കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് പോലീസ് കസ്റ്റഡിയില്‍. സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായ എ പീതാംബരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തില്‍ സിപിഎമ്മിന് കൃത്യമായ പങ്കുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ലോക്കല്‍ കമ്മറ്റി മെമ്പര്‍ പിടിയിലായിരിക്കുന്നത്. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം അതിക്രൂരമായ കൊല ചെയ്യപ്പെട്ടത്. സിപിഎമ്മിന് കൊലപാതകത്തില്‍ കൃത്യമായ പങ്കുണ്ടെന്ന് നേരത്തെ പോലീസ് എഫ്.ഐ.ആര്‍ വ്യക്തമാക്കിയിരുന്നു. കൃപേഷിനെയും ശരത് ലാലിനെയും നേരത്തെ വധിക്കുമെന്ന് സിപിഎം ഭീഷണി മുഴക്കിയിരുന്നതായി പോലീസിന് മൊഴിയും ലഭിച്ചിരുന്നു. നേരത്തെ സിപിഎം പ്രവര്‍ത്തകരുമായി ഇരുവരും സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നതായി കേസ് നിലനില്‍ക്കുന്നുണ്ട്.

കൊലപാതക കേസ് അന്വേഷിക്കുന്ന പോലീസ് ഒളിച്ചു കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു. പീതാബരനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കിയിട്ടുണ്ട്.