സണ്ണിമോന്‍ മത്തായി

ക്രിസ്തുമസും പുതുവത്സരവും സമുചിതമായി ആഘോഷിച്ച് വാറ്റ് ഫോര്‍ഡ് മലയാളികള്‍. യുകെയിലെ പ്രമുഖ മലയാളി സംഘടനയായ കെസിഎഫ് വാറ്റ് ഫോര്‍ഡിന്‍റെ ആഭിമുഖ്യത്തിലാണ് വാറ്റ് ഫോര്‍ഡ് മലയാളികളുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് ഹോളി വെല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍. വാറ്റ്ഫോര്‍ഡ് മലയാളികളുടെയും പുറത്ത് നിന്ന് എത്തിയവരുടെയും ഉള്‍പ്പെടെ നിരവധി കലാപരിപാടികള്‍ ചടങ്ങില്‍ അരങ്ങേറി.

കെസിഎഫ് വാറ്റ്ഫോര്‍ഡ് ചെയര്‍മാന്‍ സണ്ണിമോന്‍ പി മത്തായിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. ഷിനോ കുര്യന്‍ (ലോയേഴ്സ് പോയിന്‍റ് സോളിസിറ്റര്‍സ്), പ്രദീപ്‌ മയില്‍വാഹനന്‍, ഡോട്ടി ദാസ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. മികച്ച സോഷ്യല്‍ വര്‍ക്കര്‍ ആയ ജോണ്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. സുജു ഡാനിയേല്‍ യോഗത്തില്‍ സ്വാഗതം ആശംസിച്ചു. കിരണ്‍ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും മുന്‍ഗണന കൊടുക്കുന്ന സംഘടനയായ കെസിഎഫ് കഴിഞ്ഞ വര്‍ഷം 2500പൗണ്ടിലധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തിരുന്നു. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൂരജ് പാലാക്കാരന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയ്ക്ക് 1200 പൗണ്ടും തണല്‍ ക്യാന്‍സര്‍ കെയര്‍ സെന്ററിനു 300പൗണ്ടും  യുകെയില്‍ വച്ച് മരണമടഞ്ഞ ശിവപ്രസാദിന്റെ കുടുംബത്തിന് 525പൗണ്ടും പീസ്‌ ഹോസ്പൈസ് എന്ന സംഘടനയ്ക്ക് 501പൗണ്ടും 2017ല്‍ കെസിഎഫ് സംഭാവനയായി നല്‍കിയിരുന്നു.

പ്രീതിയുടെ അവതരണ മികവില്‍ ഡ്രീംസ് ഓര്‍ക്കസ്ട്ര നടത്തിയ ഗാനമേളയും വാറ്റ്ഫോര്‍ഡിലെ കലാകാരന്മാരുടെയും കലാകാരികളുടെയും മികച്ച കലാപ്രകടനങ്ങളും പരിപാടിക്ക് കൊഴുപ്പേകി. സണ്ണിമോന്‍ മത്തായി, ടോമി ജോസഫ്, സിബി ജോണ്‍, സിബി തോമസ്‌, സിവി ജോസഫ്, അനൂപ്‌ ജോസഫ്, സുജു ഡാനിയേല്‍, കിരണ്‍ ജോസഫ്, റാണി ജോസ്, റാണി സുനില്‍, ചാള്‍സ് മാണി, മാത്യു സെബാസ്റ്റ്യന്‍ എന്നിവര്‍ ആണ് കെസിഎഫ് വാറ്റ് ഫോര്‍ഡിന്റെ ട്രസ്റ്റിമാര്‍.

മലയാളം യുകെ ഓണ്‍ലൈന്‍ പത്രം പ്രസിദ്ധീകരിച്ച കലണ്ടര്‍ വാറ്റ്ഫോര്‍ഡിലെ എല്ലാ കുടുംബങ്ങളിലും സൗജന്യമായി എത്തിച്ച് കൊടുക്കാനും കെസിഎഫ് മുന്‍കൈയെടുത്തു. ടോജോ കുര്യാക്കോസ് ഹെയ്സില്‍ എന്നിവര്‍ സിബി തോമസില്‍ നിന്നും കലണ്ടര്‍ ഏറ്റുവാങ്ങിയതിലൂടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.