികം, കായികം, ടൂറിസം എന്നീ സാഹിത്യമേഖലകളിലെ സജീവ സാന്നിധ്യം. ഇംഗ്ലീഷിലും കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ടുകളിലായി പ്രമുഖ പ്രസാധകര്‍ പ്രസിദ്ധീകരിച്ച നാല്‍പ്പതിലധികം കൃതികള്‍. സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ ആനുകാലികങ്ങളില്‍ എഴുതുന്നു. സാഹിത്യ സാംസ്‌ക്കാരിക രംഗവുമായി ബന്ധപ്പെട്ട് 35-ലധികം രാജ്യങ്ങളില്‍ പര്യടനം നടത്തി. പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിവിധ സാംസ്‌ക്കാരിക സാമൂഹിക സാഹിത്യ നായകന്മാരില്‍ നിന്നും ഇരുപതിലേറെ സാഹിത്യ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ബാലരമയില്‍ കവിതകളെഴുതി സാഹിത്യലോകത്ത് പിച്ചവെച്ചു. 1972-73 കാലഘട്ടത്തില്‍ ആകാശവാണി തിരുവനന്തപുരം-തൃശൂര്‍ നിലയങ്ങള്‍ കര്‍ട്ടനിടു, കാര്‍മേഘം നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തു. 1970-73 വര്‍ഷങ്ങളില്‍ മലയാളമനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യുവജന സാഹിത്യസഖ്യത്തിന്റെ മാവേലിക്കരയില്‍ നിന്നുള്ള ഏക വ്യക്തി. 1972-ല്‍ ഇരുളടഞ്ഞ താഴ്‌വര എന്ന നാടകം വി.വി.എച്ച്.എസ്സില്‍ അവതരിപ്പിച്ചു. പോലീസിനെതിരേയുള്ള നാടകമായിരുന്നതിനാല്‍ അവരുടെ നോട്ടപ്പുള്ളിയായി. നാടകം നൂറനാട് ലെപ്രസി സാനിട്ടോറിയത്തില്‍ അവതരിപ്പിക്കുമെന്ന് അറിവ് ലഭിച്ചതിനെത്തുടര്‍ന്ന് നക്‌സല്‍ ബന്ധം ആരോപിച്ച് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു ലോക്കപ്പിലടച്ചു മര്‍ദ്ദിച്ചു. വീട്ടുകാര്‍ ഇടപെട്ട് പുറത്തിറക്കി. പോലീസില്‍ നിന്നും വീട്ടുകാരില്‍ നിന്നുമുള്ള ഭീഷണിയെത്തുടര്‍ന്ന് ജ്യേഷ്ഠന്‍ ജോലി ചെയ്തിരുന്ന റാഞ്ചിയിലേക്ക് ഒളിച്ചോടി.

ഏതാനും മാസങ്ങള്‍ക്ക് ശേഷം അവിടുത്തെ എയ്ഞ്ചല്‍ തീയറ്റേഴ്‌സിനു വേണ്ടി നാടകങ്ങളും ഗാനങ്ങളുമെഴുതി. അവരുടെ സഹായത്താല്‍ ബൊക്കാറോ, ആഗ്ര, ഡല്‍ഫി, മുംബൈ, ലുധിയാന തുടങ്ങിയ സ്ഥലങ്ങളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. റാഞ്ചി എക്‌സ്പ്രസ് ദിനപത്രത്തിലായിരുന്നു ആദ്യ കാലത്ത് ജോലി ചെയ്തിരുന്നത്. 1975-ല്‍ റാഞ്ചി മലയാളി അസോസിയേഷന്റെ മലയാളി മാസികയില്‍ കലയും കാലവും എന്ന ലേഖനം ആദ്യമായി വെളിച്ചം കണ്ടു.

1985-ല്‍ ആദ്യ സംഗീതനാടകം കടല്‍ക്കര, ശ്രീമൂലനഗരം വിജയന്റെ അവതാരികയോടെ വിദ്യാര്‍ത്ഥിമിത്രവും 1990-ല്‍ ആദ്യ നോവല്‍ കണ്ണീര്‍പ്പൂക്കള്‍ തകഴി ശിവശങ്കരപ്പിള്ളയുടെ അവതാരികയോടെ സാഹിത്യസഹകരണ സംഘവും ഗള്‍ഫില്‍ നിന്നുള്ള ആദ്യസംഗീത നാടകം കടലിനക്കരെ എംബസി സ്‌കൂള്‍ തോപ്പില്‍ ഭാസിയുടെ അവതാരികയോടെ അസ്സന്റ് ബുക്‌സും പുറത്തിറക്കി. 2005-ല്‍ പ്രവാസി മലയാളി മാസിക ലണ്ടനില്‍ നിന്നും ആരംഭിച്ചു. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സ് മാധ്യമം പത്രത്തിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്തു. 2015-ല്‍ ആദ്യ ഇംഗ്ലീഷ് നോവല്‍ മലബാര്‍ എ ഫ്‌ളെയിം മീഡിയ ബുക്‌സ് ന്യൂഡല്‍ഹി പുറത്തിറക്കി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാ സാംസ്‌ക്കാരിക വിഭാഗം ചെയര്‍മാനായും യുകെയിലെ പ്രമുഖ സംഘടനയായ യുഗ്മയുടെ സാഹിത്യവിഭാഗം കണ്‍വീനറായും ജ്വാല മാഗസിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും നിരവധി സ്വദേശി-വിദേശി മാസികകളുടെ അസോസിയേറ്റ് എഡിറ്ററായും, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും, പ്രതിനിധിയായും പ്രവര്‍ത്തിക്കുന്നുണ്ട്. ഭാര്യ ഓമന തീയാട്ടുക്കുന്നേല്‍, മക്കള്‍: രാജീവ്, സിമ്മി, സിബിന്‍.

വിലാസം:
Karoor Soman
113, Oakfield Road, London- E61LN
Tel: 00447940570677, 02084701533
E Mail: [email protected]
Web: Karursoman.com