കണ്ണൂര്‍: കാസര്‍ഗോഡ് മണ്ഡലത്തിലെ 7 ബൂത്തുകളില്‍ റീ-പോളിംഗ് പുരോഗമിക്കുന്നു. കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം വന്‍ പോലീസ് സന്നാഹത്തെ റീ-പോളിംഗ് നടക്കുന്ന ബൂത്തുകളില്‍ നിയമിച്ചിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള കര്‍ശന നടപടി സ്വീകരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിട്ടുണ്ട്. ബൂത്തുകളില്‍ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പിലാത്തറയില്‍ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. വോട്ട് ചെയ്തശേഷം ശാലറ്റ് എന്ന സ്ത്രീ ബൂത്ത് പരിധിയില്‍ നിന്ന് പുറത്ത് പോയില്ലെന്ന് ആരോപിച്ച് സിപിഎം രംഗത്ത് വന്നതോടെയാണ് വാക്കേറ്റമുണ്ടായത്. കഴിഞ്ഞ തവണ ശാലറ്റിന്റെ വോട്ട് കള്ളവോട്ടായി മറ്റൊരാള്‍ രേഖപ്പെടുത്തുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവരെ പിന്നീട് പോലീസ് വാഹനത്തില്‍ ബൂത്തിന് പുറത്തേക്ക് കൊണ്ടുപോയി.

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വമാണ് പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാവുന്നത്. സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപിച്ച് ബി.ജെ.പിയും രംഗത്ത് വന്നിരുന്നു. അതേസമയം പ്രത്യാരോപണങ്ങളുമായി സിപിഎമ്മും രംഗത്ത് വന്നതോടെ കൂടുതല്‍ കള്ളവോട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തതായി തെളിവ് സഹിതം സിപിഎം പരാതി നല്‍കി. നിലവില്‍ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് റീ-പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.