ഫ്‌ളോറിഡ: ഹാര്‍വി ചുഴലിക്കാറ്റ് സൃഷ്ടിച്ച കെടുതികളില്‍ നിന്ന് ഫ്‌ളോറിഡ കഷ്ടിച്ച് കരകയറി വരുന്നതിനിടെ ഇര്‍മ കൊടുങ്കാറ്റ് വീണ്ടും ഭീതി വിതയ്ക്കുന്നു. എന്നാല്‍ ഇര്‍മ മാത്രമല്ല അമേരിക്കയ്ക്ക് ഭീഷണിയാകുന്നതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ആറ് ദിവസത്തിനുള്ളില്‍ കാറ്റിയ എന്ന ചുഴലിക്കാറ്റും തീരത്തേക്ക് എത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുഎസ് നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍. കാറ്റഗറി 5ല്‍ പെട്ട ഇര്‍മ ആഞ്ഞടിക്കാനിരിക്കെ ഫ്‌ളോറിഡയില്‍ പലയിടത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു. കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശം വിതച്ചുകൊണ്ടാണ് ഇര്‍മ എത്തുന്നത്.

അമേരിക്കയിലും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലും എത്തിയ ശേഷം പ്യൂര്‍ട്ടോറിക്കോയിലേക്കായിരിക്കും ഇര്‍മയുടെ പ്രയാണം. 185 മൈല്‍ വേഗതയില്‍ കാറ്റടിക്കാനുള്ള സാധ്യതയാണ് ഇര്‍മ ഉയര്‍ത്തുന്നത്. ആന്റിഗ്വയിലും ബാര്‍ബുഡയിലും കനത്ത നാശനഷ്ടങ്ങളാണ് ഇര്‍മ വരുത്തിയത്. മെക്‌സിക്കന്‍ തീരത്താണ് കാറ്റിയ പിറവിയെടുത്തിരിക്കുന്നത്. 120 കിലോമീറ്റര്‍ വേഗതയിലുള്ള കൊടുങ്കാറ്റാണ് കാറ്റിയ കൊണ്ടുവരുന്നത്. വരുന്ന 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും യുഎസ് നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ വ്യക്തമാക്കി.

അറ്റ്‌ലാന്റിക്കിലെ ഉഷ്ണവാത പ്രവാഹങ്ങളിലൊന്നായ ജോസ് ഒരു ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിട്ടുണ്ടെന്നും യുഎസ് നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫ്‌ളോറിഡയിലേക്ക് തന്നെ നീങ്ങുന്ന ജോസ് ഇര്‍മയുടെ പാത പിന്തുടര്‍ന്ന് കരീബീയനിലൂടെയായിരിക്കും എത്തുകയെന്നാണ് കരുതുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഹറിക്കെയ്ന്‍ സെന്റര്‍ നല്‍കിയിട്ടില്ല.