കാരൂര്‍ സോമന്‍

സ്വാമി സന്ദിപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്ന വിലക്കപ്പെട്ട ബലിയര്‍പ്പണം ശബരിമലയിലെ മതവര്‍ഗ്ഗിയവാദികള്‍ പത്മനാഭന്റെ മണ്ണില്‍ നടത്തിയത് കേരളത്തിലെ മൗനികളായ എഴുത്തുകാര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. സ്വാമി ഇടതുപക്ഷ സഹയാത്രികനോ, മറ്റു കുറവുകള്‍ എന്തായാലും അതിനെയൊന്നും നീതികരിക്കുന്നതല്ല ഈ ചുട്ടെരിക്കല്‍ പൂജ. മുന്‍കാലങ്ങളില്‍ മാനിന്റ്, പാവങ്ങളുടെ മനുഷ്യ രക്തം ബ്രാഹ്മണ പൗരോഹിത്യം ദേവീദേവ പ്രസാദമായി കാഴ്ചവെച്ചിരിന്നു. സ്വാമിയുടെ ആശ്രമത്തില്‍ കണ്ടത് വര്‍ഗ്ഗിയവിഷത്തിന്റ തീപന്തങ്ങളാണ്. അവിടെ അര്‍പ്പിക്കപ്പെട്ട ബലിയില്‍ നിന്നും ലഭിച്ചത് മനുഷ്യന്റ വാരിയെല്ലുകള്‍ക്ക് പകരം കാറിന്റ തുരുമ്പിച്ച ഇരുമ്പിന്‍ കഷണങ്ങളാണ്. ഒരു മനുഷ്യന്റെ രക്തം അയ്യപ്പന് ബലിയര്‍പ്പിക്കാനായിരുന്നോ അവിടെ വന്ന കാട്ടുനായ്കളുടെ ലക്ഷ്യ? ഈ കാട്ടാള വേദമന്ത്രങ്ങള്‍ ഒരുക്കിക്കൊടുത്തു ഇവരെ വിട്ടത് ആരാണ്? സര്‍ക്കാര്‍ ഗുഢാലോചന നടത്തിയെന്നാണ് കേള്‍ക്കുന്നത്. കൊലക്കുറ്റത്തിന് കേസെടുക്കുമെന്നു മുഖ്യന്‍ പറഞ്ഞപ്പോള്‍ ആരുടെ മുഖം വികൃതമാകുമെന്ന് അപ്പോള്‍ കാണാം. ആശ്രമത്തിനു പുക്കളര്‍പ്പിച്ച നല്‍കിയ റീത്തിന്റ താന്ത്രിക വേദ മന്ത്രം മനോഹരമായി. ചുരുക്കത്തില്‍ അയ്യപ്പ കാരുണ്യംകൊണ്ട് ആ മനുഷ്യന്‍ രക്ഷപെട്ടു. മതവര്‍ഗ്ഗിയവാദികളുടെ അവസാന അസ്ത്രമാണ് ചുട്ടെരിക്കുക അല്ലെങ്കില്‍ കൊല്ലുക. അയ്യപ്പനില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാള്‍പോലും സത്യം പറയുന്നവരുടെ പ്രാണനെടുക്കാന്‍ വേട്ട നായ്കളെപോലെ വരില്ലായിരുന്നു. അത് കുടുതലും കണ്ടിട്ടുള്ളത് എഴുത്തുകാരുടെ നേര്‍ക്കാണ്. അതില്‍ എന്നും ഓര്‍ക്കുന്ന പേരാണ് പൊന്‍കുന്നം വര്‍ക്കി. തിരുവിതാംകൂര്‍ ദിവാനായിരിന്നു സര്‍ സി.പി. രാമസ്വാമിക്കും സ്വന്തം സഭയിലെ അനീതികള്‍ക്കതിരെയും എഴുതിയതിനു മലയാളത്തില്‍ ആദ്യമായി ജയില്‍വാസം അനുഭവിച്ച മഹാപ്രതിഭ. ഇന്ന് ആരുണ്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ്. കാലത്തിലുറച്ചുപോയ അന്ധവിശ്വാസങ്ങളെ, ആചാരങ്ങളെ കാലാനുസൃതമായി ഭരണ-ശാസ്ത്ര-സാഹിത്യ രംഗത്തുള്ളവര്‍ പൊളിച്ചടുക്കിയ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. വെളിച്ചം കിട്ടാന്‍ വേണ്ടി വീടിനോ ആശ്രമത്തിനോ തിവെച്ചിട്ടു കാര്യമില്ല. മതം പഠിപ്പിക്കുന്നത് വിശ്വാസമാണ് അറിവല്ല. ആ അറിവിലയ്യ്മയാണ് നാം ഇപ്പോള്‍ കാണുന്ന മത വര്‍ഗ്ഗിയവാദികളുടെ പൊള്ളയായ പ്രകടനം. അറിവില്ലാത്തതുകൊണ്ടാണ് മതരാഷ്ട്രീയ കച്ചവടക്കാര്‍ ഇവരെ വലിച്ചിറക്കികൊണ്ടു പോയി കാട്ടു നായ്ക്കളെപോലെ ഗൂണ്ടകളായി വളര്‍ത്തുന്നത്. അവര്‍ക്ക് ഒരു ദിവസം കിട്ടുന്ന കൂലി ആയിരം ക്രിമിനിലെങ്കില്‍ രണ്ടായിരം രൂപയും മദ്യവുമാണ്. ഈ തുക എവിടുന്നു വരുന്നു? ഇത് അധികാരത്തിരിക്കുന്നവര്‍ക് കൈക്കൂലിയായി കിട്ടുന്ന കള്ളപ്പണമാണ്. ഈ കള്ളപ്പണം കൊടുത്താണ് അധികാരം അരക്കിട്ടുറപ്പിക്കുന്നത്. ഈ പാമരന്മാര്‍ക് എന്ത് അയ്യപ്പ ഭക്തി? എന്ത് രാജ്യ സ്‌നേഹം?

അയ്യപ്പന്റ പേരില്‍ വോട്ടുപെട്ടിയന്ത്രം നിറക്കാന്‍ കേരളത്തെ ഒരു കലാപഭൂമി, മത സ്പര്‍ദ്ധ, ശവപ്പറമ്പാക്കി മാറ്റാന്‍ ആരൊക്കെ ശ്രമം നടത്തിയാലും അത് തിരിച്ചറിയുന്നവരാണ് മലയാളികള്‍. അതിനെച്ചൊല്ലിയുള്ള വാദപ്രതിവാതങ്ങളില്‍ അഭിപ്രായം പറയാന്‍ പൗരബോധമുള്ള, ചരിത്രമറിയുന്ന, അറിവിന്റ ലോകത്തു ജീവിക്കുന്ന ആര്‍ക്കും അവകാശമുണ്ട്. അറിവോ ചരിത്രമോ അറിയാത്തവരുടെ ഇടയില്‍ ഒരു മഹാരോഗമായി പടര്‍ന്നു പിടിച്ചിരിക്കുന്നതാണു വര്‍ഗ്ഗിയ ഭ്രാന്ത്. അത് വിറ്റ് പേരും പ്രശസ്തിയും സമ്പത്തുമുണ്ടാകുന്നവരാണ് ഇന്നത്തെ അരാജക രാഷ്ട്രീയവര്‍ഗ്ഗിയ വാദികള്‍. അവര്ക് കൂട്ടുനില്കുന്നവരാണ് വര്‍ഗ്ഗിയ സമുദായമേലാളന്മാര്‍, പുരോഗിത വര്‍ഗ്ഗം. നാം ഇന്ന് ഇന്ത്യയില്‍ കാണുന്ന മത വര്‍ഗ്ഗിയത ദൈവത്തിന്റ സ്വന്തം നാടായ ശബരിമലയില്‍ മല കയറിയെത്തിയിരിക്കുന്നു എന്നതാണ് വാസ്തവം. ഇന്ത്യയില്‍ കാണുന്ന മതങ്ങളുടെ സൃഷ്ട്രികാര്‍ത്തക്കള്‍ പുരോഗിതവര്‍ഗ്ഗമെന്നു ഇന്നും തിരിച്ചറിയാത്തവരാണ് നല്ലൊരു കൂട്ടം ജനങ്ങള്‍. വ്യാസ മഹര്‍ഷി, വാല്‍മീകി മഹര്‍ഷി, ശ്രീരാമകൃഷ്ണ പരമഹംസന്‍, ഗാന്ധിജി, ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, അയ്യന്‍കാളി, മന്നത്തു പദ്മനാഭന്‍, കെ.പി.കേശവമേനോന്‍ തുടങ്ങിയ അല്‍മിയ ഗുരുക്കന്മാരോ നവോത്ഥാന നായകന്മാരോ ഒരിക്കലും ഒരു മതത്തിന്റയും വക്താക്കളായി ആരും കണ്ടിരുന്നില്ല. സ്വാമി വിവേകാനന്ദന്‍ കൊടുങ്ങല്ലൂരില്‍ വെച്ച് ദാഹമടക്കാന്‍ ഒരല്പം വെള്ളം ചോദിച്ചപ്പോള്‍ പണം കൊടുത്തു വാങ്ങാത്ത വെള്ളത്തിന് പകരം ചോദിച്ചത് നിങ്ങള്‍ ഏത് ജാതിയാണ്? ഇന്ത്യ മുഴുവനും സഞ്ചരിച്ച ആ മഹാന്‍ അത് കേട്ട് ഞെട്ടിപ്പോയി. അസ്സുയ, പരദൂഷണം, അപവാദം ഇതിനൊക്കെ വിത്ത് വിതക്കുന്നു മലയാളിയില്‍ നിന്നും ഒരിക്കലും അദ്ദേഹം അത് പ്രതീക്ഷിച്ചില്ല. ഇന്ത്യയില്‍ ആരും ചോദിക്കാത്ത ചോദ്യം ചോദിച്ചു ഒന്നാം സ്ഥാനം നേടിയ മലയാളിക് കിട്ടിയ പാരിതോഷികമാണ് നാണം കേട്ട മതഭ്രാന്തന്മാര്‍ എന്ന വിളിപ്പേര്. അന്നു മുതലെ മലയാളി അതും പേറി നാണം കൊണ്ട് നനഞ്ഞവരും നടക്കുന്നവരുമാണ്. അതൊന്ന് ഉണങ്ങിവരുമ്പോഴാണ് വീണ്ടും അവിടെ കുഴിച്ചു മതത്തിന്റ ഉറവയുണ്ടോ എന്ന് നോക്കുന്നത്. വിശ്വാസത്തിലും വലുത് വിജ്ഞാനമെന്നു ഇവര്‍ എന്നറിയും?

വിവിധ സാമുഹിക പോരാട്ടങ്ങള്‍കൊണ്ടും ബ്രിട്ടീഷ് മിഷനറിമാരുടെ വിവേകപൂര്‍വ്വമായ ഇടപെടല്‍കൊണ്ടുമാണ് കേരള ചരിത്രത്തില്‍ ഇടം നേടിയ ഷേത്രപ്രേവേശന വിളംബരം 1936 നവംബര്‍ 12 ന് തിരുവതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിക്കുന്നത്. അതില്‍ പറയുന്നത് ഹിന്ദുവായ ഏതൊരാള്‍ക്കും ക്ഷേത്രങ്ങളില്‍ കടക്കാമെന്നാണ്. അവിടെ സ്ത്രീ പുരുഷ വിവേചനമില്ല. പിന്നെ എന്താണ് ശബരിമലയില്‍ മാത്രം സ്ത്രീകളോട് ഈ അവഗണന? ഒരു വ്യക്തിയുടെ മൗലിക അവകാശമാണ് ഭരണഘടന നല്‍കുന്നത്. ആര്‍ത്തവം പറയുന്നവര്‍ വീണ്ടും അയിത്തം കൊണ്ടുവരാനുള്ള ശ്രമമാണോ? ഇന്ത്യയിലെ സ്ത്രീകള്‍ ഇന്നും പുരുഷന്റ അടിമയാണോ? അതല്ലേ വഴിയോരങ്ങളില്‍ കണ്ടത്. ശബരിമലയില്‍ പോകാന്‍ ആരും നിര്ബന്ധിക്കുന്നില്ല. തന്ത്ര-മന്ത്രങ്ങളുടെ വിശുദ്ധിയെപ്പറ്റി സുപ്രിം കോടതി ചോദിച്ചപ്പോള്‍ അതിനു ഉത്തരം പറയാന്‍ അറിയാത്ത താന്ത്രിമാരാണ് താന്ത്രിക വിധിപ്രകാരം, പ്രതിഷ്ട, ആചാരം എന്നൊക്കെ വീമ്പിളക്കുന്നത്. ആ കുട്ടത്തില്‍ സേനയില്ലാത്ത ഒരു സേനാനായകന്‍ പറയുന്നു അവിടെ രക്തപ്പുഴ ഒഴുക്കും. കേരളം ആര് ഭരിക്കുന്നു എന്നതല്ല. ഈ മത ഭ്രാന്തന്മാര്‍ ഇന്ത്യയിലെ ഭരണത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നത് എന്താണ്? തിരുവതാംകൂര്‍ മഹാറാണി ശബരിമലയില്‍ കയറിയിട്ടില്ലേ? തന്ത്രി കുടുംബം പണം വാങ്ങി അവിടെ സ്ത്രീകളെ കാലാകാലങ്ങളിലായി കടത്തിയിട്ടില്ലേ? അറിഞ്ഞത് ചുരുക്കം. അറിയാത്ത എത്രയോ സ്ത്രീകള്‍ അവിടെ കയറിയിരിക്കുന്നു. സിനിമ ഷൂട്ടിംഗ് പണം വാങ്ങി നടത്തിയപ്പോള്‍ സ്ത്രീകള്‍ അവിടെ തോഴന്‍ ചെന്നിട്ടില്ലേ? ഈ താന്ത്രിമാര്‍, പന്തളത്തെ പുരാതന രാജകുടുംബം എരിതീയില്‍ എണ്ണയൊഴിക്കുന്ന രാഷ്ട്രീയ കച്ചവടക്കാര്‍ എല്ലായിടത്തും കാണുന്നതുപോലെ നീ എന്റ പുറം ചൊറിയുക ഞാന്‍ നിന്റ പുറം ചൊറിയാം എന്ന പദ്ധതിയല്ലേ നടപ്പാക്കുന്നത്. ഈഴവരടക്കമുള്ള അയിത്തജാതിക്കാരുടെ വൈക്കം സത്യാഗ്രഹം 631 ദിവസം നിന്നില്ലേ? കാരണം ക്ഷേത്രവും പ്രതിഷ്ടയും അയിത്തമായി മാറും അതാണ് പൗരോഹിത്യം മുന്നോട്ടു വെച്ചത്. അത് ചവറ്റുകൊട്ടയില്‍ എറിഞ്ഞില്ലേ? ഈ തന്ത്രമല്ലേ തന്ത്രിമാര്‍ ശബരിമലയില്‍ പയറ്റുന്നത്?

ഗായത്രിപുഴുടെ തീരത്തു ശിവയോഗിയുടെ ഒരു ആശ്രമമുണ്ട്. കൊല്ലംകോട്ടുള്ള മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ സ്മാരകവും ഇവിടയാണ്. 1852 ല്‍ കൊല്ലംകോട്ട് ജനിച്ച ശിവയോഗി ഹിന്ദുമതത്തിലെ ജീര്‍ണതകളെ കണ്ടുകൊണ്ട് ഒരു ആനന്ദമതമുണ്ടാക്കി. മനസ്സിനെ ജയിച്ചു ആനന്ദം നേടാനുള്ള കര്‍മ്മങ്ങളും യോഗമാര്‍ഗ്ഗങ്ങളും മനസ്സിന്റ ശുദ്ധിയാണ് ഈശ്വരിന്‌ലേക്കുള്ള മാര്‍ഗ്ഗമെന്നും പഠിപ്പിച്ച മഹാഗുരു. സ്ത്രീകളെ അപമാനിക്കാന്‍ നടക്കാതെ ഇനിയും അതൊക്കെ ഒന്ന് പഠിച്ചുടെ? രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തിനാണ് മതത്തിന്റ ചട്ടക്കൂടുകളില്‍ ഇടപെടുന്നത്? വിയര്‍ക്കാതെ വിശപ്പടക്കുന്നവരുടെ സാമൂഹ്യ സേവനം ഇതാണോ?