ഒരു വര്‍ഷമായി മകളെ കാണാന്‍ ഭ‍ര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നു ഒയൂരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ തുഷാരയുടെ അമ്മ വിജയലക്ഷ്മി. മകളെ ഉപദ്രവിക്കുമെന്ന ഭയത്താലാണ് പരാതി നൽകാതിരുന്നതെന്നും അമ്മ  പറഞ്ഞു. തുഷാര കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിന് ഇരയായെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ ഭര്‍ത്താവ് ചന്തുലാലും അമ്മായിയമ്മ ഗീതലാലും റിമാന്‍ഡില്‍.

മരിക്കുമ്പോൾ തുഷാരയുടെ ഭാരം 20 കിലോഗ്രാം മാത്രം. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു ശരീരമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കരുനാഗപ്പള്ളിയിൽ ഭർതൃഗൃഹത്തിൽ യുവതി മരിച്ചതിനുപിന്നാലെ വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ടതിനെ തുടർന്നാണ് ഇരുപത്തിരണ്ടുകാരിയായ തുഷാര മരിക്കുന്നത്.

തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയും ചെയ്തു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു. വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും ജില്ലയിലെ തൃക്കരുവ വില്ലേജിൽ കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മൺവിള വീട്ടിൽ ആയിരുന്നു താമസം.അവിടെ ആഭിചാരക്രിയകൾ നടത്തുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉയർന്ന എതിർപ്പുകൾ കാരണം സ്ഥലവും വീടും വിറ്റാണ് ചെങ്കുളത്ത് താമസം ആക്കിയത്. ഇവിടെയും നാട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്.

വീടിനകത്ത് ചെറിയ പൂജ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കല്യാണം കഴിഞ്ഞിട്ട് മൂന്ന് പ്രാവശ്യം മാത്രമാണ് തുഷാര അവളുടെ വീട്ടിൽ പോയത്. ഇതിനിടയിൽ രണ്ട് കുട്ടികൾ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയിൽ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാൽ ബന്ധുക്കൾ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇതിനെത്തുടർന്ന് കുട്ടിയെ കാണിച്ചു. ഇനി ആരും തന്നെ കാണാൻ വരണ്ടെന്നും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും തുഷാര അറിയിച്ചതിനാൽ പിന്നീട് ബന്ധുക്കൾ ആരും തുഷാരയുടെ ഭർതൃവീട്ടിൽ പോയില്ല. ഈ സമയത്താണ് തുഷാരയോടുള്ള ക്രൂരതകൾ തുടർന്നത്. ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ ഇല്ലാതെ ന്യുമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെന്നു പൊലീസും അറിയിച്ചു.