ന്യൂഡല്‍ഹി:  കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ യുവാക്കളെ സുരക്ഷാ സേനയ്ക്ക് നേരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ച ചിത്രമാണ് മുകളിലുള്ളത്. ബുര്‍ഹാന്‍ വാനിയടക്കം 11 ഹിസ്ബുള്‍ ഭീകരര്‍ ആയുധവുമായി നില്‍ക്കുന്ന ചിത്രം. താഴ് വരയിലെ തീവ്ര ചിന്താഗതിക്കാരായ യുവാക്കള്‍ക്കിടയില്‍ ഇന്റര്‍നെറ്റില്‍ തരംഗമായി പ്രചരിച്ച ഈ ചിത്രം ഇന്ന് പക്ഷെ ഓര്‍മചിത്രമാണ്. ഇതിലെ 10 പേരും ഇന്ന് ജീവനോടെയില്ല. ഇവരെയെല്ലാം സൈന്യം ഒന്നൊഴിയാതെ ഏറ്റുമുട്ടലുകളില്‍ കൂടി വധിച്ചുകഴിഞ്ഞു. ജീവനോടെയുള്ള ഒരു ഭീകരന്‍ താരിഖ് പണ്ഡിറ്റ് മാത്രമാണ്‌. ഇയാള്‍ സൈന്യത്തിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു.

2015 ജൂണിലാണ് മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രം കശ്മീരില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. മുഖം മറയ്ക്കാതെ സധൈര്യം ക്യാമറയ്ക്ക് മുന്നില്‍ എത്തിയെങ്കിലും ഇവര്‍ കാണിച്ച സാഹസം സുരക്ഷാസേനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി തീര്‍ത്തുവെന്ന വേണം പറയാന്‍. ഈ ചിത്രത്തിലെ 11-ാമനായിരുന്ന സദ്ദാം ഹുസൈന്‍ പദ്ദര്‍ കഴിഞ്ഞ ദിവസം ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ ഹിസ്ബുളിന്റെ മുന്‍നിര കമാന്‍ഡര്‍മാര്‍ മിക്കവരും വധിക്കപ്പെട്ടു കഴിഞ്ഞു.

സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ആ ഭീകരര്‍ ഇവരൊക്കെയാണ്

ബുര്‍ഹാന്‍ വാനി (22): കശ്മീര്‍ ഭീകരവാദത്തിന്റെ പോസ്റ്റര്‍ ബോയ് എന്നാണ് ബുര്‍ഹാന്‍ വാനിയെ വിശേഷിപ്പിച്ചിരുന്നത്. 2016 ജൂലൈ എട്ടിന് ബുര്‍ഹാനടക്കം രണ്ട് ഭീകരരെ സൈന്യം അനന്ത്‌നാഗ്‌ ജില്ലയിലെ കൊകെര്‍നാഗില്‍ ഏറ്റുമുട്ടലില്‍ കൂടി കൊലപ്പെടുത്തി. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട കലാപം 100 പേരുടെ മരണത്തിനാണ് ഇടയാക്കിയത്. സൈന്യവുമായി ഏറ്റുമുട്ടിയ നിരവധി യുവാക്കള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.

അദില്‍ ഖാണ്ഡേ( 20): 2015 ഒക്ടോബര്‍ 22 നാണ് ഇയാളെ സൈന്യം വകവരുത്തിയത്. ഷോപിയാനില്‍ ഇയാളെ വെടിവെച്ച കൊന്നതിന് പിന്നാലെ കശ്മിരില്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിയല്‍ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നടന്നിരുന്നു.

നസീര്‍ പണ്ഡിറ്റ്( 29), വസീം മല്ല (27):  2016 ഏപ്രില്‍ ഏഴിന് ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെടുന്നത്. മുമ്പ് കശ്മീര്‍ സര്‍ക്കാരിലെ പിഡിപി മന്ത്രിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്നയാളായിരുന്നു നസീര്‍. ഇയാള്‍ പിന്നീട് രണ്ട് എകെ-47 തോക്കുകളുമായി കടന്നുകളഞ്ഞ് ഭീകരരോടൊപ്പം ചേരുകയായിരുന്നു.

അഫഖ് ഭട്ട് (25): 2015 ഒക്ടോബര്‍ 26 നാണ് ഇയാളെ പുല്‍വാമയില്‍ വെച്ച് സൈന്യം വധിച്ചത്. ജമ്മുകശ്മീരിലെ പോലീസുദ്യോഗസ്ഥന്റെ മകനായിരുന്നു.

സബ്‌സര്‍ ഭട്ട് (26): കശ്മീരിലെ യുവാക്കളെ സോഷ്യല്‍ മീഡിയ സ്വാധീനം ഉപയോഗിച്ച് ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നയാളാണ് സബ്‌സര്‍ ഭട്ട്. പുല്‍വാമയിലെ ത്രാലില്‍ വെച്ച് 2017 മെയ് 27നാണ് സൈന്യം ഇയാളെ വകവരുത്തുന്നത്.

അനീസ് (26): ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സൈന്യത്തിന്റെ പക്കല്‍ ഇപ്പോഴുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാളെയും സൈന്യം വകവരുത്തി.

ഇഷ്ഫാഖ് (23): പുല്‍വാമയില്‍ 2016 മെയ് ഏഴിന് നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. അന്ന് കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ഭീകരരെയും സുരക്ഷാ സേന വെടിവെച്ച് കൊന്നു. യുവാക്കളെ സോഷ്യല്‍ മീഡിയകള്‍ വഴി ഭീകരസംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന ഇഷ്ഫാഖ് സൈന്യത്തിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന ഭീകരനായിരുന്നു.

വസീം ഷാ (26):   ഗ്രൂപ്പ് ഫോട്ടോയില്‍ ഉണ്ടായിരുന്ന ഇയാള്‍ ഹിസ്ബുള്‍ മുജാഹിദിന്‍ വിട്ട് പിന്നീട് ലഷ്‌കര്‍ ഇ തോയ്ബയില്‍ ചേര്‍ന്നതും അതിന്റെ നേതൃസ്ഥാനങ്ങളിലേക്ക് കടന്നുവരുന്നതും. എന്നാല്‍ അധികം താമസിക്കാതെ പുല്‍വാമയില്‍ 2017 ഒക്ടോബര്‍ 14 ന് നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.

സദ്ദാം ഹുസൈന്‍ പദ്ദര്‍( 20): കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 2014 മുതല്‍ ഇയാള്‍ ഭീകസംഘടനയില്‍ സജീവമായിരുന്നു. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്. ഹിസ്ബുളിന്റെ ജില്ലാ കമാന്‍ഡറായി വളര്‍ന്ന സദ്ദാം പദ്ദര്‍ സുരക്ഷാ സേനയുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നയാളാണ്. ഇയാളുടെ തലയക്ക് 10 ലക്ഷം രൂപയാണ് സുരക്ഷാസേന പ്രഖ്യാപിച്ചിരുന്നത്.

കശ്മീരിലെ യുവാക്കളില്‍ സ്വാധീനം ചെലുത്താനുള്ള മനപ്പൂര്‍വമായ ശ്രമമായിട്ടാണ് ഈ ചിത്രം പ്രചരിപ്പിക്കപ്പെട്ടതെന്ന് സുരക്ഷാ ഏജന്‍സികള്‍ നേരത്തെ സംശയിച്ചിരുന്നു. എന്തായാലും വെല്ലുവിളിച്ച് വന്നവരെ മുന്ന് വർഷത്തിനുള്ളിൽ തീര്‍ത്ത സൈന്യം കഥയുടെ ക്ലൈമാക്‌സ് തന്നെ മാറ്റിയെഴുതിരിക്കുകയാണ്.