ട്രെയിനില്ലാത്ത ഇടുക്കിയിൽ നിന്ന് ആദ്യമായൊരു വനിതാ ലോക്കോ പൈലറ്റ്. വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശി കാർത്തികയാണ് തീവണ്ടിയോടിക്കാനൊരുങ്ങുന്നത്. റെയിൽപ്പാതകളില്ലാത്ത ഹൈറേഞ്ചിൽ മാറ്റത്തിന്റെ പാതവെട്ടുകയാണ് കാർത്തിക.

ഇതിന് മുമ്പ് രണ്ടേ രണ്ട് തവണ മാത്രം ട്രയിനിൽ കയറിയിട്ടുള്ള ഈ ഇരുപത്തിമൂന്നുകാരി വളരെ അപ്രതീക്ഷിതമായാണ് ഈ ജോലിയിലേക്കെത്തുന്നത്. ബാങ്ക് കോച്ചിംഗിന് ഇടയിലാണ് റെയില്‍വേയുടെ വിജ്ഞാപനം ശ്രദ്ധിക്കുന്നത്. പഠിച്ചത് ഇലക്ട്രോണിക് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ആണ്. പഠിച്ച മേഖലയില്‍ തന്നെ ജോലി ചെയ്യണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ പൂര്‍ത്തിയാവുന്നതെന്ന് കാര്‍ത്തിക പറയുന്നു.

ഇതിന് മുന്‍പും ഇവിടെ നിന്നു ലോക്കോ പൈലറ്റൊക്കെ ഉണ്ടായിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ ആണ് ആദ്യം എന്ന് അറിയില്ലായിരുന്നു. ട്രെയ്നില്ലാത്ത ഇടുക്കിയില്‍ നിന്നും ട്രെയ്നോടിക്കാന്‍ പോകുന്ന കാര്‍ത്തിക തമിഴും മലയാളവും കലര്‍ത്തി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇടുക്കിയില്‍ നിന്നും ലോക്കോ പൈലറ്റാവുന്ന ആദ്യ വനിതയാണ് വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശി കാര്‍ത്തിക. ഇടുക്കിയിലായതിനാല്‍ തന്നെ അധികമൊന്നും ട്രെയിനില്‍ കയറാത്ത കാര്‍ത്തിക സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ജോലിയിലേക്കാണ് പ്രവേശിക്കാന്‍ പോകുന്നത്.

അധികം ട്രൈനിലൊന്നും കയറിയിട്ടില്ലല്ലോ….അതുകൊണ്ട് തന്നെ എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റാണ്. അത് എങ്ങനൊയണ് ഉണ്ടാവാ, എന്തോക്കെ ചെയ്യേണ്ടിവരും എന്നൊക്കെ ആലോചിക്കുമ്പോള്‍ എക്‌സൈറ്റ്‌മെന്റ് കൂടുന്നുണ്ട്. അതെ, കാര്‍ത്തിക ഭയങ്കര എക്‌സൈറ്റ്‌മെന്റില്‍ തന്നെയാണ്. അത് ട്രെയ്നില്ലാത്ത നാട്ടില്‍ നിന്നും ട്രെയ്നോടിക്കാന്‍ വരുന്നത് കൊണ്ട് മാത്രമല്ല, തോട്ടം തൊഴിലാളി മേഖലയില്‍ നിന്നും അധികം പേരൊന്നും ഇതുപോലെ സര്‍ക്കാര്‍ ജോലി ലഭിച്ച് പുറത്തു പോയിട്ടില്ല എന്നതുകൊണ്ട് കൂടിയാണ്.

കോളേജില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ട്രെയ്നില്‍ കയറുന്നത്. അന്ന് അമ്മമ്മയുടെ വീട്ടില്‍ നിന്നുമായിരുന്നു കോളേജിലേക്ക് പോയിരുന്നത്. അതല്ലാതെ മറ്റെങ്ങോട്ടും ട്രെയ്നില്‍ പോയിട്ടില്ല. ട്രെയ്ന്‍ യാത്ര എനിക്ക് വളരെ ഇഷ്ടമാണ്. എന്നാല്‍ ലോക്കോ പൈലറ്റാവും എന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. കാര്‍ത്തിക പറയുന്നു.

2017 ല്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം, വിവിധ തൊഴില്‍ പരീക്ഷകള്‍ക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു കാര്‍ത്തിക. അപ്പോഴാണ് റെയില്‍വെ വിഞ്ജാപനം കാണുന്നത്. അങ്ങനെ അപേക്ഷ നല്‍കി. മൂന്ന് ഘട്ടമായിട്ടായിരുന്നു സെലക്ഷന്‍ നടന്നത്. ഒരു ഗവണ്‍മെന്റ് ജോലി സ്വന്തമാക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ലോക്കോ പൈലറ്റ് ആകണമെന്നൊന്നും ആഗ്രഹമുണ്ടായിരുന്നില്ല. കാര്‍ത്തിക പറയുന്നു.

തമിഴ്‌നാട് സ്വദേശികളാണ് അച്ഛനും അമ്മയും എങ്കിലും കാര്‍ത്തിക ഇടുക്കിയിലാണ് പഠിച്ചതും വളര്‍ന്നതുമെല്ലാം. കാമരാജ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിലാണ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് പഠിക്കുന്നത്. പഠനം കഴിഞ്ഞ് ക്യാമ്പസ് സെലക്ഷനിലൂടെ ജോലി ലഭിച്ചിരുന്നെങ്കിലും, ഗവണ്‍മെന്റ് ജോലി നേടണമെന്നുളള മോഹം കൊണ്ട് ആ ജോലി വേണ്ടെന്നും വെച്ചു. മെഡിസിന്‍ പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ പ്ലസ്ടുവിന് മാര്‍ക്ക് കുറച്ച് കുറവായിരുന്നു. അതുകൊണ്ട് അതിന് സാധിച്ചില്ല. പ്രൈവറ്റില്‍ പോയി പഠിക്കാനുള്ള ഒരു സാമ്പത്തിക സ്ഥിതിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് പിന്നീട് എഞ്ചിനീയറിങിന് ചേരുകയായിരുന്നു. അച്ഛന്റെ ഇഷ്ടമായിരുന്നു എഞ്ചിനീയറിങ്. പഠനത്തെക്കുറിച്ച കാര്‍ത്തിക പറയുന്നു.

എല്ലാവര്‍ക്കും ഇപ്പോള്‍ സന്തോഷമാണ്. പഠിക്കുന്ന കാലം മുതല്‍ തന്നെ വീട്ടില്‍ നിന്നായാലും കൂട്ടുകാരുടെ അടുത്തു നിന്നായാലും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ഇനിയും പരീക്ഷയെല്ലാമെഴുതി അടുത്ത ലെവലിലേക്ക് പോകണം എന്നാണ് ആഗ്രഹം. ഞങ്ങളുടെ പ്രദേശത്തു നിന്നും ഒത്തിരി പേരൊന്നും പരീക്ഷ എഴുതി ഗവണ്‍മെന്റ് ജോലിക്കൊന്നും പോകുന്നില്ല. ഇവിടെ നിന്നും കുട്ടികള്‍ പഠിക്കുകയും ജോലിക്ക് പോകുകയും വേണം. അതിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ട്. കാര്‍ത്തിക പറയുന്നു.

എന്റെ കുട്ടിക്ക് കിട്ടിയതില്‍ സന്തോഷമുണ്ടെനിക്ക്. ഈ തോട്ടം മേഖലയില്‍ ഇതുവരെ ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ഇതുപോലെ ഇവിടത്തെ മറ്റു കുട്ടികളും പഠിച്ച് ജോലി വാങ്ങണം എന്നാണ് എന്റെ ആഗ്രഹം. ഞങ്ങളുടെ കുട്ടികള്‍ക്ക് കോളേജില്‍ പോയി പഠിക്കാന്‍ പോലും സൗകര്യമില്ല. എത്ര ദൂരം പോകണമെന്നോ ഒന്ന് കോളേജില്‍ പോകണമെങ്കില്‍…അതുകൊണ്ടാണ് മോളെ തമിഴ് നാട്ടില്‍ കൊണ്ടുപോയി പഠിപ്പിച്ചത്. മോള്‍ക്ക് ഡോക്ടറാകണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അത് നടന്നില്ല. ഇപ്പോള്‍ ഒരു സര്‍ക്കാര്‍ ജോലിയൊക്കെയായല്ലോ… സന്തോഷമായി. കാര്‍ത്തികയുടെ അമ്മ മനോന്മണി തന്റെ സന്തോഷം അഴിമുഖവുമായി  പങ്കുവെച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മെമ്പറാണ് അമ്മ മനോന്മണി. അച്ഛന്‍ രാജന്‍, അനിയത്തി നന്ദിനി.

ജനുവരി 22 മുതല്‍ നാലുമാസക്കാലം തിരുച്ചിറപ്പള്ളിയിലാണ് കാര്‍ത്തികയ്ക്ക് ട്രെയ്നിങ് ഉണ്ടായിരിക്കുക. കാര്‍ത്തികയ്‌ക്കൊപ്പം നാട്ടിലെ കല്‍വികുമാറിനും ലോക്കോ പൈലറ്റ് ട്രൈനിങിന് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്.